യുഎഇയില്‍ മഴ മുന്നറിയിപ്പ്, ഡാമുകള്‍ തുറന്നു,ഒമാനില്‍ മഴക്കെടുതിയില്‍ 4 മരണം

യുഎഇയില്‍ മഴ മുന്നറിയിപ്പ്, ഡാമുകള്‍ തുറന്നു,ഒമാനില്‍ മഴക്കെടുതിയില്‍ 4 മരണം

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വരും ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ശക്തമായ മഴ പെയ്തേക്കുമെന്ന പ്രവചനത്തെ തുടർന്ന് മുന്നൊരുക്കമെന്ന രീതിയില്‍ രാജ്യത്തെ ഡാമുകള്‍ തുറന്നു. മുന്‍കരുതലായി അധിക ജലം തുറന്നുവിടുകയെന്നുളളതാണ് ഡാമുകള്‍ തുറന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഇനിയും മഴ പെയ്യുകയാണെങ്കില്‍ ജലം സംഭരിക്കാന്‍ ഡാമുകളെ സജ്ജമാക്കുകയാണ് ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. ഷട്ടറുകള്‍ തുറക്കുന്നതോടെ വാദികളിലും താഴ്വരകളിലും ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

ബുറായ, ഷൗക്ക, ബുറാക്ക്, സിഫ്നി എന്നീ അണക്കെട്ടുകളിലെ ഷട്ടറുകളാണ് ഉയർത്തിയത്.ന്യൂനമർദ്ദത്തെ തുടർന്ന് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാജ്യത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്തിടെയുണ്ടായ ശക്തമായ മഴയില്‍ ഫുജൈറ, റാസല്‍ ഖൈമ, ഷാർജ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടമുണ്ടായിരുന്നു.

അതേസമയം, ഒമാനില്‍ വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയില്‍ നാല് പേർ മരിച്ചു. രാജ്യത്ത് പെയ്ത ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അല്‍ സുവാദി തീരത്തുണ്ടായ ശക്തമായ കടലാക്രമണത്തിലാണ് അച്ഛനും രണ്ട് മക്കളും മരിച്ചത്. അപകടത്തില്‍ പെട്ട അമ്മയേയും മറ്റൊരു മകളേയും തീര രക്ഷാ സേന രക്ഷപ്പെടുത്തി. തെക്കന്‍ അല്‍ ബതീന മേഖലയില്‍ ഒമാന്‍ പൗരന്‍ മുങ്ങി മരിച്ചു. വാദിയിലെ ഒഴുക്കില്‍ പെട്ടാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിനെത്തിയ സംഘം ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒമാനില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. സലാലയില്‍ വലിയ തോതില്‍ കൃഷി നാശവുമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in