വയനാട് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല; 'ഭൂമി' പദ്ധതിയിലൂടെ ശേഖരിച്ചത് 80 ടൺ ഇ-മാലിന്യം

വയനാട് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല; 'ഭൂമി' പദ്ധതിയിലൂടെ ശേഖരിച്ചത് 80 ടൺ ഇ-മാലിന്യം
Published on: 

പരിസ്ഥിതി സംരക്ഷണ രംഗത്ത് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് വയനാട്. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് പ്രഖ്യാപിക്കപ്പെട്ടു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവിഷ്കരിച്ച് നടപ്പിലാക്കിയ 'ഭൂമി' പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം സംഘടിപ്പിച്ച പ്രത്യേക ഇ-മാലിന്യ ശേഖരണ യജ്ഞത്തിലൂടെ ഒക്ടോബർ 30 വരെ 80 ടൺ ഇലക്ട്രോണിക് മാലിന്യമാണ് ശേഖരിച്ചത്. 23 ഗ്രാമപഞ്ചായത്തുകളും 3 നഗരസഭകളും പദ്ധതിയുടെ ഭാഗമായി. സർക്കാർ സ്ഥാപനങ്ങൾ, വീടുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇ-മാലിന്യങ്ങൾ ശേഖരിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ തുടർസംസ്കരണത്തിനായി അംഗീകൃത സംവിധാനങ്ങൾക്ക് കൈമാറും. 

മാതൃകയായി നൂൽപ്പുഴ

2026 സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 31 വരെ നീണ്ടുനിന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 184 സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് മാത്രം 31 ടണ്ണിലധികം ഇ-മാലിന്യം ശേഖരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളെയും സമ്പൂർണ്ണ ഇ-മാലിന്യമുക്ത ഓഫീസുകളായി പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയിൽ ഏറ്റവും ഉയർന്ന ശേഖരണം രേഖപ്പെടുത്തിയത് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലാണ്. 5,423 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ച നൂൽപ്പുഴയെ 2026 ഒക്ടോബർ 27-ന് ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.

ഏകോപനവും ജനപങ്കാളിത്തവും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, വിവിധ സർക്കാർ വകുപ്പുകൾ, ഹരിതകർമസേന, വിശ്വശാന്തി ഫൗണ്ടേഷൻ, ഗ്രീൻവേംസ്, കോനാരിസ്, റോയൽ എം.ആർ.സി, ഇ ക്ലീൻ കേരള കമ്പനി, ഇ.വൈ.ജി.ഡി.എസ് തുടങ്ങിയ ശേഖരണ-സംസ്കരണ പങ്കാളികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തമാണ് പദ്ധതി വിജയകരമാക്കിയത്. പദ്ധതി ഏകോപനത്തിനായി മന്ത്രിയുടെ നേതൃത്വത്തിൽ 30-ലധികം ഔദ്യോഗിക യോഗങ്ങൾ ചേരുകയും, പ്രചാരണാർത്ഥം 70-ലധികം ബോധവൽക്കരണ പോസ്റ്ററുകളും 12-ലധികം വീഡിയോകളും നിർമ്മിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

അപകടകരമായ രാസ മലിനീകരണത്തിൽ നിന്ന് കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനാണ് ഇ-മാലിന്യമുക്ത പദ്ധതി നടപ്പിലാക്കിയതെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഇ-മാലിന്യങ്ങൾ അശാസ്ത്രീയമായി നിക്ഷേപിക്കുമ്പോൾ ലെഡ്, കാഡ്മിയം തുടങ്ങിയ വിനാശകരമായ ഘടകങ്ങൾ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും കലരുന്നത് തടയാൻ ശാസ്ത്രീയ സംസ്കരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം-12 (ഉത്തരവാദിത്തപരമായ ഉപഭോഗവും ഉൽപ്പാദനവും) മുൻനിർത്തിയാണ് പ്രവർത്തനം.

വിട്ടുപോയവർക്ക് നവംബർ 10 വരെ അവസരം

ഹരിത കർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും വീടുകളിലും സ്ഥാപനങ്ങളിലും എത്തിയപ്പോൾ നൽകാൻ കഴിയാതെ പോയവർക്കായി നവംബർ 10 വരെ തുടർ അവസരം ഒരുക്കിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അറിയിച്ചു.

കോൾ സെന്റർ സംവിധാനം: ഇതിനായി വയനാട് കളക്ടറേറ്റിൽ പ്രത്യേക കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു.
പരാതി പരിഹാര നമ്പർ: 8078409770