'ന്യൂനപക്ഷ മതഭീകരരില്‍ നിന്ന് ഭീഷണി, സുനില്‍ പി.ഇളയിടത്തിനൊപ്പം സാംസ്‌കാരിക കേരളം ഒന്നിച്ച് നില്‍ക്കണമെന്ന്' പു.ക.സ

'ന്യൂനപക്ഷ മതഭീകരരില്‍ നിന്ന് ഭീഷണി, സുനില്‍ പി.ഇളയിടത്തിനൊപ്പം സാംസ്‌കാരിക കേരളം ഒന്നിച്ച് നില്‍ക്കണമെന്ന്' പു.ക.സ

താലിബാനെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി ഇളയിടത്തിന് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അദ്ദേഹം കേരളത്തിലെ ന്യൂനപക്ഷ മതഭീകരരില്‍ നിന്നും ഭീഷണി നേരിടുകയാണെന്നും 'താലിബാനെ വിമര്‍ശിക്കുന്നവര്‍ യു.പി.യില്‍ പോയി ജീവിക്കണം' എന്ന മട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു. പല തലങ്ങളിലുള്ള ഒരു യുദ്ധമുന്നണിയാണ് അദ്ദേഹത്തിനെതിരെ രൂപപ്പെട്ടിരിക്കുന്നത്. തെറിയും കൊലവിളിയും നടത്താന്‍ സമൂഹമാധ്യമപ്പോരാളികളുണ്ടെന്നും പുകസ പ്രസ്താവനയില്‍ പറയുന്നു.

മതഭീകരതയെ ചെറുക്കുക, സുനിൽ പി.ഇളയിടത്തിനെ പിന്തുണക്കുക

മലയാളിയുടെ ധൈഷണിക ജീവിതത്തിൻ്റെ ഇന്നത്തെ മുഖമാണ് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം. ഏറെ കാലമായി അദ്ദേഹം ആർ.എസ്.എസ്. ഉൾപ്പടെയുള്ള ഭൂരിപക്ഷ മതവർഗ്ഗീയ ഭീകരസംഘടനകളിൽ നിന്നും അവരുടെ സൈദ്ധാന്തിക പ്രവർത്തകരിൽ നിന്നും ആക്രമണം നേരിട്ടു കൊണ്ടിരിക്കയാണ്. ഇന്ത്യൻ ഇതിഹാസ കൃതികളെപ്പറ്റിയുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളും പഠനങ്ങളും പുറത്തു വന്നു തുടങ്ങിയതോടെ ആയുധം നഷ്ടപ്പെട്ട കേരളത്തിലെ ഗോഡ്സേയിസ്റ്റ് പരിവാർ സുനിലിനെതിരെ സംഘടിച്ച് ആക്ഷേപങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിരുന്നു. അത് ഫലിക്കാതെ വന്ന ഒരു ഘട്ടത്തിൽ അക്കൂട്ടർ അദ്ദേഹത്തെ കായികമായി ആക്രമിക്കാൻ തന്നെ തുനിഞ്ഞു. കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ അതിക്രമിച്ചു കടന്ന് നാശനഷ്ടങ്ങൾ വരുത്തി.

ഇപ്പോഴാകട്ടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തെ വിമർശിക്കുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിൻ്റെ പേരിൽ അദ്ദേഹം കേരളത്തിലെ ന്യൂനപക്ഷ മതഭീകരരിൽ നിന്നും ഭീഷണി നേരിടുകയാണ്. "താലിബാനെ വിമർശിക്കുന്നവർ യു.പി.യിൽ പോയി ജീവിക്കണം" എന്ന മട്ടിലുള്ള നിർദ്ദേശങ്ങൾ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു. പല തലങ്ങളിലുള്ള ഒരു യുദ്ധമുന്നണിയാണ് അദ്ദേഹത്തിനെതിരെ രൂപപ്പെട്ടിരിക്കുന്നത്. തെറിയും കൊലവിളിയും നടത്താൻ സമൂഹമാധ്യമപ്പോരാളികൾ! അവരുടെ വ്യാഖ്യാതാക്കളായി ബുദ്ധിജീവിതങ്ങൾ.

ഭൂരിപക്ഷ മതഭീകരതയും ന്യൂനപക്ഷ മതഭീകരതയും പരസ്പരം ആശ്രയിച്ചു കൊണ്ടാണ് നിൽക്കുന്നതെന്ന് സുനിലിനെതിരായ സംഘടിതമായ ആക്രമണങ്ങൾ വ്യക്തമാക്കുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ഒപ്പം നിൽക്കുന്ന ചിന്തകരേയും എഴുത്തുകാരേയും കലാകാരന്മാരേയുമാണ് എല്ലാ വിഭാഗം മതരാഷ്ട്രീയ സംഘങ്ങളും ലക്ഷ്യമിടുന്നത്. ജനങ്ങളെ വിഭജിച്ച് തമ്മിലടിപ്പിച്ച് കൈവശം വെക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് മനുഷ്യൻ്റെ ചിന്തയും എഴുത്തും സംഗീതവും തടസ്സമാണെന്ന് അവർ കരുതുന്നു.

സുനിലിൻ്റെ ഒപ്പം സാംസ്കാരിക കേരളം ഒന്നിച്ചു നിൽക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
സുനിൽ പി.ഇളയിടത്തിനെതിരായ ഭീഷണിയെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു. വിവിധ വിഭാഗം മതഭീകര സംഘങ്ങളും യോജിച്ച് എഴുത്തുകാർക്കെതിരെ ആക്രമണങ്ങൾക്ക് തുനിയുന്നു എന്നത് അത്യന്തം അപകടകരമാണ്. ഈ നീക്കത്തെ തടയാൻ മാനവീകതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ പേരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഷാജി എൻ കരുൺ (പ്രസിഡണ്ട് )
അശോകൻ ചരുവിൽ (ജനറൽ സെക്രട്ടറി)
-- പുരോഗമന കലാസാഹിത്യസംഘംസംസ്ഥാന കമ്മിറ്റി

Related Stories

No stories found.
logo
The Cue
www.thecue.in