
ഷാർജയില്‍ നടക്കുന്ന 16 മത് കുട്ടികളുടെ വായനോത്സവത്തില്‍ കലാപരമായ കഴിവുകളെ ഉത്തേജിപ്പിക്കുന്ന നിരവധി ശില്‍പശാലകളുണ്ട്. ആലോചിക്കൂ, നിർമ്മിക്കൂ എന്ന തലക്കെട്ടിലൊരുക്കിയ ശില്‍പശാലയില്‍ മുളകൊണ്ട് വിവിധ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാനായി നിരവധി കുട്ടികളാണ് ഒത്തുകൂടിയത്.
കുട്ടികളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയെന്നുളളതാണ് ഓരോ ശില്‍പശാലകളും ലക്ഷ്യമിടുന്നതെന്ന് ഫൺ റോബോട്ടിക്‌സിലെ ലീഡ് ഇൻസ്ട്രക്ടർ ഒമർ അൽസുആബി പറഞ്ഞു. മുളകൊണ്ട് വിവിധ കരകൗശല വസ്തുക്കളൊരുക്കാന്‍ ആവേശത്തോടെയാണ് കുട്ടികള്‍ ശില്‍പശാലയിലേക്ക് എത്തിയത്. ഒന്‍പത് വയസുളള മുഹമ്മദ് മുളകൊണ്ട് ഒരു ടവറാണ് നിർമ്മിച്ചത്. ബലമുളള അടിത്തറയാണ് ഏത് നിർമ്മിതിയുടെയും അടിസ്ഥാനമെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നാണ് ഒന്‍പതുവയസുകാരനായ ചാഫിയ അഹമ്മദ് പറയുന്നത്.
ഫിലീപ്പൈന്‍ സ്വദേശിയായ ഹയറിന്‍ മക്കളുമൊത്താണ് വായനോത്സവത്തിനെത്തിയത്. ഇലിയാനയും ഡൈനയും വായനോത്സവത്തിലെ വിവിധ ശില്‍പശാലകളുടെ ഭാഗമായി. എല്ലാ വർഷവും വായനോത്തിലെത്താറുണ്ട്. കുട്ടികള്‍ക്ക് വായന ഇഷ്ടമാണ്. പുസ്തങ്ങള്‍ വാങ്ങാറുണ്ട്. കഴിയാവുന്നതത്രയും ശില്‍പശാലകളില്‍ പങ്കെടുക്കാറുണ്ടെന്നും ഹയറീന്‍ പറഞ്ഞു.
ഏപ്രില്‍ 23 മുതല്‍ മെയ് 4 വരെയാണ് വായനോത്സവം നടക്കുന്നത്. പുസ്തങ്ങളിലേക്ക് ഇറങ്ങുകയെന്നുളള സന്ദേശം നല്‍കിയാണ് വായനോത്സവം പുരോഗമിക്കുന്നത്. പ്രവേശനം സൗജന്യമാണ്.