കോവിഡ് കാലത്ത് സ്വന്തം കാർ ആബുലന്‍സാക്കി, ലോകത്തെ മികച്ച നഴ്സാകാന്‍ യുഎഇയില്‍ നിന്ന് ജാസ്മിനും അവസാനപത്തില്‍

കോവിഡ് കാലത്ത് സ്വന്തം കാർ ആബുലന്‍സാക്കി, ലോകത്തെ മികച്ച നഴ്സാകാന്‍ യുഎഇയില്‍ നിന്ന് ജാസ്മിനും അവസാനപത്തില്‍

"നീയല്ലേ എനിക്ക് മരുന്ന് തരുന്നത്, ഉറങ്ങിപ്പോയാലും നീ എന്നെ വിളിച്ചുണർത്തുമെന്നെനിക്ക് വിശ്വാസമുണ്ട്.."കോവിഡിന്‍റെ കെട്ട കാലത്ത് തനിക്ക് മുന്നിലെത്തിയ 54 കാരനെ വെന്‍റിലേറ്ററിലേക്ക് മാറ്റാനുളള തയ്യാറെടുപ്പിനിടെ ജാസ്മിനോട് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. പക്ഷെ ആ വിശ്വാസം പാലിക്കാന്‍ തനിക്ക് കഴിഞ്ഞില്ല, കോവിഡ് നെഗറ്റീവായെങ്കിലും പിന്നീടുണ്ടായ ആരോഗ്യസങ്കീർണതകളാല്‍ അദ്ദേഹം മരിച്ചു. തനിക്ക് മുന്നിലൂടെ കടന്ന് പോയ നിരവധി മുഖങ്ങളുടെ നീറുന്ന ഓ‍ർമ്മയില്‍ ഗദ്ഗദത്തോടെ ജാസ്മിനൊന്ന് നി‍ർത്തി. ലോകത്തെ ഏറ്റവും മികച്ച നഴ്സുമാരിലൊരാളാവന്‍ തയ്യാറെടുക്കുകയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ നഴ്സായ ജാസ്മിന്‍. കോവിഡ് പിടിമുറുക്കിയ കാലത്ത് രാജ്യത്തിന്‍റെ പ്രതിരോധ പോരാട്ടത്തിനൊപ്പം നിന്ന അനേകം ആരോഗ്യപ്രവർത്തകരുടെ പ്രതിനിധി

ദുബായ് അല്‍ ഖവനീജ് ഹെല്‍ത്ത് സെന്‍ററിലെ നഴ്സാണ് ജാസ്മിന്‍. 2020 ന്‍റെ തുടക്കത്തില്‍ ലോകം വീടിന്‍റെ ചുമരുകള്‍ അതിരുകളാക്കി ലോക്ഡൗണിലേക്ക് കടന്നപ്പോള്‍ സ്വന്തം കർത്തവ്യത്തില്‍ മുഴുകിയ അനേകായിരം ആരോഗ്യപ്രവർത്തകരില്‍ ഒരാളാണ് ജാസ്മിന്‍. കോവിഡിന്‍റെ പിടിയില്‍ പെടുമോയെന്നുളള ആശങ്കയില്‍ പുറത്തിങ്ങാന്‍ പോലും ഭയന്നിരുന്ന കാലത്ത് രോഗദുരിതമനുഭവിക്കുന്നവർക്ക് മരുന്നായി, ആശയറ്റവർക്ക് പ്രതീക്ഷയായി, തളർന്നവർക്ക് താങ്ങായി ജാസ്മിനെത്തി. അതിന് തന്നെ അലട്ടുന്ന പ്രമേഹവും,ആസ്മയുമൊന്നും അവർക്ക് തടസ്സമായില്ല. ഭർത്താവായ മുഹമ്മദ് ഷറഫും മക്കളായ ഇഷനും അക്മലും പിന്തുണനല്കി കൂടെനിന്നത് കരുത്തായി.

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായിരുന്നു ദുബായും യുഎഇയും. പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നുതുടങ്ങിയ ആദ്യ ദിനങ്ങളില്‍ ആശങ്കയോടെ വിളിക്കുന്ന പലരുടേയും അടുത്തേക്ക് കോവിഡ് വളണ്ടിയറായി എത്തി. ദുബായ് ഹെല്‍ത്ത് അതോറിറ്റി നല്‍കുന്ന ആരോഗ്യ സേവനങ്ങളെ കുറിച്ച് അറിയാത്ത ലേബർ ക്യാപുകളിലടക്കമുളളവർക്ക് സഹായ ഹസ്തമേകി.

ലേബർ ക്യാംപുകളിലെ പലർക്കും ആ സമയത്ത് ജോലിയില്ല, കൂട്ടത്തിലൊരാള്‍ കോവിഡ് പോസിറ്റീവായാല്‍ മറ്റാർക്കും പുറത്തിറങ്ങാനാകില്ല. അങ്ങനെയുളള സമയങ്ങളില്‍ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ച് അവരെപ്പോലെയുളളവർക്ക് ഭക്ഷണപ്പൊതികളെത്തിക്കാന്‍ ജോലിയുടെ തിരക്കിനിടയിലും സമയം കണ്ടെത്തി. ഭാഷയറിയാത്ത, നിസ്സഹായരായ സാധാരണക്കാരുടെ ഇടയിലേക്ക് അവരിലൊരാളായി ഓടിയെത്തി. ജോലിയില്ലാതെ, യാത്ര ചെലവ് നല്‍കാനാകാതെ, കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും ആശുപത്രിയിലേക്ക് പോകാന്‍ കഴിയാതിരിക്കുന്നവരെ സ്വന്തം വാഹനത്തില്‍ ലക്ഷ്യ ഇടങ്ങളിലെത്തിച്ചു. കോവിഡ് മൂലമുളള ആരോഗ്യസങ്കീർണതകളാല്‍ മരിച്ച പലരുടേയും അന്ത്യകർമ്മങ്ങളില്‍ അടുത്ത ബന്ധുക്കള്‍ക്ക് പങ്കെടുക്കാവുമായിരുന്നില്ല. നാട്ടിലേക്ക് മൃതദേഹമെത്തിക്കുകയെന്നുളളതും അസാധ്യമായ കാലത്ത് അവരുടെയൊക്കെ അന്ത്യകർമ്മങ്ങളില്‍, മകളായി,അമ്മയായി,സഹോദരിയായി,ജാസ്മിന്‍ മാറി.

"അങ്ങനെയൊരുദിവസമാണ് ആ ഫോണ്‍കോളെത്തിയത്, ഫ്ളാറ്റിനു താഴെയത്തി വിളിക്കുമ്പോള്‍ മറുതലയ്ക്കല്‍ മറുപടിയില്ല. ഒടുവില്‍ ഫ്ളാറ്റിലെത്തി നോക്കുമ്പോള്‍ കുഴഞ്ഞ് കിടക്കുന്നൊരാള്‍, ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍, പ്രാർത്ഥനമാത്രമായിരുന്നു കൈമുതല്‍.ഇന്നും ആ കുടുംബത്തിലെ ഒരംഗമാണ് ഞാന്‍.." പറഞ്ഞുനിർത്തുമ്പോള്‍ കണ്ണുകളില്‍ നീർതിളക്കം.

പറഞ്ഞുകേട്ട കോവിഡ് തന്നെയും കീഴടക്കി. 16 ദിവസത്തെ ആശുപത്രി വാസം. അതുകഴിഞ്ഞപ്പോള്‍ രോഗദുരിതമനുഭവിക്കുന്നവരുടെ അവസ്ഥ കൂടുതല്‍ മനസിലായി. കൂടുതല്‍ ഊർജ്ജത്തോടെ സഹായിക്കാന്‍ കഴിയുന്നവരിലേക്ക് വീണ്ടുമെത്തി. സുമനസുളളവർ കൂടെ നിന്നപ്പോള്‍ അത് കുറച്ചുകൂടി എളുപ്പമായി. സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ കൂടുതല്‍ പേർക്ക് ആശ്വാസമാവാന്‍ സാധിച്ചു.

കോവിഡ് കാലം നഴ്സുമാരോടുളള ലോകത്തിന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ജാസ്മിന്‍റെ പക്ഷം. അതിലേറെ അഭിമാനവും സന്തോഷവുമുണ്ട്.

"കുറച്ചുനാള്‍ മുന്‍പ് തന്നെ കാണാന്‍ ഒരാള്‍ ആശുപത്രിയിലെത്തി.കണ്ടയുടനെ ഓടിവന്ന് തന്‍റെ കാലിലേക്ക് വീഴുകയായിരുന്നു.."പെട്ടന്നുളള അദ്ദേഹത്തിന്‍റെ പ്രവൃത്തിയില്‍ സ്തബ്ധയായെങ്കിലും അദ്ദേഹത്തോടൊപ്പം നിലത്തിരുന്നപ്പോള്‍ താനും അറിയാതെ കരയുകയായിരുന്നുവെന്ന് ജാസ്മിന്‍. കോവിഡ് കാലത്തിലെന്നോ കണ്ടുമുട്ടി ആശ്വാസമേകിയ മുഖങ്ങളിലൊന്നായിരുന്നു അത്..

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയിലെ പത്ത് പേരിലെത്തിയ പത്തനം തിട്ടക്കാരിയായി ജാസ്മിന്‍ മാറിയത് ഇങ്ങനെ ഒരുപാട് ജീവിതങ്ങളുടെ നിറം കെടാതെ സൂക്ഷിച്ചതുകൊണ്ടായിരിക്കുമെന്നുറപ്പ് 184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരില്‍ നിന്നാണ് പൊതു വോട്ടിംഗ് ഉള്‍പ്പെടെയുളള ഘട്ടങ്ങള്‍ കടന്ന് അന്തിമ പത്തില്‍ ജാസ്മിനെത്തിയത്.യുഎഇയെ ആണ് ജാസ്മിന്‍ പ്രതിനീധികരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലിന്‍സി ജോസഫും മജ്ഞു ദണ്ഡപാണിയും അവസാനപത്തിലുണ്ട്. യുകെ,കെനിയ,ഓസ്ട്രേലിയ,യുഎസ്,അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുളളവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുളളവർ. തിരഞ്ഞെടുക്കപ്പെട്ടാല്‍ ലഭിക്കുന്ന 2 കോടി രൂപ സമ്മാനത്തുകയുളള പുരസ്കാരം, ആ കെട്ടകാലത്ത് ജാസ്മിനെപ്പോലുളളവർ കാണിച്ച സുമനസിനും ത്യാഗത്തിനും പകരമാവില്ലെങ്കിലും അനേകം ആരോഗ്യപ്രവർത്തകർക്കുളള തങ്കതിളക്കമുളള അംഗീകാരമാകും അതെന്നുറപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in