യുഎഇ:മഴക്കെടുതി അതിജീവിച്ച് ദുരിതബാധിതർ, ജീവിതം സാധാരണ നിലയിലേക്കെന്ന് ആഭ്യന്തരമന്ത്രാലയം

യുഎഇ:മഴക്കെടുതി അതിജീവിച്ച് ദുരിതബാധിതർ, ജീവിതം സാധാരണ നിലയിലേക്കെന്ന് ആഭ്യന്തരമന്ത്രാലയം

മഴക്കെടുതി നാശം വിതച്ച എമിറേറ്റുകളിലെ ജനജീവിതം സാധാരണ രീതിയിലേക്ക് തിരിച്ചുവന്നുവെന്ന് ആഭ്യന്തരമന്ത്രാലയം. ഗതാഗതമുള്‍പ്പടെ വിവിധ മേഖലയില്‍ അനുഭവപ്പെട്ട തടസ്സങ്ങളൊക്കെ നീക്കിയിട്ടുണ്ട്. റോഡുകളിലെ ഗതാഗതം സാധാരണ രീതിയിലേക്ക് മടങ്ങിയെത്തിയെന്നും ബ്രിഗേഡിയർ ജനറല്‍ ഡോ അലി സാലെം അല്‍ തുണാജി ട്വിറ്റർ വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ വാരമുണ്ടായ മഴയില്‍ വിവിധ സ്ഥലങ്ങളില്‍ വെളളം കയറിയിരുന്നു. നൂറുകണക്കിന് പേരാണ് വീടും സ്ഥാപനങ്ങളും വിട്ട് ഹോട്ടലുകളിലും ബന്ധുവീടുകളിലും അഭയം തേടിയത്. നിരവധി വാഹനങ്ങള്‍ക്കും കേടുപറ്റി. 5 പാകിസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പടെ 7 പേർക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് വിവിധ ഇടങ്ങളില്‍ ശുചീകരണ പ്രവർത്തനങ്ങളും സന്നദ്ധ സേവനങ്ങളും നടത്തിയതെന്നും തുണാജി വ്യക്തമാക്കി. ജീവന്‍ രക്ഷിക്കുകയെന്നുളളതിനായിരുന്നു പ്രഥമ പരിഗണന നല‍്കിയത്. റോഡുകളിലെ തടസ്സങ്ങള്‍ മാറ്റി സുരക്ഷിതമാക്കുകയെന്നുളളതും വളരെ വേഗത്തില്‍ നടത്തനായെന്നും അദ്ദേഹം പറഞ്ഞു.4816 സന്നദ്ധഅംഗങ്ങളും 1198 പട്രോള്‍ വാഹനങ്ങളും പ്രവർത്തനങ്ങളില്‍ പങ്കെടുത്തുവെന്നും അദ്ദേഹം അറയിച്ചു.

ശുചീകരണ പ്രവർത്തനങ്ങളില്‍ സജീവമായി രാജകുടുംബാംഗങ്ങളും

മഴക്കെടുതി നാശം വിതച്ച എമിറേറ്റുകളിലെ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സന്നദ്ധ പ്രവർത്തകരുമായി ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശാർഖി കൂടികാഴ്ച നടത്തി. ഫുജൈറ എക്സിബിഷന്‍ സെന്‍ററിലായിരുന്നു കൂടികാഴ്ച. സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. മരുന്നും ഭക്ഷണവുമടക്കമുളള അവശ്യസാധനങ്ങള്‍ ദുരിതം നാശം വിതച്ച സ്ഥലങ്ങളിലെ ജനങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ എത്തിച്ചത് ആശ്വാസമായി.

അതേസമയം ദുരിതം ബാധിച്ച സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് രാജകുടുംബാംഗങ്ങളുമെത്തിയിരുന്നു. ഫുജൈറ കള്‍ച്ചറല്‍ ആന്‍റ് മീഡിയ അതോറിറ്റി പ്രസിഡന്‍റ് ഡോ ഷെയ്ഖ് റാഷിദ് ബിന്‍ ഹമദ് അല്‍ ഷാർഖിയാണ് ശുചീകരണപ്രവർത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. ചളിയും വെളളവും അദ്ദേഹം നീക്കുന്നതും ജനങ്ങളുമായി സംസാരിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. രാജകുടുംബാംഗമായ ഷെയ്ഖ് മക്തൂം ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശാർഖിയും ശുചീകരണ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in