മമ്മൂട്ടിയൊടൊത്ത് സിനിമ ചെയ്യുക വലിയ ആഗ്രഹം, ‘മിറാഷ്’ ഒരു ഇവന്‍റ്ഫുള്‍ ത്രില്ലര്‍, കോടിക്ലബ് മത്സരത്തില്‍ താല്‍പര്യമില്ല, ജിത്തൂ ജോസഫ്

മമ്മൂട്ടിയൊടൊത്ത് സിനിമ ചെയ്യുക വലിയ ആഗ്രഹം, ‘മിറാഷ്’ ഒരു ഇവന്‍റ്ഫുള്‍ ത്രില്ലര്‍, കോടിക്ലബ് മത്സരത്തില്‍ താല്‍പര്യമില്ല,  ജിത്തൂ ജോസഫ്
Published on

മമ്മൂട്ടിയുമായി മെമ്മറീസ്, ദൃശ്യം, ഉള്‍പ്പടെ രണ്ട് മൂന്ന് പ്രൊജക്ടുകള്‍ ചർച്ചചെയ്തിരുന്നുവെന്ന് സംവിധായകന്‍ ജിത്തൂ ജോസഫ്. ദൃശ്യം അദ്ദേഹത്തിന് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന സിനിമയാണ്.എന്നാല്‍ ആ സമയത്ത് മ‌റ്റ് കുറെ സിനികളില്‍ അച്ഛന്‍ കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് നോക്കാമെന്ന് പറഞ്ഞു. മറ്റ് പ്രൊജക്ടുകള്‍ ഡേറ്റ് പ്രശ്നത്തില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. തന്നോട് അദ്ദേഹത്തിന് വലിയ വാത്സല്യമാണ്.എവിടെ വച്ച് കണ്ടാലും പുതിയ സിനിമയെകുറിച്ച് അന്വേഷിക്കും. മമ്മൂട്ടിയൊടൊപ്പം ഒരു സിനിമയെന്നത് തന്‍റെ വലിയ ആഗ്രഹാണ്. അദ്ദേഹത്തിന് പറ്റുന്ന സിനിമവന്നാല്‍ ഇനിയും അദ്ദേഹത്തെ കാണും. അദ്ദേഹത്തെ കൊതിപ്പിക്കുന്ന ഒരുകഥ ഇതുവരെയും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയും ശ്രമിക്കും, ജിത്തൂജോസഫ് പറഞ്ഞു. ദൃശ്യം ഒന്ന് ചെയ്യുമ്പോള്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ട് കഴിഞ്ഞപ്പോള്‍ മൂന്ന് ഉണ്ടാകുമെന്നും പ്രതീക്ഷിച്ചില്ല. സംഭവിച്ചതാണ് എല്ലാം.ദൃശ്യം 3 ല്‍ സിനിമ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം, എന്നാല്‍ കാര്യങ്ങളെങ്ങനെയാണ് പോകുന്നതെന്ന് അറിയില്ലല്ലോയെന്നും ജീത്തു പറഞ്ഞു.

ദൃശ്യം ഒന്ന് ചെയ്ത സമയത്ത് ഒരു ടി വി അഭിമുഖത്തിലാണ് 50 കോടി ക്ലബ് എന്ന ചർച്ച വരുന്നത്. അന്ന് താന്‍ 50 കോടി ക്ലബിലെത്തിയെന്നെല്ലാം കേള്‍ക്കുമ്പോള്‍ തനിക്ക് പേടി തോന്നിയിരുന്നു. കോടി ക്ലബ് മത്സരത്തില്‍ താല്‍പര്യമില്ലാത്തയാളാണ്. സിനിമ ചെയ്യുക, 100കോടി കിട്ടിയാല്‍ സന്തോഷം, കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ചില സിനിമകള്‍ ഒടിടിയില്‍ കണ്ടാല്‍ മതിയെന്ന് പ്രേക്ഷകർ തീരുമാനിക്കുന്നതാണ്. ഒരു ഹെവിമാസ് എന്‍റർടെയ്ന്‍മെന്‍റ് സിനിമ തിയറ്ററില്‍ കാണുന്ന സുഖം ഒടിടിയില്‍ കിട്ടില്ല. സിനിമയുടെ തിയറ്ററിക്കല്‍ എക്സ്പീരിയന്‍സ് നഷ്ടമാകും. മലയാളികുടുംബത്തിന്‍റെ കഥപറഞ്ഞ ദൃശ്യം സിനിമ ചൈനവരെയെത്തി. യൂണിവേഴ്സല്‍ സബ്ജക്ട് ആണത്. എന്നാല്‍ വലിയ ഹിറ്റായ ചില സിനിമകള്‍ക്ക് മലയാളിത്തമില്ലെന്നുളളതും യാഥാർത്ഥ്യമാണ് എന്നാല്‍ സിനിമ ഒരു വ്യവസായം കൂടിയാണ്. പുതിയ പ്രേക്ഷകർക്ക് എന്താണോ വേണ്ടത് അത് കൊടുക്കുകയെന്നുളളതാണ് പ്രധാനം. സർക്കീട്ട് ലെവല്‍ക്രോസ് പോലുളള നല്ല സിനിമകള്‍ എന്തുകൊണ്ട് തിയറ്ററിലെത്തി കാണുന്നില്ല എന്നുളളതുകൂടി ആലോചിക്കണമെന്നും ജീത്തുപറഞ്ഞു.

തനിക്ക് ലഭിക്കുന്ന ഓരോ സിനിമയും എങ്ങനെ ചെയ്യണമെന്ന് ഒരുധാരണയുണ്ട്. അതില്‍ ചിലപ്പോള്‍ ലാഗ് ഉണ്ടായേക്കാം. കഥയെ കണക്ട് ചെയ്യുന്ന ചില കാര്യങ്ങള്‍ അതിലുണ്ടായേക്കാം. ലാഗ് ഇഷ്ടമില്ലാത്തവർക്ക് അത് മിസ് ചെയ്തേക്കാം, ജീത്തുജോസഫ് പറഞ്ഞു. ‌ആസിഫലിയും അപർണബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന

മിറാഷ് ഒരു ത്രില്ലിങ് സിനിമയാണ്. പരീക്ഷണങ്ങളൊന്നുമില്ല, ഇവന്‍റ്ഫുള്‍ ത്രില്ലറാണെന്ന് പറയാം. അഞ്ച് വർഷം മുന്‍പാണ് കഥ കേള്‍ക്കുന്നത്. ഹിന്ദിയില്‍ ചെയ്യാനിരുന്ന കഥയാണ്, ബോളിവുഡില്‍ പലർക്കും അങ്ങനെയൊരു നായകകഥാപാത്രം ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നി.കഥയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. അതോടെ ഇത് ഉപേക്ഷിക്കാമെന്ന് ആലോചിച്ചതാണ്. ആസിഫലിയോട് കഥ പറയുന്നത് അങ്ങനെയാണ്.തുടർന്ന് ആസിഫ് തിരക്കഥ ആവശ്യപ്പെട്ടു, ചെയ്യാമെന്ന് അറിയിച്ചു.അങ്ങനെയാണ് മിറാഷിലേക്ക് എത്തുന്നത്, അപർണ ബാലമുരളിയുടെ കഥാപാത്രമായ അഭിരാമിയുടെ ജീവിതത്തിലുണ്ടാകുന്ന ഒരു പ്രശ്നം, അത് അവസാനിക്കുന്നുവെന്ന് തോന്നുമ്പോള്‍ അടുത്ത പ്രശ്നത്തിലേക്കെത്തുന്നു, അതാണ് മിറാഷ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആസിഫിന്‍റെ കരിയർ ഗ്രാഫ് എടുത്തുനോക്കുമ്പോള്‍ ഉയർച്ചതാഴ്ചകളുണ്ട്. തനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ എന്താണുളളതെന്ന് നോക്കി കഥാപാത്രത്തെ നന്നാക്കാന്‍ പരിശ്രമിക്കുന്ന നടനാണ്. ആസിഫ് ഇനിയും വളരാനുണ്ട്. വേറൊരു തലത്തിലേക്ക് അദ്ദേഹമെത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഭാവിയില്‍ കൂടുതല്‍ സിനിമകള്‍ ആസിഫുമൊത്ത് ഉണ്ടാകുമെന്നും ജീത്തുജോസഫ് പറഞ്ഞു. മിറാഷ് എന്ന പുതിയ ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തുജോസഫ്.

മിറാഷില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് നടന്‍ ഹക്കീം ഷാജഹാന്‍ പറഞ്ഞു. നായിക അപർണബാലമുരളിയുടെ സുഹൃത്തായാണ് ഹന്ന റെജി കോശി ചിത്രത്തിലെത്തുന്നത്. ഈ മാസം 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നിർമാതാവ് മുകേഷ് ആർ. മെഹ്ത, കണ്ണൻ രവി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in