വാരാന്ത്യ തിരക്കിലമ‍ർന്ന് ഷാ‍ർജ പുസ്തകോത്സവം

വാരാന്ത്യ തിരക്കിലമ‍ർന്ന് ഷാ‍ർജ പുസ്തകോത്സവം

ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വാരാന്ത്യ ദിനങ്ങളില്‍ ഒഴുകിയെത്തിയത് ലക്ഷങ്ങള്‍. മലയാളികള്‍ ഉള്‍പ്പടെയുളളവരുടെ വലിയ തിരക്കാണ് വെളളി, ശനി, ഞായർ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. എക്സ്പോ സെന്‍ററിലെ ഏഴാം നമ്പർ ഹാളില്‍ ഒരുക്കിയിട്ടുളള റൈറ്റേഴ്സ് ഫോറത്തില്‍ ഈ ദിവസങ്ങളില്‍ നിരവധി പുസ്തക പ്രകാശനങ്ങളും നടന്നു.

കോവിഡ് നിയന്ത്രണങ്ങളെല്ലാം പൂർണമായും നീക്കിയതിന് ശേഷമെത്തുന്ന പുസ്തകോത്സവമായതുകൊണ്ടുതന്നെ നിരവധി പേരാണ് പുസ്തകങ്ങള്‍ വാങ്ങാനും സൗഹൃദം പുതുക്കാനുമൊക്കെയായി എക്സ്പോ സെന്‍ററിലേക്ക് എത്തുന്നത്. കലാ-പഠന പ്രവർത്തനങ്ങളില്‍ പങ്കാളികളാകാന്‍ നിരവധി കുട്ടികളും ഓരോ ദിവസവും എത്തുന്നുണ്ട്. സ്കൂളുകള്‍ മുന്‍കൈയ്യെടുത്ത് കുട്ടികളെ പുസ്തകോത്സവത്തിനെത്തിക്കുന്നുണ്ട്. രാവിലെയാണ് സ്കൂള്‍ ബസുകളില്‍ അധ്യാപകർ വിദ്യാർത്ഥികളുമായി പുസ്തകോത്സവത്തിനെത്തുക. വാരാന്ത്യമായതുകൊണ്ടുതന്നെ അബുദബി അടക്കമുളള എമിറേറ്റുകളില്‍ നിന്നും കുടുംബവുമായി എത്തിയവരും നിരവധി.

കോവിഡ് കാലത്തെ അപേക്ഷിച്ച് പുസ്തകം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഒലീവ് ബുക്സ് പ്രതിനിധി സന്ദീപ് പറഞ്ഞു. അതുപോലെതന്നെയാണ് പുസ്തകങ്ങളുടെ പ്രകാശനങ്ങളും. പുസ്തക പ്രകാശങ്ങള്‍ക്ക് സ്ക്രീനിംഗ് വേണമെന്ന ആവശ്യത്തില്‍ കഴമ്പുണ്ട്, എങ്കിലും ഓരോരുത്തരുടേയും ശ്രമങ്ങളല്ലേ, പുസ്തകങ്ങളല്ലേയെന്നുളളതില്‍ സന്തോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ്, ഒലീവ് ബുക്സ്
സന്ദീപ്, ഒലീവ് ബുക്സ്

അറബ് വായനക്കാർ കഴിഞ്ഞാല്‍ മലയാളികള്‍ തന്നെയാണ് പുസ്തകോത്സവത്തിലെത്തുന്ന മുമ്പന്‍മാർ. ഇന്ത്യന്‍ സ്റ്റാളുകളുളള ഏഴാം നമ്പർ ഹാളില്‍ ശനി, ഞായർ ദിവസങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഇഷ്ട പുസ്തകങ്ങള്‍ വാങ്ങാനും എഴുത്തുകാരെ കാണാനും എത്തുന്നവരാണ് അധികവും. പുസ്തകപ്രകാശനം നടക്കുന്ന റൈറ്റേഴ്സ് ഫോറത്തിന് മുന്നില്‍ എപ്പോഴും തിരക്ക് അനുഭവപ്പെടുന്നുണ്ട്. കെ പി രാമനുണ്ണിയടക്കമുളള എഴുത്തുകാരും എം എം ഹസനടക്കമുളള രാഷ്ട്രീയ നേതാക്കളുമെല്ലാം പുസ്തകോത്സത്തില്‍ സജീവമാണ്.

Mahmoud Khaled

Related Stories

No stories found.
logo
The Cue
www.thecue.in