കേരളത്തെ അപമാനിക്കാനുളള ശ്രമം മലയാളികള്‍ ചെറുത്തുതോല്‍പിക്കും: മുരുകന്‍ കാട്ടാക്കട

കേരളത്തെ അപമാനിക്കാനുളള ശ്രമം മലയാളികള്‍ ചെറുത്തുതോല്‍പിക്കും: മുരുകന്‍ കാട്ടാക്കട

ചില സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന പ്രത്യയ ശാസ്ത്രം അല്ലെങ്കില്‍ ദർശനം ബഹുസ്വര സമൂഹത്തിന് ചേർന്നതല്ലെന്ന് ദ കേരള സ്റ്റോറിയെന്ന സിനിമയുടെ പ്രമേയം പരാമർശിച്ച് കവി മുരുകന്‍ കാട്ടാക്കട. കേരളത്തെ അപമാനിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും പ്രബുദ്ധരായ മലയാളികള്‍ ചെറുത്തുതോല്‍പ്പിക്കുകതന്നെ ചെയ്യും.സിനിമ പ്രദർശിപ്പിച്ച തിയറ്ററുകളില്‍ ആരും കേറാന്‍ തയ്യാറായിട്ടില്ലെന്നുളളത് വസ്തുതയാണ്. ബോധപൂർവ്വം സിനിയിലേക്ക് ആളുകളെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും ആരും കേറിയിട്ടില്ലയെന്നുളളതാണ്.അതില്‍ ജാതിയോ മതമോ രാഷ്ട്രീയമോയില്ല, സിനിമ കാണാൻ തയ്യാറാകത്തത് മലയാളികളുടെ പൊതുബോധമാണന്നും അദ്ദേഹം വിലയിരുത്തി. എന്നാൽ ഇതെല്ലാം പരീക്ഷണങ്ങളാണെന്നും ഇനിവരാനിരിക്കുന്നത് ഇതിലും വലുതാകുമെന്നുളളത് പേടിയോടെയാണ് കാണുന്നതെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബിൻറെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടിമലയാളം പരിപാടിയുടെ ഭാഗമായി ആരംഭിച്ച ലോകത്തെ ആദ്യ മലയാളം മിഷന്‍ ക്ലബിന്‍റെ ഉദ്ഘാടന ചടങ്ങിന് മന്ത്രി സജി ചെറിയാനാണ് എത്തേണ്ടിയിരുന്നത്. സാങ്കേതിക തടസ്സമുണ്ടായതിനാലാണ് മന്ത്രി സജി ചെറിയാന്‍റെ യുഎഇ യാത്ര മുടങ്ങിയതെന്നും മലയാളം മിഷന്‍ ഡയറക്ടർ മുരുകന്‍ കാട്ടാക്കട വിശദീകരിച്ചു. വ്യാഴാഴ്ച വൈകി അദ്ദേഹത്തിന് യാത്രാനുതി ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിർച്വലായാണ് മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നടത്തിയത്. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ നാടിന്‍റെ പ്രതീക്ഷ. വൈവിധ്യത്തെ ബഹുമാനിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.അത് കുറച്ചുകുറഞ്ഞുവരുന്നുണ്ടോയെന്നുളളതാണ്.നൂറു നൂറുവർണമുളള നൂറു പൂവുകള്‍ നിറഞ്ഞ പൂവനമാണ് ഇന്ത്യ,എന്നതോതില്‍ നിലനിർത്താൻ കഴിയുന്നുണ്ടോ നമ്മുടെ ഭരണാധികാരികള്‍ അക്കാര്യത്തില്‍ ശ്രദ്ധാലുക്കളാണോയെന്നുളളത് ക്രിയാത്മകമായി ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ് : അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു

മലയാള ഭാഷയ്ക്ക് ആഗോള പ്രചാരം നല്‍കുന്നതിനായാണ് സംസ്ഥാന സ‍ർക്കാർ മലയാളം മിഷന്‍ ക്ലബുകള്‍ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ തന്നെ കുട്ടിമലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബിനാണ് വെളളിയാഴ്ച അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ തുടക്കമായത്. എവിടെ മലയാളി, അവിടെയെല്ലാം മലയാളം എന്നതിലൂന്നി മലയാളം മിഷന്‍ അജ്മാന്‍ ചാപ്റ്ററിന്‍റെ കീഴിലായിരിക്കും ക്ലബ് പ്രവർത്തിക്കുക. മന്ത്രി സജി ചെറിയാന്‍ വിർച്വലായി ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയില്‍ മലയാളം മിഷന്‍ ഡയറക്ടർ മുരുകന്‍ കാട്ടാക്കട ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. പത്താം ക്ലാസിന് തുല്യമായ ഭാഷാ തത്തുല്യ സർട്ടിഫിക്കറ്റാണ് നീലക്കുറഞ്ഞി കോഴ്സ് പൂർത്തിയാക്കുമ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കുക. സംസ്ഥാന സർക്കാരിന്‍റെ സാംസ്കാരിക വകുപ്പ് 3 പ്രധാന പദ്ധതികളാണ് മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കുന്നത്. കുട്ടിമലയാളം (മലയാളം മിഷന്‍ ക്ലബുകള്‍ സ്കൂളുകളിലേക്ക് കൊണ്ടുവരികയെന്നുളളതാണ് ലക്ഷ്യം), ബഹ്റൈനില്‍ നടപ്പിലാക്കുന്ന വിശ്വമലയാളം ( സ്വന്തം ഭാഷയിൽ സാക്ഷരരാകുന്ന ആദ്യ പ്രവാസി സമൂഹമായി മലയാളിയെ മാറ്റുക ലക്ഷ്യം ), അനന്യമലയാളം ( കേരളത്തിലെ അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുക ലക്ഷ്യം) പത്താം ക്ലാസ് വരെയോ ഡിഗ്രി വരെയോമലയാള ഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികള്‍ക്ക് സംസ്ഥാന സർക്കാരിന്‍റെ എൻ‍ട്രി കേഡറില‍ പ്രൊബേഷൻ പൂർത്തിയാക്കണമെങ്കില്‍ ഭാഷാപരിജ്ഞാന സർട്ടിഫിക്കറ്റ് അനിവാര്യമാണ്. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ നീലക്കുറിഞ്ഞി കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക് മെട്രിക്കുലേഷന്‍ നിലവാരത്തിലുളള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സീനിയർ ഹയർ ഡിപ്ലോമ സർട്ടിഫിക്കറ്റുകള്‍ നല‍്കുമെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.

ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ് അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ വിർച്വലായി ഉദ്‌ഘാടനം നിർവ്വഹിക്കുന്നു
ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ് അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ വിർച്വലായി ഉദ്‌ഘാടനം നിർവ്വഹിക്കുന്നു

ഹാബിറ്റാറ്റ് സ്കൂളിലെ 714 വിദ്യാർത്ഥികളാണ് നിലവില്‍ ക്ലബിലെ അംഗങ്ങള്‍. വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് മലയാളഭാഷയുമായുളള അടുപ്പം വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച കുട്ടിമലയാളത്തിനും അതിലൂടെ നീലക്കുറിഞ്ഞി കോഴ്സിനും വിദ്യാർത്ഥികളെ സജ്ജരാക്കാൻ സ്കൂളിലെ മലയാളം മിഷന്‍ ക്ലബിന് സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷംസു സമാൻ പറഞ്ഞു. സ്കൂളുകളില്‍ ടൈം ടേബില്‍ വലിയ വ്യത്യാസം വരുത്താതെ കുട്ടികള്‍ക്ക് മലയാളം കൂടി പഠിക്കാനുളള സൗകര്യമൊരുക്കുകയാണ് ക്ലബിലൂടെ ഹാബിറ്റാറ്റ് സ്കൂള്‍. അത്തരം മാതൃക മറ്റ് സ്കൂളുകളിലേക്ക് കൂടി വ്യാപിപിക്കാനാണ് ലക്ഷ്യമിടുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ മലയാളം പഠിപ്പിക്കാൻ താല്‍പര്യമുളളവർക്ക് കുട്ടികളെ പഠിപ്പിക്കാനായി മലയാളം മിഷന്‍റെ ഭാഗമാകാം. അധ്യാപകർ തികച്ചും സേവനമെന്ന രീതിയിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഒരു വർഷം അധ്യാപനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്‍റെ തിരിച്ചറിയല്‍ കാർഡ് നല്‍കും.കേരളത്തില്‍ വരുമ്പോള്‍ ഏത് ഓഫീസിലും സർക്കാരിന്‍റെ ഭാഗമാണെന്ന രീതിയില്‍ തിരിച്ചറിയല്‍ കാർഡ് ഉപയോഗിക്കാനാകും.5 വർഷം പൂർത്തിയാക്കുന്നവരെ മലയാണ്‍മയെന്ന അന്തർദേശീയ ഭാഷാദിനത്തില്‍ ആദരിക്കും. മുഖ്യമന്ത്രി പ്രശസ്തി പത്രവും ഫലകവും നല്‍കും. അതോടൊപ്പം തന്നെ 5 വ‍ർഷം പൂർത്തിയാക്കുന്നവർക്ക് പ്രവാസി ക്ഷേമവേദിയിലെ അംഗത്വം നല്‍കുകയും അംഗത്വ ഫീസ് മലയാളം മിഷന്‍ അടയ്ക്കുകയെന്നതു സംബന്ധിച്ചുളള ചർച്ചകളും പുരോഗമിക്കുകയാണെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. ചടങ്ങിന് ശേഷം ക്ലബ് അംഗങ്ങളുമായി അദ്ദേഹം സംവദിച്ചു. ആദില്‍ (സിഇഒ,അക്കാദമിക്സ് ഹാബിറ്റാറ്റ് സ്കൂള്‍), കെ എല്‍ ഗോപി (മലയാളം മിഷന്‍ യുഎഇ കോർഡിനേറ്റർ), ബാലാ റെഡ്ഢി അമ്പാട്ടി (പ്രിൻസിപ്പൽ, ഹാബിറ്റാറ്റ് സ്കൂൾ, അൽ ജർഫ്) ജാസിം (മലയാളം മിഷന്‍ അജ്മാന്‍ ചാപ്റ്റർ സെക്രട്ടറി)തുടങ്ങിയവരും വാ‍ർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in