കട തുറക്കുന്നില്ലേല്‍ ബീവറേജും വേണ്ട, ഷട്ടറിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം

കട തുറക്കുന്നില്ലേല്‍ ബീവറേജും വേണ്ട, ഷട്ടറിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിലുള്ള വ്യാപാരികളുടെ പ്രതിഷേധത്തെ പിന്തുണച്ച് യൂത്ത് ലീഗ്. മദ്യവില്‍പ്പന കേന്ദ്രങ്ങളും ബാറുകളും തുറക്കുകയും കടകള്‍ തുറക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് നീതികേടാണെന്ന് യൂത്ത് ലീഗ്. കടകള്‍ തുറക്കുന്നില്ലെങ്കില്‍ ബെവ്‌കോ ഔട്ട്‌ലൈറ്റും തുറക്കാന്‍ അനുവദിക്കില്ലെന്നും യൂത്ത് ലീഗ്.

മലപ്പുറം മുണ്ടുപറമ്പ് ബൈപാസിലെ ബെവ്‌കോ മദ്യവില്‍പ്പനശാലയുടെ ഔട്ട്‌ലൈറ്റിന്റെ ഷട്ടറുകളിട്ട് താഴിട്ട് പൂട്ടിയാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. തടയാന്‍ പൊലീസെത്തിയതിന് പിന്നാലെ ഉന്തും തള്ളുമുണ്ടായി.

14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി

കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും വ്യാപാരികളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് എല്ലാ കടകളും നാളെ തന്നെ തുറക്കുമെന്ന നിലപാടിൽ ഉറച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും തടയാൻ പൊലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്നും വ്യാപാരികൾ വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് കോഴിക്കോട് കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി വ്യക്തമാക്കി. ഇക്കാര്യം കര്‍ശനമായി വ്യാപാരികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. സിപിഎമ്മിന്‍റെ മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ് കോയയാണ് കട തുറക്കുന്ന പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ കടകള്‍ തുറക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത് .

കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതിയുടെ തീരുമാനത്തില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് വികെസി മമ്മദ് കോയ കുറ്റപ്പെടുത്തി. എല്ലാ ദിവസവും കടകള്‍ തുറക്കുന്ന രീതിയില്‍ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു തിരുവന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in