യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇത്തിസലാത്ത് വഴിയും അംഗമാകാം

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇത്തിസലാത്ത് വഴിയും അംഗമാകാം

യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുളള സമയപരിധി അവസാനിക്കാനിരിക്കെ ഇത്തിസാലത്ത് ബൈ ഇആൻ്റിലൂടെയും അംഗമാകാം. ഒക്ടോബർ ഒന്നാണ് ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്‍റ് സ്കീമില്‍ അംഗമാകാനുളള സമയപരിധി.

സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ (ഇൻവോളന്‍ററി ലോസ് ഓഫ് എംപ്ലോയ്‌മെന്‍റ് സ്കീം) ചേരണമെന്നുളളതാണ് അധികൃതരുടെ നിർദ്ദേശം. ആദ്യ ഘട്ടത്തില്‍ ഫ്രീസോണ്‍ ജീവനക്കാരെ ഒഴിവാക്കിയിരുന്നുവെങ്കിലും പിന്നീട് അവർക്കും ബാധകമാക്കി. 2023 ജനുവരി 1 മുതലാണ് നിർദ്ദേശം പ്രാബല്യത്തിലായത്. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതാണ് ഇന്‍ഷുറന്‍സ്.

സമയപരിധിയില്‍ പദ്ധതിയില്‍ ചേരാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. 90 ദിവസത്തിനുള്ളിൽ പ്രീമിയം അടയ്‌ക്കാതിരുന്നാല്‍ 200 ദിർഹം അധിക പിഴ ഈടാക്കും. പ്രീമിയം അടയ്ക്കാതിരുന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടമാകും. ഇൻഷുറൻസ് തുക ലഭിക്കുന്നതിനു തടസ്സം നിൽക്കുന്ന തൊഴിൽദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും. സ്വഭാവ ദൂഷ്യമുള്‍പ്പടെയുളള കാരണങ്ങള്‍ കൊണ്ടാണ് ജോലി നഷ്ടമായതെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

ഒരു വർഷമെങ്കിലും ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചവർക്ക് മാത്രമെ പരിരക്ഷ ലഭിക്കുകയുളളൂ. ജോലി നഷ്ടമായാല്‍ ശമ്പളത്തിന്‍റെ 60 ശതമാനം വരെ മൂന്ന് മാസം നഷ്ടപരിഹാരമായി ലഭിക്കും. തൊഴില്‍ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകള്‍ ഹാജരാക്കണം. 16000 ദിർഹത്തിനു താഴെയാണ് ശമ്പളമെങ്കിൽ വർഷം നികുതി ഉൾപ്പെടെ 63 ദിർഹവും 16000 ദിർഹത്തിനു മുകളിലാണ് ശമ്പളമെങ്കിൽ വർഷം 126 ദിർഹവുമാണ് പ്രീമിയം.https://www.diniloe.ae/nsure/login എന്ന വെബ്സൈറ്റിലൂടെ ലോഗ് ഇന്‍ ചെയ്ത് പ്രീമിയം അടയ്ക്കാം. മണി എക്ചേഞ്ച് സെന്‍റർ, എടിഎം മെഷീന്‍ എന്നിവയിലും പണം അടയ്ക്കാനുളള സൗകര്യമുണ്ട്. ഇത് കൂടാതെയാണ് ഇത്തിസലാത്തിലൂടെയും പണമടയ്ക്കാനുളള സൗകര്യം നല്‍കിയിരിക്കുന്നത്.

ഒഴിവാക്കിയതാരെയൊക്കെ

എമിറേറ്റ്സ് എയർലൈന്‍ ജീവനക്കാരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജീവനക്കാർക്ക് തൊഴിലില്ലായ്മ ഇൻഷുറൻസിനായി സ്വമേധയാ അപേക്ഷിക്കാമെന്ന് എമിറേറ്റ്സ് എയർലൈൻ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക കരാർ തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷന് അർഹതയുള്ളവരും പുതിയ ജോലിയിൽ ചേർന്നവരുമായ വിരമിച്ചവർ എന്നിവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in