മുഖം മിനുക്കി ഷാർജ പുസ്തകമേള, പോപ്പ് അക്കാദമിയും പോയട്രി ഫാർമസിയും പുത്തന്‍ അനുഭവമാകും

മുഖം മിനുക്കി ഷാർജ പുസ്തകമേള, പോപ്പ് അക്കാദമിയും പോയട്രി ഫാർമസിയും പുത്തന്‍ അനുഭവമാകും
Published on

സന്ദർശകർക്ക് പുതിയ കാഴ്ചകളൊരുക്കിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 5 ന് വായനയുടെ വാതിലുകള്‍ തുറക്കുന്നത്. പോപ്പ് അപ്പ് അക്കാദമി, യുകെയുടെ പോയട്രി ഫാർമസി,പോഡ് കാസ്റ്റ് സ്റ്റേഷന്‍ തുടങ്ങിയവ പുസ്തകോത്സവത്തിലെത്തുന്നവർക്ക് പുതിയ അനുഭവം സമ്മാനിക്കും എക്സ്പോ സെന്‍ററില്‍ നവംബർ 16 വരെ നടക്കുന്ന മേളയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള എഴുത്തുകാരും അഭിനേതാക്കളും കലാകാരന്മാരും അതിഥികളായെത്തും. മലയാളത്തില്‍ നിന്ന് കെ സച്ചിദാനന്ദന്‍ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. മലയാളത്തില്‍ നിന്ന് നിരവധി പേർ ഇത്തവണയും അതിഥികളായെത്തും.

പോപ്പ് അപ്പ് അക്കാദമി

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഡിജിറ്റല്‍ മേഖലയിലൂടെ കലാസാംസ്കാരിക ഇടപെടല്‍ കൂടുതല്‍ അർത്ഥവത്താക്കുകയെന്നുളളതാണ് പോപ് അപ്പ് അക്കാദമിയുടെ ലക്ഷ്യം. 24 സെഷനുകളാണ് അക്കാദമിയിലുണ്ടാവുക. കലാ സാഹിത്യ മാധ്യമ സാങ്കേതിക രംഗങ്ങളിലെ വിദഗ്ധർ പോപ് അപ്പ് അക്കാദമിയിലൂടെ സന്ദർശകരുമായി സംവദിക്കും.

യുകെയുടെ പോയട്രി ഫാർമസി

പുസ്തകമേളയിലെത്തുന്ന സന്ദർശകർക്ക് അവരവരുടെ അഭിരുചിക്ക് അനുസരിച്ച് കവിത കുറിപ്പുകള്‍ ലഭ്യമാക്കും, യുകെയുടെ പോയട്രി ഫാർമസി. രോഗശാന്തിയെന്നത് അക്ഷരങ്ങളിലൂടെയും സാധ്യമാകുമെന്നതാണ് പോയട്രി ഫാർമസിയുടെ ആശയം. പുസ്തകമേളയ്ക്ക് എത്തുന്ന സന്ദർശകർക്ക് കുപ്പികളില്‍ കവിതകളുമായി മടങ്ങാം.

പോഡ് കാസ്റ്റ് സ്റ്റേഷന്‍

സൗദി അറേബ്യയിൽ നിന്നുള്ള അസ്മർ, ഒമാനിൽ നിന്നുള്ള കാരക്‌പോഡ്‌കാസ്റ്റ്, യുഎഇയിൽ നിന്നുള്ള കിർസി അൽ ഇത്‌നൈൻ എന്നിവർ ഉള്‍പ്പടെ നിരവധി പേർ പോഡ് കാസ്റ്റ് സ്റ്റേഷന്‍റെ ഭാഗമാകും.

കവിതാ കഫേയില്‍ സച്ചിദാനന്ദനെത്തും

അറബി, ഇംഗ്ലീഷ്, ഗ്രീക്ക്, റഷ്യൻ, ഉറുദു, പഞ്ചാബി, തഗാലോഗ്, മലയാളം തുടങ്ങി നിരവധി ഭാഷകളിലായി ലോകമെമ്പാടുമുളള ശബ്ദങ്ങള്‍ കവിതാ കഫേയില്‍ ഒരുമിക്കും. മലയാളത്തില്‍ നിന്ന് സച്ചിദാന്ദന്‍ കവിതാ കഫേയില്‍ അതിഥിയായെത്തും. ഖത്തറിൽ നിന്നുള്ള ഹമദ് അൽ ബ്രൈദി, സൗദി അറേബ്യയിൽ നിന്നുള്ള സയീദ് അൽ മാനി തുടങ്ങിയ കവികൾക്കൊപ്പം സിയോസോ ദനായി, സഫീറോപൗലോ എലെനി (ഗ്രീക്ക്), സാറ അലി (ഇംഗ്ലീഷ്), അതാവുൽ ഹഖ് ഖാസ്മി (ഉറുദു), സയ്യിദ് സുലെമാൻ ഗിലാനി (പഞ്ചാബി), ലൂണ സികാറ്റ് ക്ലെറ്റോ (തഗാലോഗ്), മിഖായേൽ ലെവാന്‍റോവ്സ്കി, മാക്സിം സംഷേവ് (റഷ്യൻ) തുടങ്ങിയ കവികളും പരിപാടിയിൽ പങ്കെടുക്കും.

ത്രില്ലർ ഫെസ്റ്റിവൽ നവംബർ 8 മുതൽ 11 വരെ

നവംബർ 8 മുതൽ 11 വരെ ത്രില്ലർ ഫെസ്റ്റിവലിന്‍റെ’ നാലാമത് പതിപ്പിന് എസ്‌ഐബിഎഫ് ആതിഥേയത്വം വഹിക്കും. എഴുത്തുകാർ, തിരക്കഥാകൃത്തുക്കള്‍ ഉള്‍പ്പടെ 13 ലധികം വിദഗ്ധരുമായി സംവദിക്കാനുളള അവസരം ത്രില്ലർ ഫെസ്റ്റിവലൊരുക്കും.ബ്രിട്ടീഷ് നോവലിസ്റ്റ് അരമിന്‍റ ഹാൾ, ഐസ്‌ലാൻഡിക് എഴുത്തുകാരായ റാഗ്നർ ജോനാസൺ, ഇവാ ബ്‌ജോർഗ്, അമേരിക്കൻ എഴുത്തുകാരായ മാറ്റ് വിറ്റൻ, സ്റ്റേസി വില്ലിംഗ്ഹാം, ഡാനിയൽ ജെ. മില്ലർ, പാകിസ്ഥാൻ നോവലിസ്റ്റ് ഒമർ ഷാഹിദ് ഹമീദ്, കനേഡിയൻ എഴുത്തുകാരി ജെന്നിഫർ ഹില്ലിയർ എന്നിവരാണ് വിശിഷ്ടാതിഥികൾ.ഷാർജയിലെ അമേരിക്കൻ സർവകലാശാലയിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ‘മർഡർ ഇൻ ദി മജ്‌ലിസ്’ എന്ന സംവേദനാത്മക നാടകവും അരങ്ങേറും.

കുക്കറി കോർണർ

14 രാജ്യങ്ങളിൽ നിന്നുള്ള 15 പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 42 പാചക പരിപാടികളുണ്ടാകും. ഫിലിപ്പ് ഖൗറി, മാമ വഫാ, നൂർ മുറാദ്, ഹവ ഹസ്സൻ, സുസാന വെലാസോസോ എന്നിവരാണ് പാചക വിദഗ്ധരുടെ പട്ടികയിൽ ഇടം നേടിയത്.

പ്രസാധക പരിശീലനം

ആഫ്രിക്കയിൽ നിന്നുള്ള 75 പേർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 161 പ്രസാധകരെ ഒരുമിച്ചുകൊണ്ടുവരുന്നതാണ് പ്രസാധക പരിശീലനം. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പുസ്തകോത്സവത്തില്‍ ഇത് പ്രാവർത്തികമാക്കുന്നത്.

പ്രസാധക സമ്മേളനം

15-ാമത് ഷാർജ പ്രസാധക സമ്മേളനം നവംബർ 2 മുതൽ 4 വരെ നടക്കും. പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാഹിത്യകാരന്മാർ, വ്യവസായ വിദഗ്ധകർ എന്നിവരെയെല്ലാം ഒരുമിച്ച് കൊണ്ടുവരുന്നതാണ് പ്രസാധക സമ്മേളനം. ന്ന് ദിവസത്തെ പരിപാടിയിൽ പ്രസിദ്ധീകരണ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്ന 30 വർക്ക്ഷോപ്പുകളും റൗണ്ട് ടേബിൾ ചർച്ചകളും ഉൾപ്പെടും.എസ്‌ബി‌എ ചെയർപേഴ്‌സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി,മഡലൈൻ മക്കിന്റോഷ്; വൈദോൺ ഗ്രിഗോറിയോസ് കിഡോണിയാറ്റിസ് തുടങ്ങിയവരാണ് പ്രധാന പ്രഭാഷകർ

12-ാമത് ഷാർജ ഇന്‍റർനാഷണല്‍ ലൈബ്രറി കോൺഫറൻസ്

12-ാമത് ഷാർജ ഇന്‍റർനാഷണല്‍ ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെ നടക്കും.മേരിക്കൻ ലൈബ്രറി അസോസിയേഷന്‍റെ (ALA) പങ്കാളിത്തത്തോടെ ഷാർജ ബുക്ക് അതോറിറ്റിയാണ് ഇന്‍റർനാഷണല്‍ ലൈബ്രറി കോൺഫറൻസ് സംഘടിപ്പിക്കുന്നത്. അക്കാദമിക്, പൊതു, സ്കൂൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈബ്രേറിയൻമാരും ഇൻഫർമേഷൻ പ്രൊഫഷണലുകളും ഉൾപ്പെടെ ലോകമെമ്പാടുമുള്ള 400-ലധികം പേർ ലൈബ്രറി കോൺഫറൻസില്‍ സംബന്ധിക്കും.

ഷാർജ എക്സ്പോ സെന്‍ററിലാണ് പുസ്തകോത്സവം നടക്കുന്നത്. ദുബായില്‍ നിന്ന് ഷാർജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കുളള ജലഗതാഗതം വഴിയെത്തിയാല്‍ ദുബായ് ഷാർജ ഗതാഗതകുരുക്കില്‍ നിന്ന് ഒഴാവാക്കാനാകും. അൽ ഖസ്ബയിലും ഷാർജ അക്വേറിയത്തിലും പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ നിന്ന് ഷട്ടില്‍ ബസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in