യുഎഇയിലെ സന്ദർശക വിസയില്‍ വന്ന ആറ് മാറ്റങ്ങള്‍ അറിയാം

യുഎഇയിലെ സന്ദർശക വിസയില്‍ വന്ന ആറ് മാറ്റങ്ങള്‍ അറിയാം

2022 ഒക്ടോബറില്‍ അഡ്വാന്‍സ് വിസ സിസ്റ്റം വന്നതോടെ യുഎഇയിലെ വിസ നടപടി ക്രമങ്ങളില്‍ നിരവധി മാറ്റങ്ങളും പ്രാബല്യത്തിലായി. യുഎഇയിലെ സന്ദർശക വിസയില്‍ വന്ന ആറ് മാറ്റങ്ങള്‍ ഏതൊക്കെയെന്ന് അറിയാം.

1. നേരത്തെ രാജ്യത്തിന് പുറത്തുപോകാതെ തന്നെ സന്ദർശകവിസ പുതുക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ നിലവില്‍ രാജ്യത്ത് പുറത്തുപോയാല്‍ മാത്രമെ സന്ദർശകവിസ പുതുക്കാന്‍ സാധിക്കുകയുളളൂ. കോവിഡ് കാലത്ത് യാത്രകള്‍ക്ക് മറ്റും നിയന്ത്രണങ്ങള്‍ വന്നപ്പോഴാണ് രാജ്യത്തിന് പുറത്തു പോകാതെതന്നെ സന്ദർശകവിസ പുതുക്കാനുളള സൗകര്യം നല്‍കിയിരുന്നുവെങ്കില്‍ യാത്രകള്‍ സാധാരണരീതിയിലേക്ക് വന്നതോടെ ആനുകൂല്യം അധികൃതർ അവസാനിപ്പിക്കുകയായിരുന്നു.

2. എമിറേറ്റ്സ് ഐഡികള്‍ക്കും വിസകള്‍ക്കുമുളള ഫീസ് വർദ്ധിപ്പിച്ചു. എമിറേറ്റ്‌സ് ഐഡിക്ക് 270 ദിർഹത്തിന് പകരം 370 ദിർഹമാണ് പുതിയ നിരക്ക്. ഒരു മാസത്തെ സന്ദർശക വിസ നൽകുന്നതിനുള്ള ഫീസ് 270 ദിർഹത്തിന് പകരം 370 ദിർഹമായും ഉയർത്തിയെന്ന് ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു

3. വിനോദസഞ്ചാരികള്‍ക്ക് സ്വന്തം സ്പോണ്‍സർഷിപ്പില്‍ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിലവില്‍ ലഭ്യമാണ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ 90 ദിവസം രാജ്യത്ത് തുടരാം. മാത്രമല്ല, രാജ്യം വിടാതെ തന്നെ 90 ദിവസത്തേക്ക് വിസ നീട്ടുകയും ചെയ്യാം. എന്നാല്‍ മൾട്ടിപ്പിൾ എൻട്രി വിസയ്‌ക്ക് അപേക്ഷിക്കുന്ന ആളുകൾ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. കൂടാതെ 4,000 ഡോളർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസികൾ അക്കൗണ്ടിലുണ്ടായിരിക്കണം, യുഎഇ ആരോഗ്യ ഇൻഷുറൻസ്, ഫ്ലൈറ്റ് ടിക്കറ്റിന്‍റെ പകർപ്പ്, താമസത്തിന്‍റെ തെളിവ് എന്നിവയും നൽകണം.

4. സന്ദർശക വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തിന് പുറത്ത് പോകാത്തവർ അധികദിവസത്തിനുളള പിഴ അടച്ച് രാജ്യത്തിന് പുറത്ത് പോകുന്നതിന് മുമ്പ് ഔട്ട് പാസ് അല്ലെങ്കിൽ ലീവ് പെർമിറ്റ് നേടണം. ദുബായ് ഒഴികെയുളള എമിറേറ്റുകളില്‍ ഔട്ട് പാസ് ആവശ്യമില്ലെന്ന് ട്രാവല്‍ ഏജന്‍റുമാർ പറയുന്നു.

5. യുഎഇയില്‍ നിലവില്‍ 30 ദിവസത്തേക്കും 60 ദിവസത്തേക്കുമുളള സന്ദർശക വിസയാണ് നല്‍കുന്നത്.

6.യുഎഇയില്‍ ഉളള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കാനുളള എൻട്രി പെർമിറ്റും ലഭ്യമാണ്. യുഎഇ പൗരന്‍റെയോ താമസക്കാരന്‍റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കില്‍ ഈ പെർമിറ്റിന് അപേക്ഷിക്കാം. സുഹൃത്തിനോ ബന്ധുവിനോ സന്ദർശകനെ 1000 ദിർഹം ഡിപ്പോസിറ്റ് തുക നൽകി സ്പോൺസർ ചെയ്യാം.ഈ തുക തിരിച്ച് ലഭിക്കുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in