മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് എൻ്റെ ഉത്തരം

മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് എൻ്റെ ഉത്തരം
Summary

എന്നിട്ടും മമ്മൂട്ടിയെക്കാണുമ്പോൾ പെട്ടന്ന് സുന്ദരൻ എന്ന് വിളിക്കാൻ തോന്നുന്നത്, എൻ്റെ ഉള്ളിൽ ഒരു മോഹൻലാൽ കിടപ്പുള്ളത് കൊണ്ടാണ് !! മമ്മൂക്കയ്ക്ക്, മെഗാ പിറന്നാൾ സല്യൂട്ട്. ലിജീഷ് കുമാര്‍ എഴുതുന്നു

എത്ര കണ്ടാലും എനിക്കു മതിയാകാത്ത രണ്ടു സിനിമകളുണ്ട്. ഒന്ന്: മോഹൻലാൽ, രണ്ട്: മമ്മൂട്ടി. എനിക്കു മാത്രമല്ല, സിനിമയെക്കുറിച്ച് മഹാകാവ്യമെഴുതാൻ പറഞ്ഞാൽ മലയാളി മൊത്തത്തിൽ മായിലാണ് തുടങ്ങുക !! രണ്ടു മകാരങ്ങൾ - രണ്ടു മഹാ ആകാരങ്ങൾ, ഇംഗ്ലീഷിൽ സ്റ്റാർസ് എന്ന് പറയും - ഞങ്ങൾ നക്ഷത്രങ്ങളെന്നും.

നക്ഷത്രങ്ങളുടെ ഒരു കുഴപ്പം, ഒരുപാടൊരുപാട് പ്രകാശവര്‍ഷങ്ങള്‍ക്ക് മുമ്പ് അവരിൽ നിന്നു പുറപ്പെടുന്ന രശ്മികള്‍ വൈകി മാത്രമേ ഭൂമിയിലെത്തൂ എന്നതാണ്. ഇന്ന് കാണുന്ന കാഴ്ചകൾ, ഇന്നത്തേതാവില്ല എന്നതാണ്. നോക്കൂ, മുമ്പേതോ പ്രായത്തിൽ ഇത്താരങ്ങളിൽ നിന്ന് പുറപ്പെട്ടതാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. എത്ര വയസ്സായി രണ്ടു പേർക്കും എന്ന് എനിക്കറിഞ്ഞു കൂടാത്തത് അതുകൊണ്ടാണ്. ഈ യൗവനോത്സവം കണ്ട് എങ്ങനെയളക്കാനാണ് പ്രായത്തെ ? ഈ സിനിമാ കാഴ്ചകൾ ഏതോ പഴയ പ്രായത്തിൻ്റെയാണ്.

നക്ഷത്രങ്ങളല്ല, അവയുടെ വെളിച്ചമാണ് ചരിത്രത്തിലവശേഷിക്കുക എന്ന് പറയാറുണ്ട്. മഹാനായ ഇറ്റാലിയൻ നാടകകൃത്ത് പീറാന്തെല്ലോയാണ് അതാദ്യം പറയുന്നത് - വ്യക്തികൾ മരിക്കും, അവരഭിനയിച്ച ഡ്രാമകൾ മരിക്കുകയില്ല എന്ന്. ഈ പ്രഖ്യാപനത്തെ തിരുത്തിയ ചരിത്രമാണ് മലയാളിയുടെ സിനിമാക്കാഴ്ചയുടേത്. 'കഥാപാത്രത്തെ വിടൂ' എന്ന ശ്രീനിവാസൻ ഡയലോഗ് താരാരാധകരായ ഞങ്ങൾ മലയാളി പ്രേക്ഷകർക്കുള്ള ട്രിബ്യൂട്ടാണ്. പ്രിയപ്പെട്ട പീറാന്തെല്ലോ, പ്രാന്തുള്ള പ്രേക്ഷകരെക്കൂടെ പരിഗണിച്ചേ സിദ്ധാന്തമുണ്ടാക്കാവൂ. കഥ മരിച്ചിട്ടും വ്യക്തി മരിക്കാത്ത ആയിരം നേരങ്ങളുണ്ട് ഞങ്ങൾക്ക്.

ഭൂതക്കണ്ണാടി തീയേറ്ററിൽ വീണിട്ടും ഇവിടെ വിദ്യാധരനുണ്ട്. പടം തീയേറ്ററിൽ കൈയ്യൊപ്പ് പതിച്ചില്ലെങ്കിലും 'കൈയ്യൊപ്പിലെ' കെ.ബാലചന്ദ്രൻ ഇവിടുണ്ട്. അഴകിയ രാവണനിലെ ശങ്കർ ദാസ് എന്നേക്കുമുണ്ട്, അങ്ങനെ പലരുമുണ്ട്. ലാലിൻ്റെയുമുണ്ട് ഇതുപോലെ പരാജയപ്പെട്ട പ്രശസ്തർ, ഞാനതെണ്ണാൻ തയ്യാറാവാഞ്ഞിട്ടാണ്. മമ്മൂട്ടിയെക്കുറിച്ച് മാത്രം പറയാനിരുന്നതു കൊണ്ടാണ് ഉദാഹരണങ്ങൾ ഏകപക്ഷീയമായത്.

പരാജയങ്ങളെക്കുറിച്ച് പരാതി പറയുമ്പോഴെല്ലാം മമ്മൂക്ക പറയും, ''എപ്പോഴും വിജയിച്ചയാളല്ല ഞാൻ. തൊട്ടതെല്ലാം പൊന്നാക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. സിനിമകളെല്ലാം നന്നായി വരണമെന്നുണ്ട്, അത്രയേ ഉള്ളൂ'' എന്ന്. സത്യമാണത്. ഒരു നഷ്ടത്തേയും വക വെക്കാതെ സിനിമ എന്ന ഒറ്റ മോഹത്തിന് പിന്നാലെ നടന്ന ജീവിതമാണയാളുടേത്.

സ്കൂളിൽ പഠിക്കുമ്പോഴാണ് അഭിനയ മോഹം ആദ്യമായി കൂടെക്കൂടുന്നത്. അന്ന് നാടകം പഠിപ്പിക്കാൻ വന്നത് ഒരശോക് കുമാറായിരുന്നു. മമ്മൂക്ക അയാളെ ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് നാടകത്തിനുള്ള മേക്കപ്പ് സാധനങ്ങള്‍ വാങ്ങുന്നതിനായി എല്ലാവരും അമ്പത് പെെസ കൊണ്ടു വരണമെന്ന് അയാൾ ആവശ്യപ്പെട്ടത്, പേടിച്ച് പേടിച്ച് വീട്ടില്‍ പോയി പണം ചോദിച്ചത്, രണ്ട് ദിവസം കഴിഞ്ഞ് ഉമ്മ പെെസ സംഘടിപ്പിച്ചു നൽകുമ്പഴേക്കും നാടകത്തിൽ പകരം ആളായിപ്പോയത്, എല്ലാം. 50 പെെസ ഇല്ലാത്തതു കൊണ്ട് അഭിനയിക്കാനുള്ള ആദ്യത്തെ ശ്രമം പരാജയപ്പെട്ട നടന്റെ പേരാണ് മമ്മൂട്ടി !!

''അഭിനയം എനിക്കൊരുപാടിഷ്ടമാണ്. സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട് ഞാൻ. സിനിമ കാണാന്‍ പോയതു കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തിയ നടനാണ് ഞാൻ. അങ്ങനെ പ്രീഡിഗ്രി സെക്കൻ്റിയര്‍ തോറ്റ നടനാണ് ഞാൻ.'' നഷ്ടങ്ങളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ എണ്ണിയെടുക്കാൻ ഇങ്ങനെ ഒരുപാടുണ്ട് മമ്മൂക്കയ്ക്ക്. ജീവിതം പണയം വെച്ച് സിനിമ കാണാൻ പോയ, സിനിമാ ഭ്രാന്തനായ പ്രേക്ഷകൻ്റെ പേരാണ് മമ്മൂട്ടി. എസ്.എച്ച് കോളേജിലെ പഠനകാലയളവിൽ കെമിസ്ട്രി പരീക്ഷാ ദിനത്തിൽ അടിമപ്പെണ്ണ് എന്ന സിനിമ കാണാൻ പോയി ഒരു വര്‍ഷം പോക്കിയ ചരിത്രം മറ്റാർക്ക് പറയാനുണ്ടാകും, മമ്മൂട്ടിക്കല്ലാതെ.

മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത്, കൂടെ പഠിച്ചിരുന്ന അഖിലേഷിന്റെ വീട്ടിലേക്ക് വെളുപ്പാന്‍ കാലത്ത് കയറി വന്ന മെലിഞ്ഞു നീണ്ട ചെറുപ്പക്കാരനെക്കുറിച്ച് അഖിലേഷിന്റെ അമ്മ എപ്പഴും പറയും. ''രാവിലെ മുറ്റമടിക്കാന്‍ പടിവാതില്‍ തുറന്നപ്പോൾ അവനെയാണ് കണി കണ്ടത്. അഖിലേഷിനെ കാണാൻ വന്നതല്ല, അവന്റെ അച്ഛനെ കാണാൻ വന്നതാ. മൂപ്പരന്ന് ഐ.വി.ശശിയുടെ അസോസിയേറ്റ് ആയിരുന്നു. അതറിഞ്ഞ്, ബസ്സും കയറി വന്നതാ, ചാന്‍സ് ചോദിക്കാന്‍'' എന്ന്. ചാൻസന്വേഷണങ്ങളുടെ വല്ലാത്ത ചരിത്രമുണ്ട് അയാൾക്ക്. ‘അഭിനയ മോഹമുള്ള യുവാവ് അവസരങ്ങൾ തേടുന്നു’ എന്ന് സിനിമാ മാസികകളിൽ വരെ പരസ്യം കൊടുത്തിട്ടുണ്ട് മമ്മൂട്ടി. കാത്തു കാത്തിരുന്നാണ് അയാൾ നടനായത്.

മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് എൻ്റെ ഉത്തരം
അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു, മമ്മൂട്ടി നടനും വ്യക്തിയും

കാത്തു കാത്തിരുന്നാണ് ചന്തിരൂര്‍ പാണപ്പറമ്പിൽ ഇസ്മായീൽകുട്ടിയ്ക്കും പാണ്ടിയംപറമ്പിൽ ഫാത്തിമയ്ക്കും മുഹമ്മദ് കുട്ടി എന്ന ആൺകുട്ടി ഉണ്ടായത്. നടനായപ്പോൾ പേടിയായിരുന്നു, മുഹമ്മദ് കുട്ടി എന്ന പേര് തന്നെ നല്ല നടനാക്കില്ലെന്ന് അയാൾക്ക് തോന്നി. പേര് മാറ്റി സജിന്‍ എന്നാക്കി. പല പേരിൽ പടങ്ങളിലഭിനയിച്ച കാലമുണ്ട് മമ്മൂട്ടിയുടെ കരിയറിൽ.

അന്ന് അഖിലേഷിൻ്റെ അച്ഛനെ പോയി കണ്ടെങ്കിലും കാലങ്ങളെടുത്തു ഐ.വി.ശശിയുടെ സെറ്റിലെത്താൻ. അത് സംഭവിക്കുന്നത് 'തൃഷ്ണ' എന്ന സിനിമയോടെയാണ്. തൃഷ്ണയുടെ ഷൂട്ടിനിടെ ഒരു ദിവസം ഐ.വി.ശശി ദേഷ്യപ്പെട്ട് കഴുതക്കുട്ടി എന്നു വിളിച്ചു, മമ്മൂട്ടി പതറിയില്ല. ഷൂട്ട് കഴിഞ്ഞ് പിരിയാന്‍ നേരം അടുത്ത് ചെന്ന് പതിയെ ചോദിച്ചു, ''സര്‍, എന്റെ ഭാഗം നന്നായില്ല അല്ലേ ?''

എന്റെ ഭാഗം നന്നായില്ല, എന്ന് സ്വയം പരാതിപ്പെട്ട് - കണ്ണാടിയിൽ വരെ നോക്കിയഭിനയിച്ച്, തന്നെത്തന്നെ തിരുത്തിത്തിരുത്തിയാണ് അയാൾ മമ്മൂട്ടിയാവുന്നത്. സീരിയസ്സായി കാര്യങ്ങൾ പറയുമ്പോൾ വലതുകൈ ഇളക്കുക, പ്രേമരംഗങ്ങളിൽ അഭിനയിക്കുമ്പോൾ കൈ കീശയിലിടുക, തുടങ്ങി തന്നെ പിന്തുടർന്ന ദുശ്ശീലങ്ങളെ സൂക്ഷ്മമായി അനലൈസ് ചെയ്ത്, അതിനെയെല്ലാം ബോധപൂർവം വെട്ടി വെട്ടിയാണ് പഴയ സജിനിൽ നിന്ന് ഇന്നത്തെ മമ്മൂട്ടിയിലേക്ക് അയാൾ നടന്നത്.

എന്നിട്ടും, നല്ല വാക്കു പറയുന്ന നേരങ്ങളിലൊക്കെയും അഭിനയത്തെക്കുറിച്ച് പറയാതെ നാമയാളുടെ സൗന്ദര്യത്തെക്കുറിച്ച് മാത്രം പറഞ്ഞു കളയും. അപ്പോൾ മമ്മൂട്ടിക്ക് സങ്കടം വരും. ''മികച്ച നടന്മാരിലൊരാളെന്ന് എന്നെപ്പറ്റി പറയാൻ പലർക്കും മടിയാണ്. ഞാൻ സുന്ദരനാണെന്ന് പറയും. സുന്ദരന്മാർ ഒരുപാടുണ്ട് ഇവിടെ, എനിക്ക് ആ പദവി ആവശ്യമില്ല.'' എന്ന് മമ്മൂട്ടി പരാതിപ്പെടും.

ഇന്ന് മമ്മൂട്ടിയുടെ പിറന്നാളാണ്. ഇന്നലെ പാതിരാത്രി മുതൽ ഒഴുകുന്ന ആശംസാ സന്ദേശങ്ങളുടെ ഉള്ളടക്കം ഞാനിരുന്ന് വായിക്കുകയായിരുന്നു. എല്ലാത്തിലും സൗന്ദര്യത്തിന് വാഴ്ത്തുണ്ട്. എനിക്കും അത് തന്നെ പറയാനുണ്ട്, പക്ഷേ മമ്മൂട്ടി എന്ന മഹാൻ നടൻ ആഗ്രഹിക്കുന്നത് അതല്ല കേട്ടോ. സുന്ദരന്മാർ ഒരുപാടുള്ള ലോകമാണിത്. പക്ഷേ മമ്മൂട്ടി ഒന്നേ ഉള്ളൂ.

സിനിമയെക്കുറിച്ച് മഹാകാവ്യമെഴുതാൻ പറഞ്ഞാൽ മലയാളി മൊത്തത്തിൽ മായിലാണ് തുടങ്ങുക എന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ് !! പക്ഷേ ഒന്നല്ല, രണ്ടു പേരുണ്ട്. നോക്കൂ, മമ്മൂട്ടിയെക്കുറിച്ച് പറയാനിരുന്നാലും അവസാനമാവുമ്പഴേക്കും മോഹൻലാൽ ഇങ്ങ് തികട്ടി വരും. സി.ജെ.തോമസ്സിന്റെ ഒരു നാടകത്തിൻ്റെ പേരാണ് ഓർമ്മ വരുന്നത്, ​​‘അവൻ വീണ്ടും വരുന്നു’ എന്ന്.

മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് വ്യക്തിപരമായ എൻ്റെ ഉത്തരം, എനിക്ക് മോഹൻലാൽ വള്ളത്തോളും മമ്മൂട്ടി കുമാരനാശാനും ആണ് എന്നതാണ്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കാവ്യസങ്കല്‍പ്പങ്ങളെക്കുറിച്ച് സാധാരണ പറയാറുള്ള വ്യത്യാസം, വള്ളത്തോള്‍ ജീവിതത്തിന്റെ സൗന്ദര്യത്തിലാണ് കവിത കണ്ടത് - ആശാന്‍ ജീവിതത്തിന്റെ സൗന്ദര്യത്തിലും വൈരൂപ്യത്തിലും കവിത കണ്ട കവിയാണ് എന്നതാണ്. ഈ വ്യത്യാസമാണ് മോഹൻലാലിൻ്റെയും മമ്മൂട്ടിയുടേയും സിനിമകൾ തമ്മിലുള്ളതും. ലാൽപ്പടങ്ങൾ സുന്ദര കാവ്യങ്ങളാണ്. അങ്ങനല്ലാതെ വന്നാണ് മമ്മൂട്ടി പലപ്പോഴും കരളു കവർന്നത്.

എന്നിട്ടും മമ്മൂട്ടിയെക്കാണുമ്പോൾ പെട്ടന്ന് സുന്ദരൻ എന്ന് വിളിക്കാൻ തോന്നുന്നത്, എൻ്റെ ഉള്ളിൽ ഒരു മോഹൻലാൽ കിടപ്പുള്ളത് കൊണ്ടാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളുടെ മഹാനടനം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അതിനാണ് എൻ്റെ ആദ്യത്തെ സല്യൂട്ട്. എനിക്ക് നിങ്ങളിലെ സുന്ദരനെയും ഇഷ്ടമാണ്, രണ്ടാമത്തെ സല്യൂട്ട് അതിനാണ്. രണ്ടും ചേർത്ത് തരുന്നു, ഒരു മെഗാ പിറന്നാൾ സല്യൂട്ട്.

മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് എൻ്റെ ഉത്തരം
ഒപ്പം സഞ്ചരിച്ച മമ്മൂട്ടി കഥാപാത്രങ്ങള്‍

Related Stories

No stories found.
logo
The Cue
www.thecue.in