യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്, പദ്ധതിയില്‍ ചേരാത്തവർക്ക് പിഴ ഉണ്ടോയെന്ന് അറിയാം

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്, പദ്ധതിയില്‍ ചേരാത്തവർക്ക് പിഴ ഉണ്ടോയെന്ന് അറിയാം

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കാനുളള സമയപരിധി അവസാനിച്ചതോടെ 6.5 ദശലക്ഷം പേർ പദ്ധതിയുടെ ഭാഗമായെന്നാണ് കണക്കുകള്‍. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് നിർബന്ധമാക്കിയത്. സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ (ഇൻവോളന്‍ററി ലോസ് ഓഫ് എംപ്ലോയ്‌മെന്‍റ് സ്കീം) ചേരണമെന്നതായിരുന്നു നിർദ്ദേശം. ഒക്ടോബ‍ർ ഒന്നിന് മുന്‍പ് പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ 400 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. 2023 ജനുവരി 1 മുതലാണ് നിർദ്ദേശം പ്രാബല്യത്തിലായത്. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതാണ് ഇന്‍ഷുറന്‍സ്.

90 ദിവസത്തിനുള്ളിൽ പ്രീമിയം അടയ്‌ക്കാതിരുന്നാല്‍ 200 ദിർഹം അധിക പിഴ ഈടാക്കും. പ്രീമിയം അടയ്ക്കാതിരുന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടമാകും. ഇൻഷുറൻസ് തുക ലഭിക്കുന്നതിനു തടസ്സം നിൽക്കുന്ന തൊഴിൽദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും. സ്വഭാവ ദൂഷ്യമുള്‍പ്പടെയുളള കാരണങ്ങള്‍ കൊണ്ടാണ് ജോലി നഷ്ടമായതെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

ഒരു വർഷമെങ്കിലും ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചവർക്ക് മാത്രമെ പരിരക്ഷ ലഭിക്കുകയുളളൂ. ജോലി നഷ്ടമായാല്‍ ശമ്പളത്തിന്‍റെ 60 ശതമാനം വരെ മൂന്ന് മാസം നഷ്ടപരിഹാരമായി ലഭിക്കും. തൊഴില്‍ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകള്‍ ഹാജരാക്കണം. 16000 ദിർഹത്തിനു താഴെയാണ് ശമ്പളമെങ്കിൽ വർഷം നികുതി ഉൾപ്പെടെ 63 ദിർഹവും 16000 ദിർഹത്തിനു മുകളിലാണ് ശമ്പളമെങ്കിൽ വർഷം 126 ദിർഹവുമാണ് പ്രീമിയം.മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ബിസിനസ് കേന്ദ്രങ്ങളിലൂടെയോ പിഴ കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in