ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

നാലാമത് ശൈഖ് അൻസാരി അവാർഡ് പ്രമുഖ എഴുത്തുകാരനായ എൻ. എസ് മാധവനിൽ നിന്ന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുവേണ്ടി ഡയറക്ടർ ഡോ. അൻവർ ഹുസൈൻ ഏറ്റുവാങ്ങി. ഡോ. സുരേഷ് കുമാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ ചരിത്രം പരിചയപ്പെടുത്തി.

മനുഷ്യന്റെ ഏറ്റവും അടിസ്ഥാനകാര്യങ്ങളായ ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ അസമത്വങ്ങൾ നിലനിൽക്കുന്നതെന്നും ഭക്ഷണത്തിന്റെ കാര്യത്തിലേക്ക് വർഗീയത കൂടി കടന്നുവരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും എൻ എസ് മാധവൻ പറഞ്ഞു. ലോകത്ത് പല രാജ്യങ്ങളിലും അവരുടെ ചികിത്സാ സംവിധാനത്തിനകത്തുള്ള ലോകത്തിന്റെ സാന്ത്വനചികിത്സയാണ് കിട്ടുന്നതെങ്കിലും നമുക്ക് അതിനു പുറത്തുള്ളവർക്കും കിട്ടുന്ന സാന്ത്വന ചികിത്സാപദ്ധതി ലഭിക്കുന്നത് പാലിയേറ്റീവ് പ്രവർത്തകരുടെ ശ്രമഫലമായാണ് എന്ന് അദ്ദേഹം നിരീക്ഷിച്ചു. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സാമൂഹികസന്നദ്ധ പ്രവർത്തകർ ഒരുമിച്ച് വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മരണവും മരിക്കലും ആരോഗ്യപ്രവർത്തകരുടെയോ മരുന്നുകളുടെയോ മാത്രം പ്രശ്നമല്ലെന്നും സമൂഹത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയർ WHO ഇന്റർനാഷണൽ കൊളാബറേഷൻ സെന്റർ ഡയറക്ടറായ ഡോ. സുരേഷ് കുമാർ പറഞ്ഞു. മരിക്കാൻ പോകുന്നവരോട് മാത്രമായി ദയയുണ്ടാവുക സാധ്യമല്ല. ഈ ദയ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സന്നദ്ധസേവനത്തിലൂടെ ശ്രദ്ധയുടെ ഒരു സംസ്കാരം അവതരിപ്പിച്ചതാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനെ പുരസ്കാരത്തിന് അർഹരാക്കിയത് നകിയത്.

പുരസ്കാരസമിതി ചെയർമാൻ ഡോ. എം എം ബഷീർ അധ്യക്ഷത വഹിച്ചു. സമിതി അംഗവും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് അധ്യാപകനുമായ ഡോ. എൻ പി ആഷ്ലി പുരസ്കാരം അവതരിപ്പിച്ചു. ദയാപുരം പേട്രൺ സി.ടി അബ്ദുറഹീം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ സെക്രട്ടറി സത്യൻ കെ, ദയാപുരം ട്രസ്റ്റ്‌ അംഗം കെ കുഞ്ഞലവി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ദയാപുരം കൾച്ചറൽ ഫോറം പ്രസിഡന്റ് കെ എസ് രാജീവ് കുമാർ സ്വാഗതവും സെക്രട്ടറി സക്കീന പി. എം നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in