യുഎഇ ഇന്ന് പതാക ദിനം ആഘോഷിച്ചു. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ഓർമ്മപ്പെടുത്തി ഖസർ അല്‍ വതിനില്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പതാക ഉയർത്തി. രാജ്യത്തിന്‍റെ ആദ്യദീർഘകാല ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നമ്മുടെ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകം,മഹത്വത്തിന്‍റെ കൊടിമരം, നമ്മുടെ രാജ്യത്തിന്‍റെ പതാക യെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സില്‍ കുറിച്ചു. 2013 ലാണ് എല്ലാവർഷം നവംബർ 3 രാജ്യം പതാക ദിനമായി ആഘോഷിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. വിവിധ സ്കൂളുകളിലും ഇന്ന് പതാക ദിനം ആഘോഷിച്ചു.
ഐക്യവും ദർശനവും ത്യാഗവും ഉൾക്കൊള്ളുന്ന സന്ദേശമാണ് പതാകദിനം: ഡോ ആസാദ് മൂപ്പന്‍
യുഎഇ സ്ഥാപകരുടെ ഐക്യവും ഐക്യവും ദർശനവും ത്യാഗവും ഉൾക്കൊള്ളുന്ന സന്ദേശമാണ് പതാകദിനമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ ആസാദ് മൂപ്പന്‍ പറഞ്ഞു.രാജ്യത്തിന്‍റെ ക്ഷേമത്തിനായി ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒപ്പം അചഞ്ചലമായ ബഹുമാനത്തോടും അർപ്പണബോധത്തോടുംകൂടി രാജ്യത്തിന്‍റെ പതാകക്കൊപ്പം നിൽക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പതാക ദിനം ആഘോഷിച്ച് യൂണിയന്‍ കോപ്
പതാകദിനത്തിൽ യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി. പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വര്‍ഖ സിറ്റി മാളിൽ പ്രത്യേകം നടത്തിയ പരിപാടിയിൽ യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അൽ ഷംസി, മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫി അൽ ദല്ലാൽ എന്നിവര്‍ക്കൊപ്പം ജീവനക്കാരും പങ്കാളികളായി.