മിഷ്‌കിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി തുപ്പരിവാലന്‍ തട്ടിയെടുത്തു, ഫോണ്‍ റെക്കോര്‍ഡ് കേട്ടിരുന്നുവെന്ന് നിര്‍മ്മാതാവ്

മിഷ്‌കിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി തുപ്പരിവാലന്‍ തട്ടിയെടുത്തു, ഫോണ്‍ റെക്കോര്‍ഡ് കേട്ടിരുന്നുവെന്ന് നിര്‍മ്മാതാവ്

മിഷ്‌കിന്‍-വിശാല്‍ തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവും സംവിധായകനുമായ കെ. രാജന്‍. വിശാല്‍ മിഷ്‌കിനെ ഭീഷണിപ്പെടുത്തിയതും, അമ്മയെ വേശ്യയെന്ന് അധിക്ഷേപിക്കുന്നതുമായ ഫോണ്‍ ശബ്ദരേഖ കേട്ടിരുന്നതായി കെ രാജന്‍. തന്നെയും ഭാരതിരാജയെയും മിഷ്‌കിന്‍ തെളിവുകള്‍ കാണിച്ചിരുന്നതായും രാജന്‍. ഇല്ലാതാക്കിക്കളയും എന്ന ഭീഷണിയെ തുടര്‍ന്നാണ് തുപ്പരിവാലന്‍ രണ്ടാം ഭാഗം വിശാലിന് കൈമാറിയതെന്നും രാജന്‍ പറയുന്നു. വിശാല്‍ അമ്മയെ അധിക്ഷേപിച്ചെന്നും, അനിയനെ തല്ലിയെന്നും മിഷ്‌കിന്‍ നേരത്തെ പറഞ്ഞിരുന്നു. വിശാലിനെതിരെ എല്ലാ തെളിവുകളും പക്കലുണ്ടെന്നായിരുന്നു മിഷ്‌കിന്‍ അവകാശപ്പെട്ടിരുന്നത്. മിഷ്‌കിന്റെ കാലില്‍ വീണ് മാപ്പപേക്ഷിച്ചാല്‍ മാത്രമേ വിശാലിന് തുപ്പരിവാലന്‍ ടു സംവിധാനം ചെയ്യാനുള്ള അനുമതി ചലച്ചിത്ര സംഘടനകള്‍ നല്‍കാന്‍ പാടുള്ളൂ എന്നും രാജന്‍ ഇന്ത്യാഗ്ലിറ്റ്‌സ് അഭിമുഖത്തില്‍ പറയുന്നു.

വിശാലിനെതിരെ ഗുരുതര ആരോപണങ്ങള്‍

മിഷ്‌കിനും വിശാലുമായി ഉണ്ടായിരുന്നത് പണത്തെ ചൊല്ലിയുള്ള പ്രശ്‌നം അല്ല. ഷൂട്ടിനിടയില്‍ തെന്നി വീണതിനാല്‍ മിഷ്‌കിന് കാലിന് പരുക്കേറ്റിരുന്നു. അതും വച്ചാണ് മിഷ്‌കിന്‍ 32 ദിവസം ചിത്രീകരിച്ചത്. തുടക്കം മുതല്‍ മിഷ്‌കിന്‍ മാനസിക പീഢനം നേരിട്ടിരുന്നു. വിശാലിനൊപ്പം രമണ, നന്ദ എന്നീ രണ്ട് സുഹൃത്തുക്കളുണ്ട്. രമണ മദ്യപിച്ച് ലണ്ടനില്‍ ഉള്ള ഒരു പെണ്‍കുട്ടിയെ ആക്രമിച്ചു. അവരുടെ പരാതിയില്‍ രമണയെ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു. അതിന് തെളിവുകളുണ്ട്. വിശാല്‍ ആര്‍ക്ക് മുന്നിലും തലകുനിക്കില്ല, വിശാലിന് മുന്നില്‍ എല്ലാവരും തലകുനിക്കണം എന്നാണ് നിലപാട്. പണം മുടക്കുന്നത് വിശാല്‍ ആയിരിക്കാം പക്ഷേ മിഷ്‌കിന്‍ ആണ് സംവിധായകന്‍. അദ്ദേഹം ചെയ്യുന്ന കാര്യത്തില്‍ വിശാല്‍ അനാവശ്യമായി തലയിടരുതായിരുന്നു.

സംവിധായകന് വേണ്ടതാണ് ശിവാജി ഗണേശനും രജനികാന്തും നല്‍കിയിരുന്നത്. അയോഗ്യ എന്നൊരു സിനിമ വിശാല്‍ ചെയ്തിരുന്നു. ആ സിനിമയുടെ നിര്‍മ്മാതാവ് വമ്പന്‍ സെറ്റ് ഒരുക്കി നാനൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി വിശാലിന് വേണ്ടി എത്രയോ ദിവസം കാത്തിരുന്നു. നടികര്‍ സംഘം, പ്രൊഡ്യൂസര്‍ കൗണ്‍സില്‍ എന്നൊക്കെ പറഞ്ഞായിരുന്നു വിശാല്‍ ഷൂട്ടിന് വരാതെ നിര്‍മ്മാതാവിന്റെ പണം നഷ്ടപ്പെടുത്തിയിരുന്നത്. അയോഗ്യ എന്ന സിനിമയില്‍ വിശാലിന് ആറ് കോടിയായിരുന്നു ശമ്പളം. എന്നിട്ടാണ് ഷൂട്ട് ചെയ്യാന്‍ വരാതിരുന്നത്. ഷൂട്ട് ചെയ്യാന്‍ വരണമെങ്കില്‍ എട്ട് കോടി വേണമെന്ന് പറഞ്ഞു. ആദ്യത്തെ എഗ്രിമെന്റ് വിശാല്‍ കീറിക്കളഞ്ഞു.

മിഷ്‌കിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി തുപ്പരിവാലന്‍ തട്ടിയെടുത്തു, ഫോണ്‍ റെക്കോര്‍ഡ് കേട്ടിരുന്നുവെന്ന് നിര്‍മ്മാതാവ്
മിഷ്‌കിനെതിരെ വെളിപ്പെടുത്തലുമായി വിശാല്‍, ‘സ്വന്തം കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുന്ന പ്രവര്‍ത്തി’

തുപ്പരിവാലന്‍ സെക്കന്‍ഡിന് മിഷ്‌കിന്‍ 32 ലക്ഷം വാങ്ങിയെന്ന് പറയുന്നത് തെറ്റാണ്. അദ്ദേഹം വാങ്ങിയത് ഏഴ് ലക്ഷം മാത്രമാണ് അതിന് തെളിവുണ്ട്. മിഷ്‌കിന്റെ അമ്മയെ വേശ്യയെന്ന് വിശാല്‍ വിളിക്കുന്ന ഓഡിയോ ഞാന്‍ കേട്ടിരുന്നു. ഞാന്‍ മാത്രമല്ല സംവിധായകന്‍ ഭാരതിരാജയും അത് കേട്ടതാണ്. മിഷ്‌കിന്റെ ഫോണില്‍ ഈ ഓഡിയോ റെക്കോര്‍ഡ് ഉണ്ട്. മിഷ്‌കിന്‍ സംയമനത്തോടെ സംസാരിക്കുമ്പോള്‍ വിശാല്‍ രോഷാകുലനായാണ് സംസാരിക്കുന്നത്. വിശാല്‍ നിന്നെ തുലച്ചിടുമെന്നാണ് മിഷ്‌കിനോട് പറയുന്നത്. ഇങ്ങനെ ഭീഷണി വന്നപ്പോഴാണ് തുപ്പരിവാലന്‍ സെക്കന്‍ഡിന്റെ എല്ലാ അവകാശവും വിശാലിന് എഴുതിക്കൊടുത്തത്. പോലീസിനെ ഇപ്പോള്‍ സമീപിക്കേണ്ട, സംവിധായകരുടെ സംഘടനയിലും, നിര്‍മ്മാതാക്കളുടെ സംഘടനയിലും ആദ്യം പോകാമെന്ന് ഞങ്ങളാണ് പറഞ്ഞത്. അമ്മയെ അധിക്ഷേപിച്ചാല്‍ എങ്ങനെ ഒരാള്‍ പൊറുക്കും.

മിഷ്‌കിന്റെ പ്രസംഗം

തുപ്പരിവാലന്‍ രണ്ടാം ഭാഗം ഞാന്‍ സഹോദരനായി കരുതിയിരുന്ന വിശാലിന് വേണ്ടിയാണ് ചെയ്തത്. തമിഴകം ഒന്നാകെ മോശക്കാരനായി കണ്ടപ്പോഴും അയാളെ സ്വന്തം സഹോദരനേക്കാള്‍ തോളോട് ചേര്‍ത്തിരുന്നയാളാണ് ഞാന്‍. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ക്ലൈമാക്‌സ് ഫൈറ്റ് ആറ് മണിക്കൂര്‍ കൊണ്ട് തീര്‍ത്താണ് തുപ്പരിവാലന്‍ ആദ്യഭാഗം റിലീസ് ചെയ്തത്. തുടര്‍ച്ചയായി വിശാലിന്റെ മൂന്ന് സിനിമ ഫ്‌ളോപ്പായിരുന്ന സമയത്താണ് തുപ്പരിവാലന്‍ വന്‍വിജയമായത്. മൂന്ന് കോടി രൂപയാണ് ആ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചത്. തുപ്പരിവാലന്‍ ടു പാന്‍ ഇന്ത്യന്‍ സിനിമയാക്കാമെന്നായിരുന്നു ആലോചിച്ചിരുന്നത്. ആ കഥ പൂര്‍ത്തിയായപ്പോള്‍ 20 കോടിയില്‍ പൂര്‍ത്തിയാക്കാനായി ഒരു നിര്‍മ്മാതാവും വന്നു. കഥ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. എനിക്ക് അഡ്വാന്‍സ് തന്നു. കൊഹിനൂര്‍ ഡയമണ്ടുമായി ബന്ധപ്പെട്ടായിരുന്നു ആ സിനിമ. സൗത്ത് ഇന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും സ്വീകാര്യത കിട്ടുമെന്നത് മുന്‍നിര്‍ത്തിയായിരുന്നു ആ സിനിമ. വിശാലിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. കണ്ണ് നിറഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു ഈ സിനിമ കൊണ്ട് എന്റെ എല്ലാ കടവും വീട്ടുമെന്ന് പറഞ്ഞു. മൂന്നാം ദിവസം ഈ സിനിമ ഞാന്‍ നിര്‍മ്മിക്കാമെന്ന് വിശാല്‍ പറഞ്ഞു. അന്ന് തുടങ്ങിയതാണ് എന്റെ തലവിധി. നിനക്ക് കടമുള്ളത് കൊണ്ട് ഈ സിനിമ നിര്‍മ്മിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. സിനിമ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് ഇരുപത് കോടിയെങ്കിലും ആകും. അടുത്ത സിനിമയായ ആക്ഷന്‍ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടുമെന്നും ഞാന്‍ പറഞ്ഞു. ഇത് തുപ്പരിവാലന്‍ ത്രീ ആയി ചെയ്യാം. തുപ്പരിവാലന്‍ സെക്കന്‍ഡ് ചെന്നൈയില്‍ നടക്കുന്ന രീതിയില്‍ 10 കോടിക്ക് പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞു. തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് ലക്ഷമാണ് ചെലവഴിച്ചത്. 35 ലക്ഷം ചെലവാക്കിയെന്നാണ് വിശാലിന്റെ ആരോപണം. അത് അദ്ദേഹം തെളിയിക്കട്ടെ. 13 കോടി രൂപ ഇതുവരെ ചെലവാക്കിയെന്നാണ് വിശാല്‍ പറഞ്ഞത്. അതിനും അദ്ദേഹം തെളിവ് പുറത്തുവിടട്ടേ. യുകെയില്‍ പുട്ടൂര്‍ അമ്മന്‍ എന്ന കമ്പനിയെയാണ് നിര്‍മ്മാണം ഏല്‍പ്പിച്ചത്. ആ കമ്പനിക്ക് എത്ര രൂപ വിശാല്‍ ഫിലിം ഫാക്ടറി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കിയാല്‍ കാര്യങ്ങള്‍ അറിയാം. ഞാന്‍ മകനായും അനിയനായും കണക്കാക്കിയവന്‍ എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചു. ഞാന്‍ അവന് എന്ത് ദ്രോഹമാണ് ചെയ്തത്. നല്ല കഥ എഴുതിക്കൊടുത്തത് ആണോ ഞാന്‍ ചെയ്തതാണോ തെറ്റ്. ഒരു പ്രൊഡ്യൂസറും എനിക്ക് സിനിമ കൊടുക്കരുതെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ ഒരു നിര്‍മ്മാതാവിന്റെ മകനാണ്, ഞാന്‍ ദരിദ്രനായ ഒരു തയ്യല്‍ക്കാരന്റെ മകനും. ഒരു വെള്ള പേപ്പറും പെന്‍സിലും കിട്ടിയാല്‍ എനിക്ക് കഥ എഴുതാനാകും. അതുമല്ലെങ്കില്‍ സിനിമാ പഠിപ്പിക്കാനാകും. എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. എട്ട് മാസം ആലോചിച്ച്, 32 ദിവസം ഷൂട്ട് ചെയ്ത സിനിമയുടെ സംവിധാനമാണ് ഞാന്‍ കൈമാറിയത്. നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനയില്‍ ഞാന്‍ പരാതിയുമായി പോയിരുന്നെങ്കില്‍ അവന്‍ ഇന്ന് പോസ്റ്റര്‍ ഇറക്കുമായിരുന്നോ?. അവന്‍ ഇപ്പോള്‍ അഭിനയിക്കുന്ന എന്ന സിനിമ പ്രശ്‌നത്തിലായപ്പോള്‍ ഞാനാണ് കഥ മാറ്റിയത്. അതിന് ശേഷമാണ് ചക്ര എന്ന് ആ സിനിമക്ക് പേരിട്ടത്. ഇവന് ടോള്‍സ്‌റ്റോയി ആരാണെന്ന് അറിയാമോ, പൊറുക്കി പയ്യനാണ് അവന്‍. നീ എംജിആറോ കലൈഞ്ജറോ അല്ല വെറും പൊറുക്കി പയ്യനാണ്. നീ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ എന്താണ് ചെയ്തത്. നിന്നെ ഈ സമൂഹം കാണുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in