ഷാ‍‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം

ഷാ‍‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം

ഷാ‍‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ എക്സ്പോ സെന്‍ററില്‍ തുടക്കമാകും. പുസ്തകോത്സവത്തിന്‍റെ 42 മത് പതിപ്പിനാണ് നാളെ തുടക്കമാകുന്നത്. "ഞങ്ങള്‍ പുസ്തകങ്ങള്‍ പറയട്ടെ" എന്നതാണ് ഇത്തവണ പുസ്തകോത്സവം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. ദക്ഷിണകൊറിയയാണ് അതിഥി രാജ്യം. 2033 പ്രസാധകർ മേളയുടെ ഭാഗമാകും. 1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണ് 42 മത് പുസ്തകോത്സവത്തില്‍ 1.5 ദശലക്ഷം പുസ്തകങ്ങള്‍ എത്തിക്കുന്നത്. യുഎഇയില്‍ നിന്ന് 300 പ്രസാധകർ പങ്കെടുക്കും. ഈജിപ്തില്‍ നിന്ന് 284 പ്രസാധകരും ലെബനനില്‍ നിന്ന് 94 പ്രസാധകരുമാണെത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഇന്ത്യ,യുകെ, തുർക്കി എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം പ്രസാധകരെത്തുന്നത്. കവിയും ഗ്രന്ഥകാരനുമായ ഖാലിദ് അല്‍ ബദൗ, എഴുത്തുകാരന്‍ ഡോ മഷേല്‍ അല്‍ നബൂദ, എഴുത്തുകാരും മാധ്യമപ്രവർത്തകരുമായ അദേല്‍ ഖോസം മുഹമ്മദ് അല്‍ ജോക‍ർ, എഴുത്തുകാരി ഫാത്തിമ അല്‍ നിമ്ർ എന്നിവരാണ് പുസ്തകോത്സവത്തിനെത്തുന്ന സ്വദേശികളില്‍ പ്രമുഖർ. ലിബിയന്‍ എഴുത്തുകാരനായ ഇബ്രാഹിം അല്‍ കോനിയാണ് ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വം.

അന്താരാഷ്ട്ര തലത്തില്‍ 1986 ല്‍ സാഹിത്യ നൊബേല്‍ നേടിയ വോള്‍ സോയിങ്ക,കനേഡിയന്‍ മാധ്യമപ്രവർത്തകയും എഴുത്തുകാരനുമായ മാല്‍കം ഗ്ലാ‍ഡ്വെല്‍, സിനിമാ താരം കരീന കപൂർ,അമേരിക്കന്‍ ബഹിരാകാശയാത്രിക സുനിതാ വില്ല്യംസ്, ഡച്ച് എഴുത്തുകാരനും പ്രഭാഷകനുമായ സ്വാമി പൂർണചൈതന്യ,ഇന്ത്യന്‍ എഴുത്തുകാരന്‍ മോണിക്ക ഹലന്‍ എന്നിവരുള്‍പ്പടെയുളള പ്രമുഖരെത്തും.69 രാജ്യങ്ങളില്‍ നിന്നുളള 215 അതിഥികള്‍ നയിക്കുന്ന 1700 പരിപാടികള്‍ പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടക്കും. 127 അറബ് അന്താരാഷ്ട്ര അതിഥികളുടെ നേതൃത്വത്തില്‍ 460 സാംസ്കാരിക പരിപാടികള്‍ കൂടാതെ ആറ് വേദികളിലായി 12 രാജ്യങ്ങളില്‍ നിന്നുളള 31 അതിഥികള്‍ നയിക്കുന്ന 900 വർക്ക് ഷോപ്പുകളുമുണ്ട്.

അതിഥിരാജ്യമായ ദക്ഷിണ കൊറിയയില്‍ നിന്നുളള കലാകാരന്മാരുടെ വ്യത്യസ്ത പരിപാടികളും അരങ്ങേറും. അതിരുകളില്ലാത്ത ഭാവനയെന്ന പേരിലാണ് പരിപാടികള്‍ അരങ്ങേറുക. 15 സാംസ്കാരിക പരിപാടികളും 7 പാനല്‍ ചർച്ചകളും 5 സംഗീത പരിപാടികളും നടക്കും. ഇന്ത്യയില്‍ നിന്ന് സുരേഷ് പിളള ഉള്‍പ്പടെ രാജ്യാന്തരതലത്തില്‍ നിന്നുളള 12 പാചക വിദഗ്ധർ ഇത്തവണ കുക്കറി കോർണറിന്‍റെ ഭാഗമാകും. 14 രാജ്യങ്ങളില്‍ നിന്നുളള കലാകാരന്മാരുടെ നേതൃത്വത്തില്‍ 130 തിയറ്റർ ഷോകളും നടക്കും. നവംബർ 8 മുതല്‍ 10 വരെയാണ് ത്രില്ലർ ഫെസ്റ്റിവല്‍ നടക്കുക. പുസ്തകോത്സവത്തിലേക്കുളള പ്രവേശനം സൗജന്യമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് 10 മണിവരെയും വെളളിയാഴ്ച ഉച്ചയ്ക്ക് 4 മുതല്‍ വൈകീട്ട് 11 വരെയും ശനി ഞായർ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം.

Related Stories

No stories found.
logo
The Cue
www.thecue.in