ദേശീയ ദിന നിറവില്‍ യുഎഇ

ദേശീയ ദിന നിറവില്‍ യുഎഇ

യുഎഇ ഇന്ന് 51 മത് ദേശീയ ദിനം ആഘോഷിക്കുന്നു. പൗരന്മാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നാണ് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മ്ദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സന്ദേശം.ഭൂതകാലത്തിന്‍റെ പാഠങ്ങൾ ഓർമ്മിപ്പിക്കാനും വർത്തമാനകാലത്തെ അവബോധത്തോടെയും ചിന്തകളോടെയും ഭാവിയിലേക്ക് പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കാനുമുള്ള ദിനമാണ് 51-ാമത് യുഎഇ ദേശീയ ദിനമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. നമ്മുടെ പൗരന്മാരെ പരിപാലിക്കുകയും അവർക്ക് മുന്നിൽ വികസനം, സർഗ്ഗാത്മകത, സ്വയം സ്ഥിരീകരണം എന്നിവയുടെ എല്ലാ വഴികളും തുറക്കുകയും ചെയ്യുക എന്നതിനാണ് തങ്ങളുടെ മുൻ‌ഗണന, ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 50 വർഷത്തിനുളളില്‍ രാജ്യം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നാണ് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ സന്ദേശം. സമാധാന ഭൂമിയാണ് ഇത്. മികച്ച പ്രകടനം നടത്തണം, ഭാവിയെ പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുമെന്നും ദുബായ് ഭരണാധികാരി പറഞ്ഞു.

തത്ത്വങ്ങൾ, മതപരമായ ധാർമ്മികത, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്‍റെ പിറവിക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് ദേശീയ ദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

ഈ യാത്രയിലുടനീളം, അറിവും ശാസ്ത്രവും കൊണ്ട് സജ്ജരായ നമ്മുടെ പൗരന്മാർ, രാജ്യത്തിന്‍റെ പുരോഗതിക്കും അതിന്‍റെ താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള മഹത്തായ ത്യാഗങ്ങളുടെയും നേട്ടങ്ങളുടെയും സമ്പന്നമായ യാത്രയാണ് യുഎഇ ദേശീയ ദിനം ഉയർത്തിക്കാട്ടുന്നതെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പറഞ്ഞു. ശക്തമായ ഭരണ നേതൃത്വത്തില്‍ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിനായുളള പ്രവർത്തനങ്ങള്‍ ഭാവി തലമുറകൾ തുടരുന്നുവെന്ന് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി പറഞ്ഞു.

കുറച്ച് കാലയളവിനുള്ളിൽ, ബഹിരാകാശ ശാസ്ത്രത്തിലും സമാധാനപരമായ ആണവോർജത്തിലും വലിയ പദ്ധതികള്‍ ആരംഭിക്കുന്നതിലും നമ്മുടെ രാജ്യം ഒരു ശക്തമായ എതിരാളിയാകുന്നതിലും വിജയിച്ച് മുന്നേറുകയാണെന്ന് സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല പറഞ്ഞു.യുഎഇ സ്ഥാപിതമായതിന്‍റെ വാർഷികം രാജ്യത്തിന്‍റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in