ഗള്‍ഫ് പ്രേക്ഷകരുടെ ഹൃദയം കവർന്ന് ടു മെന്‍, നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

ഗള്‍ഫ് പ്രേക്ഷകരുടെ ഹൃദയം കവർന്ന് ടു മെന്‍, നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് സംവിധായന്‍ എം എ നിഷാദും നടന്‍ ഇർഷാദും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ടു മെന്‍ എന്ന ചിത്രം. പ്രവാസത്തിന്‍റെ കഥ പറഞ്ഞ ചിത്രം നിറഞ്ഞ സദസ്സിലാണ് യുഎഇ, ഖത്തർ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പ്രദർശനം തുടരുന്നത്.പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക ഷോകളും സംഘടിപ്പിക്കുന്നുണ്ട്. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്ന സിനിമയാണ് ടു മെൻ.

പ്രവാസലോകത്ത് നിന്നും ചിത്രീകരിച്ച വ്യത്യസ്തസിനിമയാണ് ടുമെന്‍, എല്ലാ വിഭാഗം മനുഷ്യരേയും പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ കണ്ടതെന്നും മാധ്യമപ്രവർത്തക തന്‍സി ഹാഷിർ പറഞ്ഞു. റോഡ് മൂവിയ്ക്ക് അനുയോജ്യമായ ലൈറ്റിംഗുള്‍പ്പടെ സിനിമയെ വ്യത്യസ്തമാക്കി. റേഡിയോ കേട്ടുകൊണ്ടുതുടങ്ങുന്ന പ്രവാസികളുടെ ജീവിതം സിനിമയില്‍ പകർത്താന്‍ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയ റേഡിയോ ജീവിതം നേരിട്ടറിഞ്ഞ മുഹാദ് വെമ്പായത്തിന് സാധിച്ചുവെന്നും തന്‍സി അഭിപ്രായപ്പെട്ടു.

പ്രവാസികളുടേതായി വന്നിട്ടുളള സിനിമകളില്‍ വ്യത്യസ്തമായ സിനിമയാണ് ടു മെന്‍ എന്ന് ഷാർജയില്‍ ക്രിയേറ്റീവ് ഹെഡായി ജോലിചെയ്യുന്ന ഫിറോസ് കെ എച്ച് പറഞ്ഞു. എം എ നിഷാദിന്‍റെയും ഇർഷാദിന്‍റേയും അഭിനയവും എല്ലാ കഥാപാത്രങ്ങള്‍ക്കും അർഹമായ പ്രാധാന്യം കൊടുത്തുവെന്നതും എടുത്തുപറയേണ്ട കാര്യമാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. ഓരോ സീന്‍ കഴിയുമ്പോഴും അടുത്തതെന്താണെന്ന് അറിയാനുളള ആകാംക്ഷയുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചുവെന്ന് വീട്ടമ്മയായ തസ്നി പറഞ്ഞു. ചിത്രത്തിലെ പാട്ടുകളും ഹൃദ്യമായി അനുഭവപ്പെട്ടുവെന്നും അവർ പറഞ്ഞു.

ഡി ഗ്രൂപ്പിന്‍റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ടു മെൻ കേരളത്തിൽ രണ്ടാം വാരവും പ്രദർശനം തുടരുകയാണ്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ് വി സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് :കണ്ടന്‍റ് ഫാക്ടറി.

Related Stories

No stories found.
logo
The Cue
www.thecue.in