തോമസ് ബർലി, ഹോളിവുഡിലെ കൊച്ചിക്കാരൻ

തോമസ് ബർലി, ഹോളിവുഡിലെ കൊച്ചിക്കാരൻ
Summary

1953ല്‍ സിനിമ പഠിക്കാന്‍ ആഗ്രഹം മൂത്ത് ഹോളിവുഡിലേക്ക് പുറപ്പെട്ടൊരു മലയാളി. ചലച്ചിത്ര വിദ്യാര്‍ത്ഥിയായിരിക്കെ മര്‍ലണ്‍ ബ്രാന്‍ഡോയ്‌ക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത, വാര്‍ണര്‍ ബ്രദേഴ്‌സ് സ്റ്റുഡിയോയില്‍ കലാസംവിധായകന്റെ സഹായിയായി ഹോളിവുഡ് ജീവിതം തുടങ്ങിയൊരാള്‍ ഇന്ന് കൊച്ചിയിലുണ്ട്.

അഭിനേതാവും സംവിധായകനുമായ തോമസ് ബര്‍ലിയെക്കുറിച്ച് കെ.ആര്‍ സുനില്‍ എഴുതുന്നു

പണ്ട്, സിനിമയെന്ന ലക്ഷ്യവുമായി സിനിമാ മോഹികളേറെയും പോയിരുന്നത് മദ്രാസിലേക്കായിരുന്നു. അന്നത്തെ മലയാള സിനിമ കോടമ്പാക്കം പരിസരങ്ങളിലായിരുന്നു. ഹിന്ദി സിനിമകൾ കണ്ട് ചിലരെങ്കിലും ബോംബെയിലേക്ക് വണ്ടി കയറിയിട്ടുണ്ടാകാം, അവരെപ്പറ്റി അത്രയൊന്നും കേട്ടിട്ടില്ല. എന്നാൽ സിനിമയെ സ്നേഹിച്ച്, അങ്ങ് ഹോളിവുഡ് ലക്ഷ്യമാക്കി യാത്ര തിരിച്ച ഒരാൾ കേരളത്തിലുണ്ട്. ലോക പ്രശസ്തമായ ചില സിനിമകളുടെ ഭാഗമാവാൻ ഭാഗ്യം ലഭിച്ച കൊച്ചിക്കാരൻ തോമസ് ബർലി. പ്രായം 89 ആയെങ്കിലും അദ്ദേഹത്തിന്റെ ഓർമകൾക്ക് ഇന്നും നല്ല തെളിച്ചമാണ്.

‌കൊടുങ്ങല്ലൂരിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കെത്തിയ കുരിശിങ്കൽ എന്ന പുരാതന ക്രിസ്ത്യൻ തറവാട്ടിലാണ് ബർലി ജനിച്ചത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നാട്ടിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ആ തറവാട്. 1934 ൽ ഗാന്ധിയെ ക്ഷണിക്കാൻ പോയപ്പോൾ മാതാപിതാക്കളോടൊപ്പം ശിശുവായ ബർലിയുമുണ്ടായിരുന്നു, അന്ന്, ഗാന്ധിജിയുടെ കയ്യിൽ നിന്ന് ഒരു ഓറഞ്ച് ലഭിക്കാനുള്ള ഭാഗ്യവുമുണ്ടായി. എ.കെ.ജി. അടക്കമുള്ള നിരവധി നേതാക്കളുടെ ഇടത്താവളവുമായിരുന്നു ഒരുകാലത്ത് ആ വലിയ വീട്. രാജ്യം സ്വതന്ത്രമായതും നാടെങ്ങും ആഘോഷിച്ചതും ബർലിയുടെ കുട്ടിക്കാലത്തെ ഓർമയാണ്.

സെല്ലുലോയ്ഡിലേക്കുള്ള അസാധാരണ വഴി

മട്ടാഞ്ചേരിയിൽ അന്നുണ്ടായിരുന്ന ഏക ടാക്കീസിലെ പ്രദർശനമേറെയും അന്യഭാഷാ ചിത്രങ്ങളായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ മലയാള സിനിമ മാത്രമാണ് പുറത്തുവന്നിരുന്നത്. ഉന്തുവണ്ടിയിൽ സിനിമാ പരസ്യവുമായി, മുന്നിലും പിന്നിലും പെട്രോമാക്സുകൾ തലയിലേറ്റി നടന്നുള്ള പ്രചാരണം കാണാൻ കവലകളിലും വഴിവക്കിലും ആളുകൾ കാത്തുനിന്ന കാലം. ടാക്കീസിലെ വെള്ളിത്തിരയിൽ തെളിയുന്ന അത്ഭുതക്കാഴ്ചകൾക്കായി നടന്നും സൈക്കിളിലും ആൾക്കാരെത്തിച്ചേർന്നു, അന്ന് അതൊരു ഉത്സവമായിരുന്നു !സംഗീതജ്ഞനും നാട്ടുകാരനുമായ അഗസ്റ്റിൻ ജോസഫിനെ(യേശുദാസിന്റെ പിതാവ്) പോലെയുള്ള പലരും തറവാട്ടിലെ സന്ദർശകരായിരുന്നു. ഒരിക്കൽ അവിടേക്കെത്തിയ വിമൽകുമാർ എന്നൊരാൾ ബർലിയോട് അപ്രതീക്ഷിതമായി ഒരുകാര്യം ചോദിച്ചു, സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്, അദ്ദേഹം ഒരു മലയാള സിനിമ സംവിധാനം ചെയ്യാനൊരുങ്ങിയ സമയമായിരുന്നു. ബർലിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ തിരുവനന്തപുരത്തു വന്ന് സ്ക്രീൻ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

ആ നാളുകളിലൊന്നിൽ ബർലിയുടെ പിതാവിനെ കാണാനായി ഫോർട്ടു കൊച്ചിയിലെ നാടക സംവിധായകനും നടനുമായ ഹെഡ്ഡി മാസ്റ്ററെത്തി. കൂടെ രാമു എന്നു പേരുള്ള ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു ക്യാമറയുടെ വിൽപ്പനയായിരുന്നു വരവിന്റെ ലക്ഷ്യം. ബർലിയുടെ സിനിമാ സാധ്യതയെക്കുറിച്ച് പിതാവ് അവരുമായി സംസാരിച്ചു. സിനിമയിൽ താൽപര്യം തോന്നിയതിനാൽ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ അവരും ചേർന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന 'കരി ബസ്സി'ലായിരുന്നു യാത്ര. അഭിനയമോഹമുള്ള എഡ്ഡി മാസ്റ്റർ ബർളിയോടൊപ്പം സ്ക്രീൻ ടെസ്റ്റു നടത്തിയെങ്കിലും തിരഞ്ഞെടുത്തത് ബർലിയെ മാത്രമായിരുന്നു. ഒപ്പമുണ്ടായിരുന്ന രാമുവിന്റെ കലാവാസന തിരിച്ചറിഞ്ഞ വിമൽകുമാർ തന്റെ സഹായിയായി ചേർക്കുകയും ചെയ്തു. 'തിരമാല' എന്നു പേരിട്ട ആ ചിത്രത്തിന്റെ ആദ്യ ഷോട്ടെടുത്തതും രാമുവായിരുന്നു. അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിപ്പെട്ട ആ യുവാവാണ് പിൽക്കാലത്ത് ചെമ്മീനിലൂടെ മലയാളത്തിന് സുവർണ്ണ കമലം വാങ്ങിത്തന്ന രാമു കാര്യാട്ട്!


പ്രേംനസീർ, സത്യൻ തുടങ്ങിയവർ സിനിമയിലേക്കു വന്ന കാലമായിരുന്നു അത്. തിരമാലയിൽ ബർലിക്ക് ലഭിച്ചത് നായക കഥാപാത്രം; സത്യൻ വില്ലനും. വിമൽകുമാർ തന്നെയായിരുന്നു സംഗീതം, എം.എസ്. ബാബുരാജ് സംഗീത സഹായിയും, പി.ഭാസ്കരനായിരുന്നു ഗാനരചന. ചിത്രീകരണ നാളുകളിൽ പലപ്പോഴും അവരെല്ലാം ഒരു മുറിയിലാണ് കിടന്നുറങ്ങിയത്. 1953 ൽ തിരമാല റിലീസായപ്പോൾ പാട്ടുകളെല്ലാം ഹിറ്റായി. നാട്ടുകാർ ബർലിയെ ആരാധനയോടെ നോക്കി. എങ്കിലും സിനിമ പഠിക്കണമെന്ന ചിന്തയായിരുന്നു മനസിൽ. ഇംഗ്ലീഷ് സിനിമകളും അതിലെ കഥാപാത്രങ്ങളേയും ഇഷ്ടപ്പെട്ടിരുന്ന ബർലി അങ്ങനെയിരിക്കെ അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ച്ചേഴ്സിന് ഒരു കത്തെഴുതി, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണെന്ന ധാരണയിലാണ് ആ സാഹസം ചെയ്തത്. താമസിയാതെ അവരുടെ മറുപടിയെത്തി; അത് അക്കാദമി അവാർഡുകൾ കൊടുക്കുന്ന സ്ഥാപനമാണെന്നും ലോസ് ആഞ്ചലസിൽ സിനിമ പഠിപ്പിക്കുന്ന രണ്ട് യൂണിവേഴ്സിറ്റികളുണ്ടെന്ന കാര്യവും വിശദീകരിച്ചായിരുന്നു മറുപടി. ആവേശത്തിന് ഒട്ടും കുറവില്ലാത്തതിനാൽ 'തിരമാല'യിൽ അഭിനയിച്ച വിവരവും ചിത്രങ്ങളും ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയക്ക് ഒരു അപേക്ഷ അയച്ചത് വലിയ പ്രതീക്ഷയോടെ അല്ലായിരുന്നു. എന്നാൽ, ലോകപ്രശസ്തരായ പല സിനിമാക്കാരും പഠിച്ചിറങ്ങിയ ആ വിദ്യാലയത്തിലെ പ്രവേശന പരീക്ഷക്ക് ഹാജരാകാനുള്ള മറുപടി വന്നപ്പോൾ ബർലി അക്ഷരാർഥത്തിൽ ഞെട്ടി!

തോമസ് ബർലി
തോമസ് ബർലിഫോട്ടോ: കെ.ആര്‍.സുനില്‍
ഒരിക്കൽ, അസോസിയേഷന്റെ ചുമതലയുണ്ടായിരുന്ന ബർലിയും സുഹൃത്തുക്കളും ക്ഷണിച്ചത് ഹോളിവുഡിലെ സൂപ്പർസ്റ്റാർ മർലൺ ബ്രാൻഡോയെ ആയിരുന്നു. ഇന്ത്യയിൽ നിന്നാണ് താൻ വന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം വാചാലനായത് ഗാന്ധിയെക്കുറിച്ചും.

ലോസ് ആഞ്ചലസിലേക്ക് പറന്ന്...

യൂണിവേഴ്സിറ്റിയിൽ നിന്നും വിശദമായ യാത്രാപദ്ധതി അയച്ചു തന്നിരുന്നു. തിരമാലയിലെ അഭിനയത്തിന് പ്രതിഫലമായി ലഭിച്ച മോതിരം വിറ്റും ബാക്കി പണം വീട്ടിൽ നിന്നും വാങ്ങിയുമാണ് ബർലി അമേരിക്കയിലേക്ക് യാത്രയായത്. ബോംബെയിൽ നിന്ന് അമാനിലേക്കും തുടർന്ന് ഏതൻസിലേക്കും അവിടെനിന്ന് കോർക്കിലേക്കും ബോസ്റ്റണിലേക്കും പിന്നീട് ന്യൂയോർക്കിലേക്കുമാണ് യാത്ര. ഓരോ എയർപ്പോർട്ടിലും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയുള്ള കാലം. ഡക്കോട്ട പോലുള്ള ചെറിയ വിമാനങ്ങളിലെ യാത്രകൾ അത്രയൊന്നും സുഗമമല്ലായിരുന്നു. ലോസ് ആഞ്ചലസിൽ വിമാനമിറങ്ങിയപ്പോൾ ദിവസങ്ങൾ പിന്നിട്ടിരുന്നു. തുടർന്ന്, യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന വെസ്റ്റ് വുഡിലെത്തിച്ചേർന്നു. ചെറിയ തണുപ്പുള്ള കാലമായിരുന്നു അത്. അന്ന് താമസിച്ച ഹോട്ടലിൽ വച്ചാണ് ബർലി ആദ്യമായി ടെലിവിഷൻ കാണുന്നത് ! അടുത്ത ദിവസം തന്നെ യൂണിവേഴ്സിറ്റിയിലെത്തി രജിസ്റ്റർ ചെയ്തു. പ്രവേശന പരീക്ഷകളും പാസായി. വൈകാതെ പഠനമാരംഭിച്ചു. ലോകത്തിന്റെ പലയിടങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അവിടെയുണ്ടായിരുന്നു. സിനിമ അവിടെയുള്ള വിഷയങ്ങളിൽ ഒന്നു മാത്രം. വെസ്റ്റ് വുഡിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോളിവുഡിലേക്കെത്താൻ കേവലം 20 മിനിറ്റ് യാത്ര മതിയായിരുന്നു !

അയർലൻറുകാരനായ വിദ്യാർത്ഥിയോടൊപ്പമാണ് ബർലി ഹോസ്റ്റൽ മുറി പങ്കിട്ടത്. ഇന്ത്യക്കാർ വിരലിലെണ്ണാവുന്നവർ മാത്രവും. വീട്ടിലേക്ക് കത്തെഴുതിയാൽ എത്തിച്ചേരാൻ ചുരുങ്ങിയത് രണ്ടാഴ്ചയെടുത്തിരുന്നു. മാതൃഭാഷ സംസാരിക്കാൻ ആരേയും കിട്ടാതായി. പഠനത്തിനുള്ള പണം സ്വയം കണ്ടത്തേണ്ടതിനാൽ വിവിധ ജോലികൾ ചെയ്തു. പ്രഗൽഭരായ അധ്യാപകരായിരുന്നു ക്ലാസുകളെടുത്തത്. അഭിനയം പഠിപ്പിച്ചിരുന്ന നാൻസിയെന്ന അധ്യാപിക അറിയപ്പെടുന്ന നടി കൂടിയായിരുന്നു. അവർ പിന്നീട് അമേരിക്കൻ പ്രസിഡന്റായ റീഗന്റെ ഭാര്യയായി. പീറ്റർ ലോറെ, കാരി ഗ്രാന്റ് തുടങ്ങിയ പ്രശസ്തരായ പലരും ക്ലാസ്സെടുക്കാനെത്തിയിരുന്നു. അന്നവിടെ പഠിച്ചിരുന്ന ഗ്ലാഡിസ് സെന്റ പിന്നീട് മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പഠനത്തിന്റെ ഭാഗമായി ഹോളിവുഡിലെ സ്‌റ്റുഡിയോകൾ സന്ദർശിക്കുന്നത് പതിവായിരുന്നു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള താരങ്ങളിൽ പലരേയും സ്‌റ്റുഡിയോയിൽ വെച്ച് നേരിൽ കാണാനായി.

ബർലിയുടെ ഇഷ്ട വിഷയം തിരക്കഥയായിരുന്നു. വിദ്യാർഥികളുടെ മികച്ച രചനകൾ വിവിധ സ്റ്റുഡിയോകൾക്ക് യൂണിവേഴ്സിറ്റി അയച്ചു കൊടുക്കുന്ന പതിവുണ്ട്. ഒരിക്കൽ ബർലിയുടെ 'മായ ദി എലഫെന്റ്' എന്ന തിരക്കഥ വായിച്ച് പ്രസിദ്ധ നിർമ്മാതാക്കളായ കിംഗ് ബ്രദേഴ്സ് താൽപര്യമറിയിച്ചു. കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് അവർ സിനിമയാക്കിയത്. സ്റ്റുഡൻസ് വിസയായിരുന്നതിനാലുള്ള സാങ്കേതിക തടസ്സങ്ങളാൽ, ബർലിയുടെ ശരിയായ പേര് ടൈറ്റിലിൽ ഉൾപ്പെടുത്താനായില്ല. എങ്കിലും പ്രതിഫലമായി 2500 ഡോളർ ലഭിച്ചു. ഒരു വിദ്യാർഥിയെ സംബന്ധിച്ച് അന്നത് വലിയ തുകയായിരുന്നു !

മർലൺ ബ്രാൻഡോയിലെ ഗാന്ധിസ്നേഹി!

യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർഥികളുമായി സംവദിക്കാൻ ചിലപ്പോൾ പ്രമുഖരെത്തിയിരുന്നു. ജവഹർ ലാൽ നെഹ്റുവിനോട് സംസാരിക്കാനായത് മായാത്ത ഓർമയാണിപ്പോഴും. കർണ്ണാടകയിൽ നിന്ന് ഹോളിവുഡിലെത്തി വലിയ താരമായി മാറിയ സാബു ദസ്തഗിറിനെ (Sabu Dastagir) അക്കാലത്താണ് കാണാനായത്. ഒരിക്കൽ, അസോസിയേഷന്റെ ചുമതലയുണ്ടായിരുന്ന ബർലിയും സുഹൃത്തുക്കളും ക്ഷണിച്ചത് ഹോളിവുഡിലെ സൂപ്പർസ്റ്റാർ മർലൺ ബ്രാൻഡോയെ ആയിരുന്നു. ഇന്ത്യയിൽ നിന്നാണ് താൻ വന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം വാചാലനായത് ഗാന്ധിയെക്കുറിച്ചും. കുറച്ചു നാളുകൾക്കുശേഷം ബർലിയെ തേടി താരത്തിന്റെ വിളിയെത്തി, ഹോളിവുഡിലെ സുഹൃത്തുക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമായി സ്വന്തം വസതിയിൽ ഒരുക്കുന്ന വിരുന്നിനുള്ള ക്ഷണമായിരുന്നു അത് ! ബർലിയുടെ സഹോദരൻ അമേരിക്കയിലേക്ക് എത്തിച്ചേർന്ന സമയമായിരുന്നതിനാൽ അദ്ദേഹത്തേയും ഒപ്പംകൂട്ടി. മർലൺ ബ്രാൻഡോയുടെ കൊട്ടാര സദൃശ്യമായ വീട്ടിലെ വിരുന്നിൽ ഹോളിവുഡിലെ പ്രമുഖരിൽ പലരേയും കാണാനും പരിചയപ്പെടാനും കഴിഞ്ഞിരുന്നു , ഗാന്ധിയുടെ നാട്ടുകാരനെന്ന പരിഗണനയാലായിരുന്നു തന്നെ ക്ഷണിച്ചതെന്നും ബർലി പറഞ്ഞു.

യൂണിവേഴ്സിറ്റിയിലെ രണ്ടുവർഷത്തെ പഠനശേഷം ലോസ് ആഞ്ചലസിൽ തന്നെ തുടരാനായിരുന്നു ബർലിയുടെ പദ്ധതി. അതിനായി ഗ്രീൻ കാർഡും സംഘടിപ്പിച്ചു. തിരക്കഥാ രചനയിലാണ് താൽപര്യമെങ്കിൽക്കൂടി അഭിനയിക്കാനുള്ള അവസരങ്ങളാണ് തേടി വന്നത്. ഇരുപത്തഞ്ചിലേറെ കൗബോയ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു ! ഇന്ത്യൻ കഥാപാത്രങ്ങൾക്ക് അവിടെ സാധ്യത കുറവായിരുന്നതിനാലും തനിക്ക് ചെറിയ മെക്സിക്കൻ ഛായ ഉള്ളതിനാലും അത്തരം വേഷങ്ങളാണ് തന്നെത്തേടിയെത്തിയതെന്ന് ബർലി പറയുന്നു. സിനിമ മാത്രമല്ല നിരവധി സീരിയലുകളിലും വേഷമിട്ടു. അന്നെല്ലാം ബ്ലാക്ക് ആന്റ് വൈറ്റ് സീരിയലുകളായിരുന്നു. അതിലും മെക്സിക്കൻ വില്ലൻ വേഷങ്ങൾ തന്നെ ! സിനിമയിലേയും സീരിയലിലേയും നായകൻമാരുടെ വെടിയേറ്റ് തന്റെ കഥാപാത്രങ്ങൾ പലവട്ടം കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ, മരിച്ചു വീഴുന്ന രംഗങ്ങൾ അനായാസം കൈകാര്യം ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡിലെ ഇന്ദ്രറാണി

ഫ്രഞ്ച് സംവിധായകനായ ജാൻ സാഡ്ലൊ ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരു സിനിമയെടുക്കാൻ തയ്യാറെടുത്തപ്പോൾ ബർലിയെയാണ് സഹായിയാക്കിയത്. 'ഇന്ദ്രറാണി' എന്നായിരുന്നു സിനിമക്ക് കരുതി വെച്ചിരുന്ന പേര്. ഹോളിവുഡിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന സംഘത്തെപ്പറ്റിയുള്ളതായിരുന്നു പ്രമേയം. സിനിമക്ക് ഇന്ത്യയിൽ നിന്നും ഒരു സഹ നിർമ്മാതാവിനേയും നായികയേയും ആവശ്യമായതിനാൽ അവരെ കണ്ടെത്താൻ വേണ്ടി സംവിധായകനൊപ്പം ബർലിയും ബോംബെയിലെത്തി. ഒരാഴ്ചയോളം താജ് ഹോട്ടലിൽ താമസം. ബോംബെ സിനിമാലോകത്ത് അവരുടെ വരവ് വാർത്തയായി മാറിയിരുന്നു. സുനിൽദത്ത്, ദേവാനന്ദ് തുടങ്ങിയ, ബോളിവുഡിലെ പ്രശസ്തർ ഡിന്നറിനു ക്ഷണിച്ചു. താജിൽ തന്നെയായിരുന്നു നായികയെ കണ്ടെത്താനുള്ള ഇന്റർവ്യൂ. അന്നവിടെ വന്ന പെൺകുട്ടികളിൽ ഏറ്റവും സുന്ദരി, പിന്നീട് ബോളിവുഡിലെ നായികയായി മാറിയ ഹേമമാലിനിയായിരുന്നു. പക്ഷേ, ഇന്ത്യയിൽ ഷൂട്ടു ചെയ്യുന്ന സിനിമകൾ ഇവിടെയുള്ള ലാബുകളിൽത്തന്നെ പ്രൊസസ് ചെയ്യണമെന്ന നിയമം അന്നുണ്ടായിരുന്നതിനാൽ അതിനോടു പൊരുത്തപ്പെടാനാവാത്ത സംവിധായകനോടൊപ്പം ബർലിയും ഹോളിവുഡിലേക്ക് തിരിച്ചു പോയി, 'ഇന്ദ്രറാണി' കടലാസിൽ മാത്രമൊതുങ്ങി.

തോമസ് ബർലി
തോമസ് ബർലിഫോട്ടോ: കെ.ആര്‍.സുനില്‍

ഓസ്കാർ ജേതാവും വാർണർ ബ്രദേഴ്സും

അധികം വൈകാതെ ഹോളിവുഡിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ വാർണർ ബ്രദേഴ്സിൽ ബർലിക്ക് ജോലി ചെയ്യാൻ അവസരം കിട്ടി. കലാസംവിധായകന്റെ സഹായിയായാണ് അവിടെയെത്തിയത്. ഹെമിങ്ങ് വേയുടെ വിഖ്യാത നോവലായ കിഴവനും കടലുമായിരുന്നു ( The Old Man and the Sea) പ്രമേയം. അതിനായി സ്‌റ്റുഡിയോയിലെ കൂറ്റൻ സ്ക്രീനുകളിൽ ആകാശവും ചക്രവാളവും മറ്റും സ്വാഭാവികതയോടെ വരച്ചു ചേർക്കണമായിരുന്നു. സ്ക്രീനിന്റെ മുന്നിലായി കൃത്രിമമായി തിരമാലയും. മാറുന്ന സീനുകൾക്കനുസരിച്ച് സ്ക്രീനിൽ സ്പ്രേ പെയിന്റു ചെയ്യുക എന്നതായിരുന്നു ബർലിയടക്കമുള്ള സഹായികളുടെ ജോലി. പ്രധാന കഥാപാത്രമായ കിഴവനായി അഭിനയിച്ചത് വിഖ്യാത നടനായ സ്പെൻസർ ട്രേസിയായിരുന്നു. ആ ദിവസങ്ങളിൽ അദ്ദേഹവുമായി നല്ല അടുപ്പമായി. വേർതിരിവുകളില്ലാതെ ഒരുമിച്ചിരുന്നായിരുന്നു ഭക്ഷണം. കടലിൽ സ്രാവിനോടു മല്ലിടുന്ന മുക്കുവനായി തകർത്തഭിനയിച്ച സ്പെൻസർ ട്രേസിക്കായിരുന്നു മികച്ച നടനുളള ഓസ്കാർ ലഭ്യമായത്!

ഇതിനകം ബർലിക്ക് മികച്ച പല സൗഹൃദങ്ങളുണ്ടായി. അതിലൊരാൾ ഇന്ത്യയിലെ സൂപ്പർസ്റ്റാർ ദിലീപ് കുമാറിന്റെ (യൂസഫ് ഖാൻ) സഹോദരൻ അസ്ലംഖാനായിരുന്നു. ഒരു സിനിമയുടെ ഇന്ത്യയിലെ വിതരണത്തിനായി സുഹൃത്തിനോടൊപ്പം ഹോളിവുഡിലെത്തിയതായിരുന്നു അദ്ദേഹം. ബർലിയുമായി സൗഹൃദത്തിലായ അസ്ലംഖാൻ, ഒന്നര വർഷക്കാലം ഒരുമിച്ചാണ് താമസിച്ചിരുന്നത്. ആ നാളുകളിൽ ജോലിക്കിടെ ബർലിയുടെ കൈകൾക്ക് സാരമായി പരിക്കേറ്റിരുന്നു. കഴിച്ച മരുന്നുകളിലൊന്ന് വലിയ അലർജിയായി മാറി, ശൈത്യകാലത്ത് ശരീരം നീരുവന്നു വീർത്തു , നടക്കാൻ കഴിയാതെയായി. ബർലിയുടെ സിനിമാ സ്വപ്നങ്ങൾക്ക് അത് തടസ്സമായി മാറി. ഹോളിവുഡിൽ അതുവരെയുണ്ടായ സൗഹൃദങ്ങളും സാധ്യതകളും ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു പോരേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ മനസ്സ് നിരാശയിലേക്ക് കൂപ്പുകുത്തി.

സിനിമയിൽ നിന്ന് ചെമ്മീനിലേക്ക്

ബർലി തന്റെ സുഹൃത്തായ അസ്ലംഖാനുമായി അവസ്ഥകളെല്ലാം പങ്കിടാറുണ്ടായിരുന്നു. കലയേക്കാളും കച്ചവടത്തിൽ തൽപ്പരനായ അദ്ദേഹം ഒരു ആശയം മുന്നോട്ടു വെച്ചു , ധനികനായ മറ്റൊരാളേയും ചേർത്ത് കൊച്ചിയിൽനിന്ന് അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റി അയക്കുക എന്നതായിരുന്നു നിർദ്ദേശം. ബർലിയുടെ മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ അസ്ലംഖാന്റെ തീരുമാനത്തിനൊപ്പം നിന്നു. തുടർന്ന് ഒരു ഇന്ത്യാക്കാരനെ കണ്ടെത്തുകയും മൂവരും ചേർന്നുള്ള സംരംഭത്തിന് ' ത്രീ ഓഷൻസ് ' എന്ന പേരു നൽകുകയും ചെയ്തു. അങ്ങനെ, പതിനാലു വർഷങ്ങൾ നീണ്ട ഹോളിവുഡ് ജീവിതമവസാനിപ്പിച്ച് കേരളത്തിലേക്ക് യാത്ര തിരിച്ചു.

നാട്ടിലെത്തിയ ബർലി കണ്ടത് മലയാള സിനിമയുടെ മാറിയ ലോകമാണ് ! തന്റെ ആദ്യ സിനിമയായ 'തിരമാല'യുടെ അണിയറക്കാരിൽ പലരും സിനിമയിൽ തിരക്കുള്ളവരായി മാറിയിരുന്നു. 'ചെമ്മീനി'നു ശേഷം രാമു കാര്യാട്ട് അടുത്ത സിനിമകളുടെ പണിപ്പുരയിലായിരുന്നു, മറ്റൊരു സഹായിയായിരുന്ന ശശികുമാർ (ജോൺ) അറിയപ്പെടുന്ന സംവിധായനായി മാറി, നീലക്കുയിലിനെത്തുടർന്ന് പി.ഭാസ്കരൻ മാഷ് മലയാളികളുടെ പ്രിയ ഗാനരചയിതാവായി, 'തിരമാല'യുടെ സംവിധായൻ വിമൽ കുമാർ പക്ഷേ, എങ്ങുമെത്താതെയും പോയി. ഏറെ സങ്കടത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന മറ്റൊരു കാഴ്ച, അസുഖ ബാധിതനായ എം.എസ്. ബാബുരാജിനെ മദ്രാസിലെ ഒരു ആശുപത്രിയിൽ കണ്ടതാണ്, അവിടെയുള്ള വാർഡുകളിലൊന്നിൽ തറയിൽ പായവിരിച്ചാണ് അദ്ദേഹം കിടന്നിരുന്നത്. ആ പ്രതിഭയുടെ അവസാന നാളുകൾ ഏറെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു.

സിനിമയിൽ നിന്ന് മാറി തന്റെ സഹോദരങ്ങളോടൊപ്പം ചെമ്മീൻ കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബർലി താമസിയാതെ വിവാഹിതനായി. സോഫിയാണ് ഭാര്യ. കാലങ്ങൾ പിന്നിട്ടപ്പോൾ ബർലിയുടെ കയറ്റുമതി കേരളത്തിലെ ഒന്നാം നിരയിലേക്കെത്തി. മകനായ തരുൺ, മരുമകനായ ജോർജ് എന്നിവർ വിവിധ രാജ്യങ്ങളിലെ ബിസിനസ്സ് ഏറ്റെടുത്തു. മകൾ റ്റാനിയ എബ്രഹാം എഴുത്തുകാരിയും ക്യൂറേറ്ററുമാണ്. മറ്റൊരു മകളായ റ്റെമീന വീട്ടമ്മയും. ഇതിനിടയിലും ബർലിയുടെ മനസ്സിലേക്ക് കഥയും കഥാപാത്രങ്ങളും വന്നുകൊണ്ടിരുന്നു. ഹിച്ച്കോക്ക് സിനിമകളുടെ കടുത്ത ആരാധകനായ അദ്ദേഹം പലതും തിരക്കഥകളാക്കി മാറ്റി. തുടർന്ന് രണ്ടു സിനിമകൾ സംവിധാനം ചെയ്തു. ഷീല, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച 'ഇതു മനുഷ്യനാണോ' എന്ന ആദ്യ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച് അർജുനൻ മാസ്റ്റർ ഈണമിട്ട 'സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു' എന്ന ഗാനം ആസ്വാദകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. പ്രേംനസീർ നായകനായ 'വെള്ളരിക്കാപ്പട്ടണം' രണ്ടാമത്തെ ചിത്രവും. ഫോർട്ടു കൊച്ചിയിലെ പഴയ പരിചയക്കാരനും ഗാനഗന്ധർവ്വനുമായ യേശുദാസാണ് ബർലിയുടെ സിനിമകൾക്കുവേണ്ടി പാടിയത് !

ഡബിള്‍ ബാരലില്‍ തോമസ് ബര്‍ലി
ഡബിള്‍ ബാരലില്‍ തോമസ് ബര്‍ലി

ഹോളിവുഡ് ജീവിതാനുഭവങ്ങൾ ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി നാലു പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. കാർട്ടൂണുകളും വരയ്ക്കുന്നു , തന്നെ തേടിയെത്തുന്ന പുതിയ തലമുറക്കാരോട് പഴയ അനുഭവങ്ങൾ പങ്കിടുന്നു. ഏറേ കാലങ്ങൾക്കു ശേഷം ഒരു മലയാള സിനിമയിലും ബർലി അഭിനയിച്ചു , ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഡബിൾ ബാരൽ' എന്ന സിനിമയിൽ ഹോളിവുഡ് സ്റ്റൈലിലുള്ള അധോലോക നായകന്റെ വേഷമായിരുന്നു ചെയ്തത്. പുതിയ തലമുറയോടൊപ്പമുള്ള ജോലി ആസ്വാദ്യകരമായിരുന്നു. എന്നാൽ , ഹോളിവുഡിൽ ചെയ്തിട്ടുള്ള മെക്സിക്കൻ വില്ലൻ കഥാപാത്രങ്ങളെപ്പോലെത്തന്നെ ഈ സിനിമയിലും വെടി കൊണ്ട് മരിക്കാനായിരുന്നു തന്റെ യോഗമെന്ന് അദ്ദേഹം പറഞ്ഞത് ചിരിയോടെയായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in