
ദ ക്യു'വിന് ഗൂഗിളിന്റെ പിന്തുണ. ഗൂഗിള്‍ ന്യൂസിന്റെ ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ടിന് ദ ക്യു തെരഞ്ഞെടുക്കപ്പെട്ടു. 100 രാജ്യങ്ങളില്‍ നിന്നായി 12,000 സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളുടെ അപേക്ഷകളില്‍ നിന്നാണ് ദ ക്യു ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഗൂഗിള്‍ ന്യൂസ് ഇ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. മികച്ച പ്രതികരണമാണ് ഗൂഗിള്‍ ന്യൂസ് ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് സംരംഭത്തിന് ലഭിച്ചതെന്നും ഗൂഗിള്‍ ന്യൂസ് ഇനിഷ്യറ്റിവ് ടീം വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സ്ഥാപനമായ ഗൂഗിള്‍ നേതൃത്വം നല്കുന്ന ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ്, കൊവിഡ് 19 നേരിടാന്‍ ലോകമെങ്ങുമുള്ള സ്വതന്ത്ര പ്രാദേശിക മാധ്യമങ്ങളെ സഹായിക്കാനായി രൂപീകരിച്ച പദ്ധതിയാണ് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ് ജേണലിസം എമര്‍ജന്‍സി ഫണ്ട്.
2019ലാണ് ഫാക്സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ദ ക്യു പ്രവര്‍ത്തനമാരംഭിച്ചത്. 2020ലെ മാക്സ് വെല്‍ ഫെര്‍ണാണ്ടസ് ജേണലിസം അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം ദ ക്യു'വിന് ലഭിച്ചിരുന്നു. മികച്ച രീതിയില്‍ ഉയര്‍ന്നുവരുന്ന മാധ്യമമെന്ന നിലയിലാണ് ദ ക്യുവിന് പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നത്. ദ ക്യു'വിന്റെ ഘടനയിലും എഡിറ്റോറിയല്‍ ഉള്ളടക്കത്തിലുമുള്ള പുതുമയും മള്‍ട്ടീമീഡിയ സാധ്യതകളുടെ കാര്യക്ഷമമായ പ്രയോഗവും ശ്രദ്ധേയമാണെന്ന് ജൂറി വിലയിരുത്തിയിരുന്നു.