യുഎഇയിലെ മഴ: കഥയറിയാം,വിലയറിയാം

Photo Courtesy:The Nationalnews
Photo Courtesy:The Nationalnews

കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയുടെ എല്ലാ എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിക്കുന്നത്. രാജ്യത്തെ മഴയുടെ തോത് വർദ്ധിപ്പിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്താറുണ്ട് യുഎഇ. എന്നാല്‍ ക്ലൗഡ് സീഡിംഗ് മുഖേനമാത്രമാണോ മഴ ലഭിക്കുന്നത്, അതല്ലെങ്കില്‍ എത്രത്തോളം മഴ ക്ലൗഡ് സീഡിംഗിലൂടെ ലഭിച്ചുവെന്നുളള കണക്കുകള്‍ കൃത്യമായി ലഭിക്കുക സാധ്യമല്ല.

ഏറ്റവും ലളിതമായി പറഞ്ഞാല്‍ , മഴ പെയ്യാന്‍ സാധ്യതയുളള മേഘങ്ങളെ കണ്ടെത്തുകയും അതില്‍ ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രകൃതിദത്തമായ ഉപ്പുപോലുളള പദാർത്ഥങ്ങള്‍ തളിക്കുകയും ചെയ്യുകയാണ് ക്ലൗഡ് സീഡിംഗ്. ഇത് വെളളത്തെ ആകർഷിക്കുകയും മഴ മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തില്‍ ഹാനികരമല്ല ഇത്തരത്തിലുളള മഴയെന്നുളളതാണ് ഏറ്റവും പ്രധാനം. എന്നാല്‍ മഴ പെയ്യാന്‍ സാധ്യതയുളള മേഘങ്ങളെ കണ്ടെത്തുക എളുപ്പമല്ല.24 മണിക്കൂറും മേഘങ്ങളെ നിരീക്ഷിക്കുകയും സംവഹനശേഷിയുളള മേഘങ്ങള്‍ കണ്ടാല്‍ ഉടനടി ക്ലൗഡ് സീഡിംഗ് നടത്തുകയുമാണ് ചെയ്യുന്നത്. ഏറെ ശ്രമകരമായ ജോലിയാണിത്. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് യുഎഇ ഇത് സാധ്യമാക്കുന്നത്. കൃത്യമായ നിരീക്ഷണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇത്തരത്തില്‍ മഴ മേഘങ്ങളെ കണ്ടാല്‍ ഉടനടി വിമാനങ്ങളിലെത്തി ക്ലൗഡ് സീഡിംഗ് നടത്തുകയാണ് പതിവ്. ഈ വ‍ർഷം മാത്രം 35 വിമാനങ്ങളാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. 2022 ല്‍ 311 വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗ് നടത്തി. അതായത് ആയിരത്തോളം മണിക്കൂറുകള്‍.അലൈന്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗിനായി പറക്കുന്നത്.

1990 കളിലാണ് യുഎഇ ആദ്യം ക്ലൗഡ് സീഡിംഗ് നടത്താന്‍ ആരംഭിച്ചത്. എന്നാല്‍ കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതിയായി ക്ലൗഡ് സീഡിംഗ് ആരംഭിച്ചത് 2010 ലാണ് . ശരാശരി നാല് മണിക്കൂർ പ്രവർത്തന സമയത്ത് 24 മേഘങ്ങളില്‍ ക്ലൗഡ് സീഡിംഗ് നടത്തുന്നതിന് 5000 ഡോളറാണ് ചെലവെന്നാണ് കണക്ക്. ഓരോ വർഷവും 1000 മണിക്കൂറാണ് യുഎഇ ക്ലൗഡ് സീഡിംഗ് നടത്തുന്നത്. ഇതുവരെ യുഎഇ 18 മില്ല്യണ്‍ യുഎസ് ഡോളറാണ് ( ഏകദേശം 66 ദശലക്ഷം യുഎഇ ദിർഹം) ഇതിനായി യുഎഇ ചെലവാക്കിയത്. 11 പദ്ധതികളും 188 ഗവേഷകരും 31 സ്ഥാപനങ്ങളും ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നുണ്ട്. ശരാശരി 79 മില്ലി മീറ്റർ മഴയാണ് രാജ്യത്ത് ലഭിച്ചത്. ഇത് 140 മില്ലി മീറ്റർ വരെ ഉയർന്ന സന്ദർഭങ്ങളുമുണ്ട്.

ക്ലൗഡ് സീഡിംഗ് നടത്തിയതിലൂടെ രാജ്യത്തെ മഴയുടെ തോത് 35 ശതമാനം ഉയർത്താന്‍ കഴിഞ്ഞു.മഴ വർദ്ധിപ്പിക്കുന്നതിനായി റെയ്ന്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമും യുഎഇ നടത്തുന്നു. മഴയുടെ തോത് വർദ്ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായുളള ഗവേഷണങ്ങളും നടക്കുകയാണ് ഇതിലൂടെ. ഓരോ മൂന്നുവർഷത്തിലും മികച്ച ആശയങ്ങള്‍ നല്‍കുന്ന ഗവേഷണത്തിന് 1.5 മില്ല്യണ്‍ ഡോളർ ( 5.51 മില്ല്യണ്‍ ദിർഹം ) ഗ്രാന്‍റും നല്‍കുന്നു. വെളളത്തിന്‍റെ ഉപയോഗമെന്നുളളതാണ് യുഎഇ നേരിടുന്ന വെല്ലുവിളി. ഇതിന് പരിഹാരമെന്ന രീതിയില്‍ രാജ്യത്തെ ജല സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്നുളളതും യുഎഇ ലക്ഷ്യമിടുന്നു. വെളളത്തിന്‍റെ ഉപഭോഗം ഏറ്റവും കൂടുതല്‍ ഉളള രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. ഇത് 2025 ആകുമ്പോഴേക്കും 30 ശതമാനം കുറയ്ക്കുകയെന്നുളളതാണ് യുഎഇ ലക്ഷ്യമിടുന്നത്.ഇതിനായി ഭൂഗർഭ ജല സ്ത്രോതസ്സുകള്‍ സംരക്ഷിക്കണം.മഴ കൂടുതല്‍ ലഭിക്കുന്നതിലൂടെ ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം തന്നെ ആഗോളതാപനം വലിയ വെല്ലുവിളിയായി ലോകം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സീറോ എമിഷെന്‍ കാർബണ്‍ എന്ന ലക്ഷ്യത്തിലേക്കും കാലാവസ്ഥ മാറ്റത്തിലേക്കുമെല്ലാമുളള ഒരു ചുവടുവയ്പായികൂടിയാണ് രാജ്യം ക്ലൗഡ് സീഡിംഗ് നടത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in