
കൊവിഡ് മൂലം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ വ്യവഹാരങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗികമായ വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂള്‍ ആയ വി കണ്‍സോള്‍ കേരള ഹൈക്കോടതി വെര്‍ച്വര്‍ കോടതിക്കായി ഉപയോഗിച്ച് തുടങ്ങി. വി കണ്‍സോളിന്റെ സ്ഥാപകരായ ടെക്ജന്‍ഷ്യ സിഇഒ ജോയ് സെബാസ്റ്റിയനാണ് ഇക്കാര്യം അറിയിച്ചത്. വി കണ്‍സോള്‍- വിര്‍ച്വല്‍ കോര്‍ട്ട് എന്ന പുതിയ പ്രൊഡക്ടിലൂടെയാണ് ഹൈക്കോടതിയിലെ വിവിധ ബഞ്ചുകള്‍ ഇന്ന് വാദം കേട്ടത്.
കോവിഡ് പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റ് ,സൂം എന്നീ ടൂളുകളിലായിരുന്നു നിലവില്‍ ഹൈക്കോടതി നടപടിക്രമങ്ങല്‍ നടന്നിരുന്നത്. ഇന്ത്യയുടെ തദ്ദേശീയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത 'വി കണ്‍സോള്‍' ഉപയോഗിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
വി കണ്‍സോള്‍ -വിര്‍ച്വല്‍ കോര്‍ട്ട് വഴി ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും കോര്‍ട്ട് ഓഫീസര്‍മാര്‍ക്കും പ്രത്യേക ലോഗിന്‍ ഉണ്ടാകും. അഭിഭാഷകര്‍ ലോഗിന്‍ ചെയ്താല്‍ അവര്‍ക്കു അന്ന് പങ്കെടുക്കേണ്ട കോടതികളും കേസുകളും സെലക്ട് ചെയ്തു വിര്‍ച്വല്‍ കോടതിയില്‍ കയറിയിരിക്കാം . അവര്‍ക്ക് ഏത് കോടതിയിലും നടക്കുന്ന സെഷനുകള്‍ വീക്ഷിക്കാനുള്ള അവസരമുണ്ടെന്നും ജോയ് സെബാസ്റ്റിയന്‍
ജോയ് സെബാസ്റ്റിയന്‍ പറയുന്നു
കേരള ഹൈക്കോടതി വി കണ്‍സോള്‍- വിര്‍ച്വല്‍ കോര്‍ട്ട് ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങി. ഹൈക്കോടതിയിലെ ഒരു ഡിവിഷന്‍ ബഞ്ചും ഒരു സിംഗിള്‍ ബഞ്ചും വി കണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ട് ല്‍ ആണ് ഇന്ന് വാദം കേട്ടത്
കുറച്ചു നാള്‍ മുന്‍പ് കേരള ഹൈക്കോടതിയില്‍ വികണ്‍സോളിന്റെ ഒരു ട്രയല്‍ നടത്തിയിരുന്നു . ആ ട്രയലിനു ശേഷം ബഹുമാനപ്പെട്ട ജഡ്ജിമാരും , അഭിഭാഷകരും കോടതിയിലെ സാങ്കേതിക വിദഗ്ധരുമായി നടത്തിയ വിവിധ മീറ്റിംഗുകളില്‍ നിന്നും ഒരു കാര്യം മനസ്സിലായി . ജെനറിക്ക് വിഡിയോ കോണ്‍ഫറന്‍സിങ് ടൂളുകള്‍ ഉപയോഗിച്ച് കോടതി വ്യവഹാരം നടത്തി കൊണ്ട് പോകല്‍ വളരെ ബുദ്ധിമുട്ടാണ്. വേറെ മാര്‍ഗ്ഗമില്ലാത്തത് കൊണ്ട് ഗൂഗിള്‍ മീറ്റും സൂമും ഒക്കെ ഉപയോഗിക്കാന്‍ കോവിഡ് കാലത്ത് കോടതി നിര്‍ബന്ധിതരാവുകയായിരുന്നു
ഒന്നിലധികം കോടതികളില്‍ ഒരേ ദിവസം കേസില്‍ അപ്പീയര്‍ ചെയ്യേണ്ടി വന്നിരുന്ന അഭിഭാഷകരാണ് വലിയ വിഷമത്തിലായത്. ഓരോ കോടതിയും ഓരോ മീറ്റിങ് റൂമില്‍ ആണ് നടക്കുക . കേസ് വിളിക്കുന്ന സമയത്ത് മീറ്റിങ് റൂമില്‍ ആക്റ്റീവ് ആയി ഉണ്ടാവേണ്ടതിനാല്‍ എത്ര കേസുണ്ടോ , അത്രയും ഡിവൈസുകളില്‍ പലരായി മീറ്റിങ്ങുകളില്‍ കയറിയിരുന്നാണ് ഒരു വിധത്തില്‍ മുന്നോട്ടു പോയിരുന്നത് . കോര്‍ട്ട് ഓഫീസര്‍മാരുടെയും ജോലി വളരെ വിഷമകരമായിരുന്നു. മറ്റൊരു പ്രധാന സംഗതി ഒത്തിരി കേസുകള്‍ നടക്കുന്ന കോടതിയില്‍ എല്ലാ കേസുകളുമായി ബന്ധപ്പെട്ട എല്ലാവരും എപ്പോഴും ഹാജരായിരിക്കുന്നതിനാല്‍ മീറ്റിങ് റൂമുകള്‍ക്ക് താങ്ങാവുന്നതിലും കൂടുതല്‍ എണ്ണമായി പലപ്പോഴും പല അഭിഭാഷകര്‍ക്കും കോടതിയിലേക്ക് കയറാന്‍ പോലും കഴിയാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു.
മൊത്തത്തില്‍ കോടതിയുടെ വര്‍ക്ക് ഫ്‌ലോ നിലവിലുള്ള വിഡിയോ കോണ്‍ഫറന്‍സിങ് ടൂളുകള്‍ ഉപയോഗിച്ച് സാധ്യമാക്കാവുന്നതേ ആയിരുന്നില്ല. കഴിഞ്ഞ മൂന്നു നാല് മാസങ്ങള്‍ ഞങ്ങള്‍ ശ്രമിച്ചത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വര്‍ക്ക് ഫ്‌ലോ , വി കണ്‍സോള്‍ പ്ലാറ്റ് ഫോം ഉപയോഗിച്ച് വിര്‍ച്വല്‍ കോടതി ആയി തന്നെ കസ്റ്റമൈസ് ചെയ്യാന്‍ കഴിയുമോ എന്നതായിരുന്നു. ബഹു. കോടതിയുടെയും അഭിഭാഷകരുടെയും ഭാഗത്ത് നിന്ന് വലിയ സഹകരണം ആണുണ്ടായത് . പ്രോഡക്ട് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അവരുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചാണ് നീങ്ങിയത്. അതിന്റെ ഗുണവും ഉണ്ടായി. സിനിമയില്‍ മാത്രം കോടതി കണ്ടു പരിചയിച്ച ഞങ്ങള്‍ക്ക് ആവശ്യം വേണ്ട ഡൊമൈന്‍ നോളേജ് ലഭ്യമാകാനും കോടതിക്ക് അനുഗുണമായ രീതിയില്‍ ഒരു പ്രോഡക്ട് ഉണ്ടാക്കാനും അത് സഹായിച്ചു.
വി കണ്‍സോള്‍ -വിര്‍ച്വല്‍ കോര്‍ട്ട് എന്നാണു പുതിയ പ്രൊഡക്ടിനു പേര് . ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും കോര്‍ട്ട് ഓഫീസര്‍മാര്‍ക്കും പ്രത്യേക ലോഗിന്‍. അഭിഭാഷകര്‍ ലോഗിന്‍ ചെയ്താല്‍ അവര്‍ക്കു അന്ന് പങ്കെടുക്കേണ്ട കോടതികളും കേസുകളും സെലക്ട് ചെയ്തു വിര്‍ച്വല്‍ കോടതിയില്‍ കയറിയിരിക്കാം . അവര്‍ക്ക് ഏത് കോടതിയിലും നടക്കുന്ന സെഷനുകള്‍ വീക്ഷിക്കാനുള്ള അവസരം . അവര്‍ സെലക്ട് ചെയ്ത കേസ് കോര്‍ട്ട് മാസ്റ്റര്‍ കോടതിയില്‍ വിളിക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാക്കി ഉടനെ ആ കോടതിയിലേക്ക് ആട്ടോമാറ്റിക്ക് ആയി അവരെ ആക്റ്റീവ് സ്പീക്കര്‍ ആക്കി കയറ്റി വിടല്‍ . ഏതൊരു കോടതിയും പാസ്സീവ് ആയി കണ്ടു കൊണ്ടിരിക്കെ അഭിഭാഷകര്‍ക്ക് ഹാന്‍ഡ് റെയ്സ് ചെയ്തു ആക്റ്റീവ് ആയി മാറുന്നതിനുള്ള ഓപ്ഷന്‍ .
വിര്‍ച്വല്‍ കോടതി മുറിയില്‍ ജഡ്ജ് കയറിയാല്‍ അവര്‍ എല്ലായ്‌പോഴും ആക്റ്റീവ് സ്പീക്കര്‍ ആയിരിക്കും. ഒപ്പം ബഞ്ചിലുള്ള ജഡ്ജിമാരോട് സ്വകാര്യമായി സംസാരിക്കാന്‍ സീക്രട്ട് റൂം. അനുവദിക്കപ്പെടുന്ന കോടതി നടപടികള്‍ വീക്ഷിക്കാനുള്ള അവസരം പബ്ലിക്കിനും ഉണ്ട്. ഇങ്ങനെ ഒരു പിടി പ്രത്യേകതകളുമായാണ് വി കണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ട് വന്നിരിക്കുന്നത്. ഇന്നത്തെ സെഷന് ശേഷം കൂടുതല്‍ ഫീച്ചറുകളും ബഹുമാനപ്പെട്ട ജഡ്ജുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത വേര്‍ഷനില്‍ ഉറപ്പായിട്ടും അതൊക്കെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.
ഇന്ന് കോടതിയില്‍ പങ്കെടുത്ത മുഴുവന്‍ അഭിഭാഷകരുടെയും ഫീഡ്ബാക്ക് ലഭ്യമായിട്ടില്ല. നാളെ കേരള ഹൈക്കോടതിയിലെ മൂന്ന് കോടതികള്‍ വി-കണ്‍സോള്‍ വിര്‍ച്വല്‍ കോര്‍ട്ടില്‍ ആയിരിക്കും എന്നറിയിച്ചിട്ടുണ്ട് . ഏതായാലും ഇതൊരു പുതിയ ചലഞ്ച് ആയിരുന്നു . ഇന്ന് ഇക്കാര്യത്തിനായി ആദ്യമായി ഹൈക്കോടതിയുടെ ഉള്ളില്‍ പ്രവേശിക്കാനും ഒരു കോടതി നടക്കുന്നത് എങ്ങിനെ എന്ന് അടുത്ത് നിന്ന് കാണുവാനും കഴിഞ്ഞു .