സന്ദർശകരെ വിസ്മയിപ്പിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണ ബിഗ് ബലൂണും

സന്ദർശകരെ വിസ്മയിപ്പിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണ ബിഗ് ബലൂണും
Published on

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ പതിപ്പിന് ഒക്ടോബർ 25 ന് തുടക്കമാകുമ്പോള്‍ സന്ദർശകരെ വിസ്മയിപ്പിക്കാന്‍ ഇത്തവണ ബിഗ് ബലൂണും ഉണ്ടാകും. ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് പതിപ്പാണ് ഇത്തവണ ഒരുങ്ങുന്നത്. നിശ്ചയ ദാർഢ്യക്കാർക്ക് വരെ അനുയോജ്യമായ തരത്തില്‍, 20 പേരെ വരെ ഉള്‍ക്കൊളളാനാകുന്ന വലിയ ബലൂണാണ് ഒരുക്കിയിരിക്കുന്നത്.

ആറ് നില കെട്ടിടത്തോളം ഉയരത്തിലെത്തുന്ന, 65 അടി വ്യാസമുളള ഹീലീയം ബലൂണില്‍ കയറുന്ന അതിഥികള്‍ക്ക് അതിമനോഹരമായ ഗ്ലോബല്‍ വില്ലേജും പരിസരവും 360 ഡിഗ്രിയില്‍ കണ്ട് ആസ്വദിക്കാം. ഗ്ലോബല്‍ വില്ലേജിന്‍റെ ചരിത്രത്തില്‍ നാഴികകല്ലായി മാറും പുതിയ ബിഗ് ബലൂണെന്നാണ് വിലയിരുത്തല്‍

ഓരോ സീസണിലും അതിഥികള്‍ക്ക് നവ്യാനുഭവങ്ങള്‍ നല്‍കുകയെന്നുളളതാണ് ഞങ്ങളുടെ മുന്നിലുളള ലക്ഷ്യമെന്ന് ഗ്ലോബല്‍ വില്ലേജ് ബിസിനസ് ഡവലപ്മെന്‍റ് ഡയറക്ടർ നവീന്‍ ജയിന്‍ പറഞ്ഞു. ബലൂണ്‍ റൈഡ് എന്നുളളത് പലരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അതിനുളള അവസരം ഗ്ലോബല്‍ വില്ലേജിലൂടെ നല്‍കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ആസ്വദിക്കാനാകുന്ന തരത്തില്‍ നിരവധി കാര്യങ്ങള്‍ ഇത്തവണ ഗ്ലോബല്‍ വില്ലേജിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബിഗ് ബലൂണ്‍ ഒരുക്കിയിരിക്കുന്നത്. തുടർച്ചയായ 4-ാം വർഷവും ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്‍റെ 5* റേറ്റിംഗ് ആണ് ഗ്ലോബല്‍ വില്ലേജിന് ലഭിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 3 വർഷമായി സ്വോർഡ് ഓഫ് ഓണർ പദവിയും ഗ്ലോബല്‍ വില്ലേജ് സ്വന്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in