
പേപ്പര്‍ അറേബ്യ 2023 പ്രദര്‍ശനം മെയ് 16 മുതല്‍ 18 വരെ ദുബായ് ഇന്‍റർനാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്‍ററില്‍ സംഘടിപ്പിക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം കമ്പനികള്‍ പങ്കെടുക്കുന്ന ബി2ബി പ്രദര്‍ശനത്തിന്‍റെ 12-ാം പതിപ്പാണ് ഇത്തവണത്തത്. കടലാസ് ഉല്‍പന്നങ്ങള്‍ക്കായുള്ള മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ച ഡിമാന്‍റ് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ അല്‍ ഫജര്‍ ഇന്‍ഫര്‍മേഷന്‍ & സര്‍വീസസ് ജനറല്‍ മാനേജര്‍ നദാല്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴയതും ആധികാരികവുമായ പേപ്പര്‍ വ്യവസായ പ്രദര്‍ശനത്തില്‍ പേപ്പര്‍, ടിഷ്യു, പേപ്പര്‍ ബോര്‍ഡ് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും ലഭ്യമാകും. "മിഡില്‍ ഈസ്റ്റിലെ പേപ്പര്‍ വ്യവസായം വര്‍ഷങ്ങളായി വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ്. കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള പേപ്പര്‍ മില്ലുകള്‍ക്ക് അഭൂതപൂര്‍വമായ വെല്ലുവിളികള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലും പേപ്പര്‍ പാക്കേജിംഗിലും പേപ്പര്‍ ഡിസ്‌പോസിബിളുകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നത് പ്രത്യേകം കാണേണ്ടതാണ്. ഇത് ഇകൊമേഴ്‌സ് കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടിയെന്ന്" നദാല്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
"ഗവേഷണ സ്ഥാപനമായ മൊര്‍ഡോര്‍ ഇന്‍റലിജന്‍സ് പറയുന്നതനുസരിച്ച്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണി 28.72 ബില്യണ്‍ ഡോളറിലെത്താന്‍ ഒരുങ്ങുകയാണെന്നും 3.28 ശതമാനം സിഎജിആറില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും" ഇന്ത്യയിലെ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് അസിസ്റ്റന്‍റ് സെക്രട്ടറി നവീന്‍ സേഥ് പറഞ്ഞു. ഉപയോക്തൃ മനോഭാവങ്ങളും മുന്‍ഗണനകളും മാറിയിട്ടുണ്ട്. ഈയിടെയായി ആരോഗ്യ, ശുചിത്വ ബോധമുള്ള ഉപയോക്താക്കള്‍ പേപ്പര്‍ പാക്കേജിംഗിലും ടിഷ്യൂകളിലുമുള്ള പ്രതിശീര്‍ഷ ഉപയോഗം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
കോവിഡിന് ശേഷമുള്ള ജിസിസി പേപ്പര്‍ വ്യവസായ നിക്ഷേപങ്ങള്‍ 1.6 ബില്യണ്‍ യുഎസ് ഡോളറിലധികമായി ഉയര്‍ന്നിരിക്കുന്നു. വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക അവബോധം കടലാസുല്‍പന്നങ്ങളുടെ ഉപയോഗം വ്യാപിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും, പ്‌ളാസ്റ്റിക്കുകള്‍ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന് യുഎഇ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്. ഇകൊമേഴ്‌സ് പ്രോല്‍സാഹനത്തിനൊപ്പം പാക്കേജിംഗ് വ്യവസായത്തിന്‍റെ വളര്‍ച്ചയും ഉയര്‍ന്നു. ഇത് നിലവില്‍ റീടെയില്‍ ചെലവിന്‍റെ 7 ശതമാനമാണെന്ന് യുഎഇയുടെ സ്ഥിതി വിവര കണക്ക് വ്യക്തമാക്കുന്നു.