അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തി സുല്‍ത്താന്‍ അല്‍ നെയാദി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തി സുല്‍ത്താന്‍ അല്‍ നെയാദി

ആറ് മാസക്കാലത്തെ ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി തിരിച്ചെത്തി. യുഎഇ സമയം രാവിലെ 8.07 ന് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ഫ്ലോറിഡയിലെ ടാമ്പയിലെത്തി. സുല്‍ത്താന്‍ അല്‍ നെയാദിയോടൊപ്പം സ്റ്റീഫണ്‍ ബോവന്‍, വുഡി ഹോബർഗ്, ആന്ദ്രേ ഫെഡ്യേവ് എന്നിവരുമുണ്ട്. ഞായറാഴ്ച ഐഎസ്എസില്‍ നിന്ന് 17 മണിക്കൂർ യാത്ര ചെയ്താണ് നെയാദിയും സംഘവും ഫ്ളോറിഡയിലെത്തിയത്. നേരത്തെ ശനിയാഴ്ചയാണ് മടക്കയാത്ര തീരുമാനിച്ചിരുന്നതെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാല്‍ ഞായറാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. 2023 മാര്‍ച്ച് രണ്ടിനാണ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്‍ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ സംഘം യാത്രതിരിച്ചത്. തൊട്ടടുത്ത ദിവസം ബഹിരാകാശ നിലയത്തില്‍ ഇറങ്ങുകയും ചെയ്തു.

186 ദിവസങ്ങളാണ് ഐഎസ്എസില്‍ നെയാദി കഴിഞ്ഞത്. ഏഴ് മണിക്കൂറും ഒരു മിനിറ്റും നീണ്ടു നിന്ന ബഹിരാകാശ നടത്തവും നെയാദി പൂർത്തിയാക്കിയിരുന്നു. ദീർഘകാലം ഐഎസ്എസില്‍ കഴിഞ്ഞ ആദ്യ അറബ് സഞ്ചാരിയാണ് നെയാദി.585 മണിക്കൂറെടുത്ത് 200 ലധികം പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഹൃദയധമനികൾ, നടുവേദന, പ്രോട്ടീൻ ക്രിസ്റ്റലൈസേഷൻ വളർച്ച, എപ്പിജെനെറ്റിക്‌സ്, രോഗപ്രതിരോധ സംവിധാനം, ഫ്ളൂയിഡ് ഡൈനാമിക്‌സ്, പ്ലാന്‍റ ബയോളജി, ഹ്യൂമൻ ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസ്, സ്ലീപ്പ് അനാലിസിസ്, റേഡിയേഷൻ, നൂതന പര്യവേക്ഷണ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളാണ് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയത്.

ഐഎസ്എസിലെ പരീക്ഷണങ്ങളുടെ ഭാഗമായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ കാർഡിനൽ ഹാർട്ട് 2.0 പഠനത്തിൽ അൽനെയാദി പങ്കെടുത്തു.ഹൃദയകോശങ്ങൾ ഉപയോഗിച്ച് മൈക്രോഗ്രാവിറ്റിയിലെ ഹൃദയകോശങ്ങളിലെ ക്ലിനിക്കൽ മരുന്നുകളുടെ ഫലങ്ങളും പരീക്ഷണ വിധേയമായി. ഇത്തരം പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ ഭൂമിയിലെ ബഹിരാകാശ പര്യവേക്ഷകർക്കും ഹൃദ്രോഗമുള്ള രോഗികൾക്കും ഹൃദയസംബന്ധമായ അപകടസാധ്യത തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഹൃദയ, ശ്വസന പ്രവർത്തനങ്ങളിൽ മൈക്രോഗ്രാവിറ്റിയുടെ സ്വാധീനത്തെക്കുറിച്ചുള്ള നിർണായക വിശകലനവും പഠനത്തിന്‍റെ ഭാഗമായി. ദിവസവും 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ബഹിരാകാശ നിലയത്തിലെ അതുല്യമായ അവസ്ഥകളും നിരീക്ഷണവിധേയമായി.മനുഷ്യരിലെ ഉറക്ക തകരാറുകളെക്കുറിച്ചും ഭൂമിയിൽ അവർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാൻ ഗവേഷണം നടത്തി.

ഇതോടൊപ്പം ഐഎസ്എസില്‍ നിന്നുളള ഭൂമിയുടെ മനോഹരമായ കാഴ്ചകളും നെയാദി ക്യാമറയില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിവിധ എമിറേറ്റുകളില്‍ സംഘടിപ്പിച്ച എ കോൾ ഫ്രം സ്‌പേസ് എന്ന തല്‍സമയ വീഡിയോ പരിപാടിയില്‍ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ നിന്നുളള 10,000 ത്തോളം പേർ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in