പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവന്‍ രക്ഷിച്ച കുട്ടി, രാജ്യത്താദ്യം ധീരതാ പുരസ്‌കാരം നേടിയ ഹരീഷ് മെഹ്‌റ

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവന്‍ രക്ഷിച്ച കുട്ടി, രാജ്യത്താദ്യം ധീരതാ പുരസ്‌കാരം നേടിയ ഹരീഷ് മെഹ്‌റ

1957 ഒക്ടോബര്‍ 2. ഡല്‍ഹി രാംലീല മൈതാനത്ത് രാംലീല ആഘോഷങ്ങള്‍ നടക്കുന്നു.രാമായണത്തിലെ ഭാഗങ്ങള്‍ നാടകരൂപത്തില്‍ വേദിയില്‍ അവതരിപ്പിക്കുന്നതടക്കമുള്ള പരിപാടികളാണ് അരങ്ങേറുന്നത്. അതിഥികളായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും. പ്രധാനമന്ത്രി എത്തുന്നതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ചടങ്ങിന്റെ ക്രമീകരണങ്ങള്‍ക്കായി വിന്യസിക്കപ്പെട്ട സ്‌കൗട്ട് വിംഗിലെ അംഗമായിരുന്നു 14 കാരന്‍ ഹരീഷ് മെഹ്‌റ.

അതിഥികളടക്കം നിറയെ ആളുകളുള്ള പന്തലിന് (ഷാമിയാന) സമീപമായിരുന്നു ചുമതല. ചടങ്ങിന്റെ ഭാഗമായി പടക്കംപൊട്ടിച്ചതില്‍ നിന്നുള്ള തീപ്പൊരി ചിതറി പന്തലിന് തീപ്പിടിച്ചു. ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. ഇതോടെ ഹരീഷ് പന്തലിലേക്ക് ഓടിച്ചെന്ന്‌ തിരക്കിനിടയിലൂടെ നെഹ്‌റുവിന് സുരക്ഷിതസ്ഥാനമായ വേദിയിലേക്ക് വഴിയൊരുക്കി. അദ്ദേഹത്തിന്റെ കയ്യില്‍പ്പിടിച്ച് വഴികാട്ടി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവന്‍ രക്ഷിച്ച കുട്ടി, രാജ്യത്താദ്യം ധീരതാ പുരസ്‌കാരം നേടിയ ഹരീഷ് മെഹ്‌റ
ആ മഹാക്ഷേത്രങ്ങളിൽ ബാക്കിയുള്ളത് കൂടി സ്വകാര്യ മേഖലക്ക്‌ വിറ്റഴിക്കുമ്പോഴാണ്, നെഹ്‌റു അത്രമേൽ പ്രസക്തനാകുന്നത്

പന്തല്‍ വലിച്ചുകെട്ടിയത് ഒരു ഇലക്ട്രിക് പോസ്റ്റിലായിരുന്നു. 20 അടി ഉയരമുള്ള പോസ്റ്റില്‍ ഹരീഷ് അള്ളിപ്പിടിച്ചുകയറി. സ്‌കൗട്ട് യൂണിഫോമിനൊപ്പമുണ്ടായിരുന്ന കത്തിയെടുത്ത് പന്തലിന്റെ കയര്‍ അറുത്ത് വലിയ അപകടം ഒഴിവാക്കി. എന്നാല്‍ അതിനിടെ കൈ ഇലക്ട്രിക് കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് താഴെവീഴുകയും ചെയ്തു. കൈക്ക് പൊള്ളലേറ്റു. തുടര്‍ന്ന് ജെപി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ത്തുകെട്ടിയ കയര്‍ അറുത്തുമാറ്റിയത് അഗ്നിബാധ നിയന്ത്രിക്കാനും വലിയ അപകടമാകാതിരിക്കാനും തുണയായി.

ഇത്തരത്തില്‍ ആപത്ഘട്ടത്തില്‍ സ്വന്തം ജീവന്‍ പോലും മറന്ന് ഹരീഷ് നടത്തിയ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ ധീരതയ്ക്കുള്ള പുരസ്‌‌കാരം നല്‍കി. അങ്ങനെ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് ഹരീഷില്‍ നിന്ന് തുടക്കമായി. 16 വയസ്സിന് താഴെയുള്ള 25 പേര്‍ക്ക് രാജ്യം ഇന്നും അവാര്‍ഡ് നല്‍കുന്നു. 1958 ഫെബ്രുവരി 3 ന്‌ തീന്‍ മൂര്‍ത്തി ഭവനില്‍ നെഹ്‌റുവില്‍ നിന്നുതന്നെ അംഗീകാരം ഏറ്റുവാങ്ങി.

ഇന്ദിരാഗാന്ധിയാണ് ഹരീഷിനെ സദസ്സിന് പരിചയപ്പെടുത്തിയത്. 1958 ജനുവരി 26 ന് റിപ്പബ്ലിക് പരേഡില്‍ പങ്കാളിയായ ആദ്യ സിവിലയനുമായിരുന്നു ഹരീഷ് മെഹ്‌റ. നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച ആശയാദര്‍ശങ്ങളും മൂല്യങ്ങളും രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്നാണ് ചാന്ദ്‌നി ചൗക്ക് നിവാസിയായ അദ്ദേഹം എന്നും പറയുന്നത്.

The KId who save Jawahar lal Nehru's Life, Harish Chandra Mehra

Related Stories

No stories found.
logo
The Cue
www.thecue.in