രണ്ട് തവണ ക്യാന്‍സറിനെ തോല്‍പിച്ച നദീറ കിളിമഞ്ചാരോ കയറിയ കഥ

രണ്ട് തവണ ക്യാന്‍സറിനെ തോല്‍പിച്ച നദീറ കിളിമഞ്ചാരോ കയറിയ കഥ

രണ്ട് തവണയാണ് ക്യാന്‍സർ നദീറ സെനാലിയെ തൊട്ടും തലോടിയും കടന്നുപോയത്. തളർന്നിരിക്കാന്‍ ഒരുക്കമായിരുന്നില്ല. ധീരമായി നേരിട്ടു. ഇതിനിടയിലെപ്പോഴോ കിളിമഞ്ചാരോ കീഴടക്കണമെന്നുളളത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തിലെ തന്നെ ഒരു പർവത നിരകളുടെയും ഭാഗമല്ലാതെ തനിയെ നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും വലുതുമാണ് നിർജീവ അഗ്നിപർവതമായ കിളിമഞ്ചാരോ. സമുദ്ര നിരപ്പിൽ നിന്നു 5895 മീറ്റർ (19341 അടി) ആണ് ഉയരം. യാഥാർത്ഥമാകുമോയെന്ന് മറ്റുളളവർക്ക് സംശയമുണ്ടായിരുന്നുവെങ്കിലും നദീറയ്ക്ക് അക്കാര്യത്തില്‍ സംശയം ഒട്ടുമേ ഉണ്ടായിരുന്നില്ല. തയ്യാറെടുപ്പുകള്‍ക്കിടയില്‍ ജിമ്മില്‍ നിന്ന് കാലിന് പരുക്കുപറ്റിയതിന് പുറമെ ബ്രോങ്കൈറ്റിസും യാത്ര തടസ്സപ്പെടുത്താനെത്തിയെങ്കിലും തളർന്നില്ല.

ക്യാന്‍സർ ബാധിതയെന്ന് തിരിച്ചറിഞ്ഞത് ഗർഭിണിയായിരിക്കെ

മകളെ ഗർഭം ധരിച്ച് നാലാം മാസത്തിലാണ് 2015 ല്‍ കോഴിക്കോട് സ്വദേശിനിയായ നദീറ സെനാലിയില്‍ തൈറോയ്ഡ് ക്യാന്‍സർ സ്ഥിരീകരിക്കുന്നത്. ആരും തളർന്നുപോകുന്ന സാഹചര്യം. മാസം തികയാതെ പ്രസവിച്ച് ചികിത്സ തുടങ്ങാമെന്നുളള തീരുമാനം നദീറ തന്നെയാണ് വേണ്ടെന്ന് വച്ചത്.കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കണമെന്നുളള നിശ്ചയദാർഢ്യമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍.പിന്നീട് മകള്‍ ഐറ ജനിച്ച് 45 ദിവസം കഴിഞ്ഞപ്പോള്‍ ചികിത്സ ആരംഭിച്ചു.ഭർത്താവായ പ്രവീണായിരുന്നു ജീവിതത്തിന്‍റെ കാതലെങ്കില്‍ ഉമ്മയായിരുന്നു ധൈര്യം. ചികിത്സ കഴി‍ഞ്ഞ് ജീവിതത്തിലേക്ക് മടങ്ങവെ 2021 ആദ്യത്തില്‍ വീണ്ടും അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു. വീണ്ടും ആശുപത്രിയും ചികിത്സയും. ഡോക്ടറുടെ അടുത്ത് പോകുന്നതും വിവരങ്ങള്‍ അറിയുന്നതുമെല്ലാം തനിച്ചാണ്. ഈ മനോധൈര്യം തന്നെയാണ് നദീറയുടെ കരുത്തും. രോഗം തിരിച്ചറിഞ്ഞ അന്നുമുതല്‍ ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി.രണ്ടാം തവണയും രോഗമെത്തിയപ്പോഴും ധൈര്യത്തോടെ തുടർ ചികിത്സ നടത്തി.

നദീറയും സുഹൃത്തുക്കളായ രാജീവും ശ്യാമും, നദീറ സ്റ്റെല്ലാ പോയിന്‍റില്‍
നദീറയും സുഹൃത്തുക്കളായ രാജീവും ശ്യാമും, നദീറ സ്റ്റെല്ലാ പോയിന്‍റില്‍

കിളിമഞ്ചാരോയെന്ന സ്വപ്നം

രോഗത്തിന്‍റെയും ചികിത്സയുടെയും നാളുകളിലെപ്പോഴോ മനസില്‍ കടന്നുകൂടിയതാണ് കിളിമഞ്ചാരോയെന്ന സ്വപ്നം. ഇനിയും കാത്തിരിക്കുന്നതില്‍ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ് അത്ര എളുപ്പമല്ലെന്നറിഞ്ഞിട്ടും കിളിമഞ്ചാരോ കീഴടക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചു. 2024 ലായിരുന്നു ഹൈക്കിംഗ് പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ സുഹൃത്തുക്കളുമായുളള സൗഹൃദസംഭാഷണങ്ങളിലെപ്പോഴോ വിഷയം കടന്നുവന്നപ്പോള്‍ ഇനി നീട്ടിവച്ചിട്ട് കാര്യമില്ലെന്നുറപ്പിച്ചു. അങ്ങനെ ആ സ്വപ്നത്തിലേക്ക് ആദ്യ ചുവടുവച്ചു.

ഓണ്‍ലൈനിലൂടെയാണ് കിളിമഞ്ചാരോ ഹൈക്കിംഗ് നടത്തുന്ന ടീമുമായി ബന്ധപ്പെടുന്നത്. കാര്യങ്ങള്‍ വിശദീകരിച്ചുതന്നതോടെ ഒന്നും എളുപ്പമല്ലെന്ന് ബോധ്യമായി. ജിമ്മില്‍ പോകുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിച്ചു. പക്ഷെ ഇതിനിടയില്‍ എത്തിയ ബ്രോങ്കൈറ്റിസും ഒപ്പം ജിമ്മില്‍ നിന്നേറ്റ പരുക്കും യാത്രാ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു. എന്നാല്‍ തയ്യാറെടുപ്പുകള്‍ വിട്ടുകളഞ്ഞില്ല. പടികള്‍ കയറുന്നതും ശീലമാക്കി. ഭാരം എടുത്തായിരുന്നു പടികള്‍ കയറിയുളള പരിശീലനം.ഒടുവില്‍ യാത്രപുറപ്പെടേണ്ട ദിവസമായപ്പോഴേക്കും ആരോഗ്യം ഏറെ കുറെ വീണ്ടെടുക്കാന്‍ കഴി‍ഞ്ഞു. കിളിമഞ്ചാരോയിലെ കാലാവസ്ഥ പ്രവചനാതീതമാണ്. തണുപ്പും ചൂടും കാറ്റുമെല്ലാം മാറി മാറിവരും. ശാരീരികമായ തയ്യാറെടുപ്പുകള്‍ ഉണ്ടെങ്കിലും കിളിമഞ്ചാരോ കയറുകയെന്നുളളത് മാനസികമായ തയ്യാറെടുപ്പുകൂടിയാണ്. മനസില്‍ ഉറപ്പിച്ച് കയറിത്തുടങ്ങിയാല്‍ പൂർത്തിയാക്കാന്‍ കഴിയുമെന്നുളളത് ആത്മവിശ്വാസമായിരുന്നുവെന്നും നദീറ

സൗഹൃദം കരുത്തായി

സുഹൃത്തുക്കളായ രാജീവും ശ്യാമുമാണ് യാത്രയില്‍ കൂടെയുണ്ടായിരുന്നത്. പല പാക്കേജുകളും പല റൂട്ടുകളും കിളിമഞ്ചാരോയിലേക്കുണ്ട്. എട്ടുദിവസത്തെ യാത്ര പദ്ധതിയുളള ലെമോഷ റൂട്ടാണ് തെരഞ്ഞെടുത്തത്. ദുബായില്‍ നിന്ന് ദാറുസ്സലാമിലേക്ക് വിമാനയാത്ര. പിന്നീട് ദാറുസ്സലാമില്‍ നിന്ന് കിളിമഞ്ചാരോ. വിമാനത്താവളത്തില്‍ ടൂർ സംഘത്തിലെ പ്രതിനിധിയോടൊപ്പം മോഷിയെന്ന സ്ഥലത്തേക്ക്. അവിടെ നിന്ന് അവർ നമ്മുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തും. നമ്മുടെ കൈയ്യില്‍ ഇല്ലാത്ത ആവശ്യമുളള സാധനങ്ങള്‍ അവരുടെ സഹായത്തോടെയാണ് വാങ്ങിച്ചത്. ഞങ്ങള്‍ മൂന്നുപേരുളള്‍പ്പടെ 10 അംഗ സംഘമായാണ് യാത്ര ആരംഭിച്ചത്. ടൂർ സംഘത്തിലെ അംഗങ്ങളാണ് ഭക്ഷണവും ടെന്‍റ് സെറ്റ് ചെയ്യുന്നതുമൊക്കെ.

അതുകഴിഞ്ഞെത്തുന്നത് ഒരു ഗ്രാമപ്രദേശത്തിലാണ്. നമ്മള്‍ കരുതും പോലുളള വികസനമവിടെയില്ലെങ്കിലും ജനങ്ങള്‍ സന്തോഷവാന്മാരാണ് എന്നുളളതാണ് ശ്രദ്ധിച്ച പ്രത്യേക കാര്യം. കിളിമഞ്ചാരോ സന്ദർശിക്കാനെത്തുന്നവരുടെ കൂടെ പോർട്ടർമാരായി ജോലി ചെയ്യുന്നതാണ് മിക്കവരുടെയും വരുമാനം. ദിവസവും 11 പൗണ്ടാണ് (30-35 ദിർഹം) വരുമാനം. നിറഞ്ഞ മനസോടെയാണ് അവർ സഞ്ചാരികളെ സ്വീകരിക്കുന്നത്. കിളിമഞ്ചാരോ നാഷണല്‍ പാർക്കിലൂടെയുളള യാത്രയും മറക്കാനാകില്ല. അതിമനോഹരമായ മഴക്കാട് കടന്നുവേണം പർവ്വത സ്ഥലത്തെത്താന്‍.

മേഘങ്ങളെ തൊട്ടുളളയാത്ര, സ്വപ്നലക്ഷ്യത്തിലേക്ക്

രണ്ടാം ദിവസം മുതല്‍ മേഘങ്ങളെ തൊട്ടുകൊണ്ടായിരുന്നു യാത്രയെന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം ഇത്രയും മനോഹരമായി ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് പറയുന്നു നദീറ. മൂന്നാം ദിവസം കഠിനമായിരുന്നു. ബരാന്‍കോ സാഹസിക കയറ്റമായിരുന്നു. 8 മണിക്കൂറെടുത്താണ് കയറിയത്. അന്ന് ശ്വാസതടസ്സമനുഭവപ്പെട്ടു. എങ്കിലും അതിജീവിച്ചു.ആറാം ദിനത്തില്‍ വീണ്ടും ആരോഗ്യപ്രശ്നങ്ങള്‍ അലട്ടി. ശ്വാസസംബന്ധമായ പ്രശ്നങ്ങളുളളതിനാല്‍ കയറാന്‍ പറ്റില്ലെന്ന് കൂടെ വന്ന ഗൈഡ് പറഞ്ഞുവെങ്കിലും പിന്തിരിയാന്‍ ഒരുക്കമായിരുന്നില്ല. കൂടെ വന്ന സുഹൃത്തുക്കളും നദീറയില്ലെങ്കില്‍ ഇല്ലെന്നുളള നിലപാടെടുത്തു. യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുമെന്നായിരുന്നു കൂടെ വന്ന ഗൈഡ് കരുതിയിരുന്നത്. എന്നാല്‍ പറ്റുമെന്ന് തീർച്ചയുണ്ടെങ്കില്‍ കയറൂവെന്നതായി നിലപാട്. രാത്രി 10.30 ഓടെ വീണ്ടും കയറാന്‍ തയ്യാറായി. അതികഠിനമായിരുന്നു യാത്ര. 9 മണിക്കൂറെടുത്താണ് 5756 മീറ്റർ -18,885 അടി ഉയരത്തിലുളള സ്റ്റെല്ല പോയിന്‍റില്‍ എത്തിച്ചേർന്നത്. -16 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. ഓക്സിജന്‍ തരേണ്ട ആരോഗ്യസാഹചര്യമായി അപ്പോഴേക്കും. 5895 മീറ്റർ അകലെയുളള ഉറുഹൂ പീക്കിലേക്ക് കയറാന്‍ ശരീരം അനുവദിച്ചില്ല. ഓക്സിജന്‍ തന്നാല്‍ തിരിച്ചിറങ്ങണമെന്നതായിരുന്നു അവരുടെ നിർദ്ദേശം. 4 മണിക്കൂറെടുത്തു തിരിച്ചിറങ്ങാന്‍. കിളിമഞ്ചാരോയുടെ ഉയരത്തിലെത്തുമ്പോള്‍ നമ്മള്‍ പുതിയ ആളാകുമെന്നുളളത് നദീറയുടെ അനുഭവ സാക്ഷ്യം. പരിമിതികളെ മറികടക്കാനുളള ധൈര്യം ലഭിക്കുമെന്നും നദീറ.

ജീവിതം നമ്മുടേത്, തീരുമാനങ്ങളും

എല്ലാവർക്കും എല്ലാം സാധിക്കും. അതിനുളള മനസും പ്രയത്നവുമുണ്ടെങ്കില്‍.മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാറ്റിവയ്ക്കരുതെന്നുളളതാണ് പറയാനുളളത്. 5 വ‍ർഷം മുന്‍പാണ് കിളിമഞ്ചാരോ ആഗ്രഹമായി മനസിലേക്ക് വരുന്നത്. രണ്ടാമതും രോഗം തിരിച്ചറിഞ്ഞപ്പോള്‍ ഇനി നീട്ടിവയ്ക്കുന്നതില്‍ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞു. കൈയ്യില്‍ പണവും സമയവും ഉളളപ്പോള്‍ യാത്ര ചെയ്യാന്‍ ആരോഗ്യമില്ലെങ്കിലോ. എല്ലാം പൂർത്തിയായതിന് ശേഷം യാത്രകള്‍ നടത്താമെന്നുളളത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇഷ്ടങ്ങളും സ്വപ്നങ്ങളും സ്വന്തമാക്കണമെന്നുളളത് അന്നെടുത്ത തീരുമാനമായിരുന്നുവെന്നും നദീറ.

ഇനിയും സ്വപ്നങ്ങള്‍

കിളിമഞ്ചാരോയില്‍ തീർന്നില്ല സ്വപ്നങ്ങള്‍. ക്യാന്‍സറിനെ അതിജീവിച്ച ഓരോരുത്തർക്കും പറയാന്‍ ഒരു കഥയുണ്ടാകും. അവരുടേത് മാത്രമായ ഒരു അണ്‍ടോള്‍ഡ് സ്റ്റോറി. തനിക്കുമുണ്ടായിരുന്നു. അതെല്ലാം അതിജീവിക്കാമെങ്കില്‍ കിളിമഞ്ചാരോയേക്കാള്‍ ഉയരത്തിലുളള ഏത് സ്വപ്നത്തേയും എത്തിപ്പിടിക്കാം. നദീറ പറഞ്ഞുനിർത്തുമ്പോള്‍ കണ്ണുകളില്‍ കാണാം, കടന്നുവന്ന വഴികളിലെ അനുഭവാഗ്നിത്തിളക്കം.

Related Stories

No stories found.
logo
The Cue
www.thecue.in