
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനമേളയായ ജൈടെക്സിനോട് അനുബന്ധിച്ച് സ്റ്റാർട് അപുകള്‍ക്കായി 'സെൻട്രൽ' സംരംഭക വാരം തുടങ്ങി. ജൈടെക്സ് സംഘാടകരായ എക്സ്പാന്‍റ് നോർത്ത് സ്റ്റാറിന്‍റെ കമ്മ്യൂണിറ്റി പങ്കാളിയായ സെന്‍ട്രലാണ് സംരംഭകവാരം ഒരുക്കിയിട്ടുളളത്. നിക്ഷേപകരെയും പുതിയ ആശയങ്ങളെയും ശാക്തീകരിക്കുകയെന്നുളളതാണ് സംരംഭകവാരം ലക്ഷ്യമിടുന്നത്.
17 വരെ നീണ്ടുനില്‍ക്കുന്ന സംരംഭകവാരത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍, നിക്ഷേപ അവസരങ്ങള്‍, ആഗോള വ്യാപാര ആശയങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെഷനുകളുണ്ടാകും. ഡിജിറ്റൽ രംഗത്തെ നൂതന പ്രവണതകൾ, ക്രിപ്റ്റോ കറൻസി, റെഗുലേഷനുകൾ, വെബ് ഡവലപ്മെന്‍റ്, നിർമിത ബുദ്ധി തുടങ്ങി വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് വിദഗ്ധർ പങ്കെടുക്കുന്ന പാനല്‍ ചർച്ചകളും നെറ്റ്‌വർക്കിങ് സെഷനുകളുമുണ്ടാകും.
ജിസിസി മേഖലയിലെ വിവിധ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്ന സെഷനുകളുമുണ്ട്. വിവിധ സെഷനുകളില്‍ നിരവധി നിക്ഷേപകരും പങ്കെടുക്കുമെന്നും സംഘാടകര്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോള്‍ഡോവ, യുറേഷ്യ, യുഎഇ മേഖലകളിലെ അവസരങ്ങളും, അതിര്‍ത്തി കടന്നുള്ള സഹകരണവും വിവരിക്കുന്ന വിവിധ പരിപാടികളുമുണ്ടാകും. ടെക് മേഖലയില്‍ താല്പര്യമുള്ളവര്‍, ഡിവലപര്‍മാര്‍, പോളിസി മേയ്ക്കര്‍മാര്‍ എന്നിവര്‍ എ.ഐ, പ്രൈവസി, ഇന്നൊവേഷന്‍ സംബന്ധിച്ച ആശയങ്ങള്‍ പങ്കുവെക്കും. പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ഥാപനമേധാവിക്ക് 10,000 ഡോളര്‍ മൂല്യമുള്ള സമ്മാനവും സ്വന്തമാക്കാം.വാര്‍ത്താസമ്മേളനത്തില്‍ സെന്‍ട്രല്‍ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഫീസ് റഹ്‌മത്തുള്ള, ബ്രാന്‍ഡ് മാനേജര്‍ റൂബി ഷാ, ബിസിനസ് മാനേജര്‍ അബീര്‍ അല്‍ അലാവി തുടങ്ങിയവര്‍ പങ്കെടുത്തു.