യുഎഇയില്‍ ഇന്ന് പതാക ദിനം ആഘോഷിച്ചു. രാജ്യത്തെങ്ങുമുളള സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ദിനാഘോഷത്തിന്‍റെ ഭാഗമായി രാവിലെ 11 മണിക്ക് പതാക ഉയർത്തി. തുടർച്ചയായ 10 ാം വർഷമാണ് യുഎഇ പതാക ദിനം ആഘോഷിക്കുന്നത്.2004 ൽ ഷെയ്ഖ് ഖലീഫ യുഎഇ രാഷ്ട്രപതിയായി അധികാരമേറ്റതിന്‍റെ സന്തോഷസൂചകമായാണ് 2013 മുതല്‍ രാജ്യം പതാക ദിനം ആഘോഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമാണ് ഇത്തരത്തിലൊരു ആശയം നടപ്പിലാക്കിയത്.
ചതുർവർണത്തില്‍ തിളങ്ങി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും
യുഎഇ പതാകയിലെ ചതുർവർണങ്ങളണിഞ്ഞ തൊപ്പിയും ഷാളുകളും ധരിച്ച് കൈയ്യില്‍ പതാകകളേന്തിയാണ് വിദ്യാർത്ഥികളടക്കമുളളവർ വ്യാഴാഴ്ച പുസ്തകമേളയ്ക്ക് എത്തിയത്. വിവിധ സ്കൂളുകളില്‍ നിന്നുളള വിദ്യാർത്ഥികള്‍ ആഘോഷത്തില്‍ പങ്കുചേർന്നു. എസ് ഐ ബി എഫ് അധികൃതർ പതാക ഉയർത്തി.
ജിഡിആർഎഫ്എയിലും പതാകദിനം ആഘോഷിച്ചു
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സിലും പതാകദിനത്തിന്‍റെ ഭാഗമായി ആഘോഷങ്ങള്‍ നടന്നു. മുഖ്യകാര്യാലയമായ ജാഫലിയ ഓഫീസ്- കവാടത്തിലാണ് ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചത് രാവിലെ 11 മണിക്ക് മേധാവി ലഫ്റ്റ്നന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ദേശീയ പതാക ഉയർത്തി.തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സൈനിക പരേഡും നടന്നു.ഡയറക്ടർ ജനറൽ സല്യൂട്ട് സ്വീകരിച്ചു. ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങുകളിൽ സംബന്ധിച്ചു.
പതാകദിനം ആഘോഷിച്ച് യൂണിയന്‍ കോപ്പും
പതാക ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലും തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമായി 42 പതാകകള്‍ ഉയര്‍ത്തി യൂണിയന്‍ കോപ്.അല്‍ വര്‍ഖ സിറ്റി മാളില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂണിയന്‍ കോപിന്‍റെ ഡിവിഷന്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍മാര്‍, സെക്ഷന്‍ മാനേജര്‍മാര്‍ യൂണിയന്‍ കോപിലെ നിരവധി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ കോപിന്‍റെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്‍ററുകളിലും മറ്റ് യൂണിയന്‍ കോപ് കെട്ടിടങ്ങളിലും വിവിധ ശാഖകളിലെയും കോഓപ്പറേറ്റീവിന്‍റെ കേന്ദ്രങ്ങളിലെയും മാനേജര്‍മാരുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.