‘ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചോ എന്ന കത്തിന് മറുപടി നല്‍കിയില്ല’, വാക്ക് പാലിച്ചില്ലെന്ന് റീജനല്‍ സ്‌പോര്‍ട്‌സ് സെന്റര്‍
കരുണ സംഗീത നിശാ വിവാദത്തില്‍ സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ റീജനല്‍ സ്‌പോര്‍ട്്‌സ് സെന്റര്‍ രംഗത്ത്. കരുണ സംഗീത നിശ സമാഹരിച്ച തുക പ്രളയ ദുരിതാശ്വാസത്തിന് കൈമാറിയോ എന്നറിയാന്‍ കത്ത് അയച്ചിട്ട് മറുപടി ലഭിച്ചില്ലെന്ന് റീജനല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ് എ എസ് നവാസ്. കരുണ സംഗീത നിശയ്ക്ക് സ്‌റ്റേഡിയം സൗജന്യമായി അനുവദിച്ചത് കൊച്ചിയിലെ റീജനല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് നവാസ് ഇക്കാര്യം പറഞ്ഞത്.
ഒന്നര ലക്ഷം രൂപ വാടക വേണ്ടെന്ന് വച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനാണ് പരിപാടിയെന്ന് സംഘാടകര്‍ വ്യക്തമാക്കിയതിനാലാണ്. റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററിനെ കരുണ സംഗീത നിശയുടെ പങ്കാളികളാക്കാമെന്ന് അറിയിച്ചിരുന്നതായും, ജില്ലാ കലക്ടറുടെ ആവശ്യപ്രകാരം അല്ല സ്റ്റേഡിയം നല്‍കിയതെന്നും നവാസ് പറഞ്ഞു. സംഘാടകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഡിമാന്‍ഡ് ഡ്രാഫ്റ്റിലൂടെയാണ് പണം കൈമാറിയ കാര്യം അറിഞ്ഞതെന്നും നവാസ്.
2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കരുണ സംഗീത നിശ നടന്നത്. 2020 ജനുവരി മൂന്നിന് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയോ എന്ന് ചോദിച്ച് റീജനല്‍ സ്‌പോര്‍ട്്‌സ സെന്റര്‍ സംഘാടകര്‍ക്ക് കത്തയച്ചിരുന്നു. കരുണ നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനാണ് എന്ന് വ്യക്തമാക്കി സംഘാടകര്‍ റീജനല്‍ സ്‌പോര്‍ട്്സ് സെന്ററിന് നല്‍കിയ കത്ത് പുറത്തുവന്നിരുന്നു. കരുണ സംഗീത നിശയുടെ മറവില്‍ സംഘാടകര്‍ പണം തട്ടിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ യുവമോര്‍ച്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ടിക്കറ്റ് വില്‍പ്പനയിലൂടെ ആറ് ലക്ഷത്തോളം രൂപയാണ് ലഭിച്ചതെന്നും സംഗീത നിശയ്ക്ക് 23 ലക്ഷം ചെലവായെന്നും യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍, ഹൈബി ഈഡന്‍ എംപി എന്നിവരുടെ ആരോപണത്തിന് മറുപടിയായി സംഘാടകരില്‍ ഒരാളായ ആഷിക് അബു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കാന്‍ മാര്‍ച്ച് 31വരെ സാവകാശം തേടിയെന്നും ഇവരുടെ വിശദീകരണത്തില്‍ ഉണ്ടായിരുന്നു.


