ഗള്‍ഫ് അനുഭവങ്ങള്‍ പങ്കുവയ്ക്കാം, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിനൊപ്പം നാളെ പുസ്തകോത്സവത്തില്‍

ഗള്‍ഫ് അനുഭവങ്ങള്‍ പങ്കുവയ്ക്കാം, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിനൊപ്പം നാളെ പുസ്തകോത്സവത്തില്‍
Published on

സാഹിത്യകാരന്‍ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നയിക്കുന്ന "ഗൾഫനുഭവങ്ങൾ പറയൂ,കേൾക്കൂ" സംവാദ പരിപാടി നാളെ മുതല്‍ മൂന്ന് ദിവസം ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടക്കും. നാളെ മുതല്‍ എട്ടാം തിയതി വരെ വൈകുന്നേരം ആറ് മണിക്ക് ഐവറി ബുക്സിന്‍റെ സ്റ്റാളിലാണ് സംവാദ പരിപാടി നടക്കുക. ഗള്‍ഫ് മേഖലയില്‍ പ്രവാസജീവിതം നയിക്കുന്നവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുകയെന്നുളളതാണ് പരിപാടിയുടെ ലക്ഷ്യം. പിന്നീട് ഐവറി ബുക്സ് ഇത് പുസ്തകമാക്കി ഇറക്കുകയും ചെയ്യും. കേരളത്തിന് പുറമെ യുഎഇയിലേക്കും ചുവടുറപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ഐവറി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്റ്റാളൊരുക്കി സജീവമായിരിക്കുന്നത്. ഷാ‍ർജയില്‍ ഓഫീസും തുറന്നിട്ടുണ്ടെന്ന് ഐവറി ബുക്സ് സിഇഒ പ്രവീണ്‍ വൈശാഖന്‍ പറഞ്ഞു.

പ്രായം കുറഞ്ഞ ഗ്രാഫിക് എഴുത്തുകാരനായ ഇന്ത്യാ ബുക്ക് ഫെയിം ആയുഷ് ഡെന്നിയുടെ ലൈവ് ഡെമോ പരിപാടിയും ഐവറി ബുക്സ് സംഘടിപ്പിക്കുന്നുണ്ട്. പുസ്തകോത്സവത്തിന്‍റെ അവസാന ദിവസമായ നവംബർ 13 ന് രാത്രി 9 നും 9.25 നുമിടയില്‍ റൈറ്റേഴ്സ് ഫോറം ഹാളില്‍ എഴുത്തുകാരന്‍ ആനന്ദ നീലകണ്ഠന്‍ സിഗ്നിഫിക്കന്‍സ് ഓഫ് ഗ്രേറ്റ് ഇന്ത്യന്‍ എപിക്സ് ഫോർ മില്ലേനിയേഴ്സ് ആന്‍റ് ജെന്‍ ഇസഡ് എന്ന വിഷയത്തെ കുറിച്ചും സംസാരിക്കും.

മലയാളികളായ ഗൾഫ് എഴുത്തുകാർക്കായി സാഹിത്യ ക്യാമ്പുകൾ,ഏക ദിന വർക്ക് ഷോപ്പുകൾ ,കേരളത്തിൽ നിന്നുമുള്ള പ്രസിദ്ധരായ എഴുത്തുകാരുമായുള്ള മുഖാമുഖ ചർച്ചകൾ എന്നിവയിലൂടെ ഗൾഫ് മേഖലയിലേ എഴുത്തുകാരെ മുഖ്യധാര എഴുത്ത് മേഖലയിലേക്ക് കൊണ്ടുവരികയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് യുകെയിലെ ഉക്സ് ബ്രിഡ്ജ് ആസ്ഥാനമാക്കി ഇംഗ്ലീഷ് പുസ്തക പ്രസാധനത്തിനും ഐവറി തുടക്കമിട്ടുണ്ട്. സാഹിത്യകാരനായ ട്ടി.ഡി.രാമകൃഷ്ണന്‍റെ 'മാമ ആഫ്രിക്ക' എന്ന പ്രസിദ്ധ നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷയാണ് ആദ്യ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. വാർത്താസമ്മേളനത്തില്‍ ഐവറി ബുക്ക്സ് ഷാർജ ഓഫീസ് പ്രതിനിധി ഹുസേഫ ഫക്രുദ്ദീന്‍, ലോക കേരള സഭാ അംഗം പി പത്മനാഭന്‍ എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in