ഉയരമുള്ള കെട്ടിടത്തില്‍ തൂങ്ങിയാടിയ റീല്‍സ് വൈറല്‍; പക്ഷേ, താരങ്ങള്‍ പിടിയില്‍

ഉയരമുള്ള കെട്ടിടത്തില്‍ തൂങ്ങിയാടിയ റീല്‍സ് വൈറല്‍; പക്ഷേ, താരങ്ങള്‍ പിടിയില്‍
Published on

ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് സുഹൃത്തിന്റെ കയ്യില്‍ തൂങ്ങിയാടി നില്‍ക്കുന്ന യുവതിയുടെ റീല്‍ വീഡിയോ വൈറലായിരുന്നു. റീല്‍ ചിത്രീകരിക്കുന്നതിന്റെ മേക്കിംഗ് വീഡിയോയും ഇതിനൊപ്പമുണ്ടായിരുന്നു. വൈറലായ ഈ റീല്‍ വീഡിയോയില്‍ അഭിനയിച്ചവര്‍ ഇപ്പോള്‍ പക്ഷേ പോലീസ് പിടിയിലായിരിക്കുകയാണ്. പൂനെ സ്വദേശിയായ മീനാക്ഷി സുളങ്കെ എന്ന 23കാരിയും സുഹൃത്ത് മിഹിര്‍ ഗാന്ധി എന്ന 27 കാരനുമാണ് അറസ്റ്റിലായത്. റീല്‍സ് ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ഇവരുടെ സുഹൃത്ത് ഒളിവിലാണെന്നാണ് വിവരം.

മനുഷ്യജീവന് അപായമുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരമാണ് ഭാരതി വിദ്യാപീഠ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആറു മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പെണ്‍കുട്ടി ഒറ്റക്കയ്യില്‍ തൂങ്ങിയാടുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തൊട്ടുപിന്നാലെ ഇവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുറവിളി ഉയര്‍ന്നു. നിരവധി പേരാണ് ഇവര്‍ക്കെതിരെ കമന്റുകളും പോസ്റ്റുകളുമായി എത്തിയത്.

പോലീസിനെ ടാഗ് ചെയ്തുകൊണ്ടും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഭിനേതാക്കളെ കണ്ടെത്തുകയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്തു നില കെട്ടിടത്തിന് സമാനമായി ഉയരമുള്ള ക്ഷേത്രത്തിലായിരുന്നു ഇവരുടെ അഭ്യാസ പ്രകടനമെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in