യുഎഇ മഴയില്‍ വാഹനങ്ങള്‍ക്കും കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചോ,ചെയ്യേണ്ടതെന്തെന്ന് അറിയാം

photo courtesy: Khaleej Times
photo courtesy: Khaleej Times

75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ 24 മണിക്കൂറിനുളളില്‍ ലഭിച്ചത്. ആയിരകണക്കിന് വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മഴയില്‍ നാശം സംഭവിച്ചു. വാഹനങ്ങളില്‍ വെളളം കയറിയിട്ടുണ്ടെങ്കില്‍ പ്രവർത്തിപ്പിക്കാന്‍ ശ്രമിക്കരുതെന്നുളളതാണ് ആദ്യം ഓർക്കേണ്ടത്. വാഹനം സ്റ്റാർട്ട് ചെയ്താല്‍ എന്‍ജിനും ട്രാൻസ്മിഷനും ഉള്‍പ്പടെ തകറിലാകും. കഴിയുമെങ്കില്‍ വാഹനത്തില്‍ നിന്ന് വെളളം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം. സൂര്യപ്രകാശം ഏൽക്കാനും വാഹനം ഉണക്കാനും വാതിലുകള്‍ തുറന്നിടണം

വാഹന ഇന്‍ഷുറന്‍സ്

രണ്ട് തരത്തിലുളള ഇന്‍ഷുറന്‍സാണ് സാധാരണയായി വാഹനങ്ങള്‍ക്ക് എടുക്കുന്നത്. കോംപ്രിഹെന്‍സീവ്ഇന്‍ഷുറന്‍സും തേർഡ് പാർട്ടി ഇന്‍ഷുറന്‍സും. കുറഞ്ഞ പ്രീമിയം തുക എന്നുളളതാണ് തേർഡ് പാർട്ടി ഇന്‍ഷുറന്‍സിനുളള ആകർഷണം. വാഹനത്തിന് പരിരക്ഷ ലഭിക്കില്ലെന്നുളളതാണ് പോരായ്മ.അതേസമയം

കൂടുതല്‍ പ്രീമിയം തുക നല്‍കിയെടുക്കുന്ന കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ്, മഴയും പ്രകൃതിക്ഷോഭവും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ നല്‍കും. ഓരോ കമ്പനിയുടെയും പോളിസികള്‍ അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടായേക്കാം.

ബേസ്മെന്‍റ് പാർക്കിംഗില്‍ നിർത്തിയിടുന്ന വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ പ്രകൃതിക്ഷോഭ ഇന്‍ഷുറന്‍സില്‍ നഷ്ടപരിഹാരം ലഭിക്കും. ഈ വർഷം ഇതില്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി. വെളളക്കെട്ടുപോലുളള പ്രകൃതി ക്ഷോഭമുണ്ടെന്ന് അറിഞ്ഞിട്ടും വാഹനമോടിച്ചതിനാലാണ് കേടുപാടുകള്‍ സംഭവിച്ചതെങ്കില്‍ ഇന്‍ഷുറന്‍സ് തുക നല്‍കണോയെന്നുളളത് കമ്പനിക്ക് തീരുമാനിക്കാം. ഏതൊക്കെ കാര്യങ്ങളിലാണ് പരിരക്ഷയുളളതെന്നും ഇല്ലാത്തതെന്നും ഇന്‍ഷുറന്‍സ് എടുക്കും മുന്‍പ് തന്നെ കൃത്യമായി മനസിലാക്കിയിരിക്കണം. പ്രകൃതി ക്ഷോഭങ്ങള്‍ ഉള്‍പ്പടെ അസാധാരണമായ സാഹചര്യങ്ങള്‍ക്കുളള പരിരക്ഷ ഇന്‍ഷുറന്‍സില്‍ ഉണ്ടെങ്കില്‍ മാത്രമെ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കൂ.

മഴയിലും വെളളപ്പൊക്കത്തിലും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍

1. ദുബായിലാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് പൊലീസ് റിപ്പോർട്ടുണ്ടാക്കുകയെന്നുളളതാണ്.

‘To Whom It May Concern സർട്ടിഫിക്കറ്റിനായി ദുബായ് പൊലീസിന്‍റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ അപേക്ഷിക്കാം. വാഹനത്തിന്‍റെ കേടുപാടുകള്‍ സംബന്ധിച്ചുളള വിശദവിവരങ്ങളും ഫോട്ടോകളും ആപ്പിലൂടെ സമർപ്പിക്കണം. ഫീസ് അടച്ച് അഞ്ച് മിനിറ്റിനുളളില്‍ തന്നെ ഡിജിറ്റലായി സർട്ടിഫിക്കറ്റ് ലഭിക്കും.ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യാൻ ഈ സർട്ടിഫിക്കറ്റ് സഹായകരമാകും സ‍ർട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടനെ ഇന്‍ഷുറന്‍സ് ബ്രോക്കറെ അറിയിക്കാം.

2. കേടുപാടുകളുടെ വിശദവിവരങ്ങള്‍ ഇന്‍ഷുറന്‍സ് ബ്രോക്കറെ ബോധ്യപ്പെടുത്തണം. പോളിസി ലഭിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നുളള ആവശ്യമായ നിർദ്ദേശങ്ങളും തേടാം.

3. കേടുപാടുകള്‍ രേഖപ്പെടുത്തണം.അതായത് കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഫൊട്ടോഗ്രാഫുകളോ വീഡിയോകളോ എടുത്തുസൂക്ഷിക്കുക. നാശനഷ്ടത്തിൻ്റെ വ്യാപ്തി കൃത്യമായി വിലയിരുത്താൻ ഈ രേഖപ്പെടുത്തല്‍ സഹായിക്കും.

4. പൊലീസ് സർട്ടിഫിക്കറ്റിന് പുറമെ പോലീസ് അസല്‍ റിപ്പോർട്ട് തേടണം.വാഹന റജിസ്ട്രേഷൻ കാർഡിൻ്റെയും (മുല്‍കിയ) സാധുവായ ഡ്രൈവിങ് ലൈസൻസിൻ്റെയും പകർപ്പുകൾ നൽകി നാശനഷ്ടങ്ങൾ വിവരിക്കുന്ന അസല്‍ പൊലീസ് റിപ്പോർട്ട് വാങ്ങണം. അടുത്തുളള പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പൊലീസ് റിപ്പോർട്ട് വാങ്ങേണ്ടത്.

ഏത് ദിവസമാണ് വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായത് എന്ന് കൃത്യമായി രേഖപ്പെടുത്തണം. വാഹനത്തിന്‍റെ കേടുപാടുകള്‍ തീർക്കുന്നതിനായുളള കണക്കുകള്‍ ഇന്‍ഷുറന്‍സ് ബ്രോക്കറുമായി സംസാരിക്കാം.

5. പൊലീസ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിവരങ്ങള്‍ നല്‍കാം.ആവശ്യമായ രേഖകള്‍ക്കൊപ്പം പൊലീസ് റിപ്പോർട്ടും സമർപ്പിക്കണം. അതിനുശേഷം ഒന്നുകില്‍ വാഹനം നില്‍ക്കുന്ന സ്ഥലത്തെത്തി ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി പരിശോധിക്കും. അതല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി പറയുന്ന ഗാരീജിലേക്ക് വാഹനമെത്തിക്കാം. വാഹനമോടിക്കാന്‍ അസൗകര്യമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചാല്‍ അതത് ഗാരീജില്‍ നിന്നുളള പ്രതിനിധികളെത്തി വാഹനം പരിശോധിക്കും.

5. ഇന്‍ഷുറന്‍സ് ക്ലെയിം പൂർത്തിയാകുന്നതുവരെയുളള കാര്യങ്ങള്‍ നമ്മള്‍ തന്നെ നേരിട്ട് നിരീക്ഷിക്കണം.

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചാല്‍

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുളള ഇന്‍ഷുറന്‍സ് ഹോം ഓണേഴ്സ് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ പ്രോപ്പർട്ടി ഇന്‍ഷുറന്‍സ് എന്നതാണ്. തീ, മോഷണം, നശീകരണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ പരിരക്ഷ നല്‍കുകയെന്നുളളതാണ് ഇന്‍ഷുറന്‍സിലൂടെ ലക്ഷ്യമിടുന്നത്.

കെട്ടിട ഇന്‍ഷുറന്‍സ്

കെട്ടിടത്തിന്‍റെ ഭിത്തികള്‍, മേല്‍ക്കൂര, അടിത്തറ,കെട്ടിടത്തില്‍ ഘടിപ്പിച്ചിട്ടുളള വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

വസ്തുഇന്‍ഷുറന്‍സ്

ഫർണിച്ചർ, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍,മറ്റ് വിലപിടിപ്പുളള വസ്തുക്കള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. തീ, മോഷണം, നശീകരണം, പ്രകൃതിദുരന്തങ്ങൾ എന്നിവയുൾപ്പെടെ സംഭവിച്ചാലും ഇക്കാര്യങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും.

പ്രകൃതി ക്ഷോഭമുള്‍പ്പടെ സംഭവിച്ചുകഴിഞ്ഞാല്‍ ചെയ്യേണ്ടത്

1. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആവശ്യമായ രേഖകള്‍ സഹിതം സംഭവം റിപ്പോർട്ട് ചെയ്യുക.

2. റിപ്പോർട്ട് ലഭിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനി വസ്തുവകകളുടെ മൂല്യനിർണയം ആരംഭിക്കും.സംഭവത്തിന്‍റെ വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തും.നഷ്ടത്തിൻ്റെ സ്വഭാവമനുസരിച്ച്, അന്വേഷണത്തിനായി ഒരു ലോസ് അഡ്ജസ്റ്ററെ നിയമിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുമുണ്ട്.

3. ക്ലെയിം ചെയ്യാനുളള നടപടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ റഫറൻസ് നമ്പർ അടങ്ങിയ ഒരു എസ്എംഎസ് രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കും. ആവശ്യമെങ്കില്‍ വർക്ക്ഷോപ്പില്‍ ബന്ധപ്പെടാന്‍ വിവരങ്ങള്‍ക്കൊപ്പം ക്ലെയിം റഫറന്‍സ് നമ്പറും നല്‍കാം. ക്ലെയിം ട്രാക്ക് ചെയ്യാനും റഫറന്‍സ് നമ്പർ ഉപയോഗിക്കാം.

ആവശ്യമായ രേഖകള്‍

പോളിസി നമ്പർ,

പോലീസ് റിപ്പോർട്ട് (ബാധകമെങ്കിൽ),

സംഭവം നടന്ന സമയം, തീയതി, സ്ഥലം

സംഭവിച്ചതിൻ്റെ വിവരണം,

നഷ്ടങ്ങളുടെ മൂല്യം (നഷ്ടത്തിൻ്റെ അടിസ്ഥാനത്തിൽ അധിക ഡോക്യുമെൻ്റേഷൻ ആവശ്യമായി വന്നേക്കാം)

ക്ലെയിം ഫോം

4. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓണ്‍ലൈന്‍,ആപ്,ഇമെയില്‍ മുഖേന ക്ലെയിം സമർപ്പിക്കാം.

വീടുകൾക്കും വാഹനങ്ങൾക്കും പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വാഹന ഇൻഷുറൻസ്, ഹോം ഇൻഷുറൻസ് തുടങ്ങിയ ഇൻഷുറൻസ് പോളിസികള്‍ ഒരുപരിധിവരെ പരിരക്ഷ നൽകുന്നുണ്ട്. ഓരോ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കും അവരുടേതായ നിബന്ധനകളുണ്ടാകും. അത് അനുസരിച്ച് നടപടിക്രമങ്ങളിലും ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുന്ന തുകയുടെ ശതമാനത്തിലും വ്യത്യാസമുണ്ടാകാം.

(വിവരങ്ങള്‍ക്ക് കടപ്പാട്, ഉജ്ജ്വല്‍ ബാലചന്ദ്രൻ, ചാർട്ടേഡ് ലോസ് അഡ്ജസ്റ്റർ,അറബ് ലോസ് അഡ്ജസ്റ്റേഴ്സ്)

Related Stories

No stories found.
logo
The Cue
www.thecue.in