ഇനി വായനയുടെ നാളുകള്‍, കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

ഇനി വായനയുടെ നാളുകള്‍, കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി
ghanim alsuwaidi
Published on

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കം. ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് വായനോത്സവം ഉദ്ഘാടനം ചെയ്തത്. 'പുസ്തകങ്ങളിലേക്കിറങ്ങാം' എന്ന ആശയത്തിലൂന്നിയാണ് ഷാ‍ർജ എക്സ്പോ സെന്‍ററില്‍ ഏപ്രില്‍ 23 മുതല്‍ മെയ് 4 വരെ വായനോത്സവത്തിന്‍റെ 16 മത് പതിപ്പ് നടക്കുന്നത്.

കുട്ടികള്‍ക്കൊപ്പമെത്തിയാണ് ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വായനോത്സവത്തിന് തുടക്കം കുറിച്ചത്. ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സണ്‍ ഷെയ്ഖ ബോദൂർ അല്‍ ഖാസിമി, ആരോഗ്യ പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, ഈജിപ്തിലെ സാംസ്കാരികമന്ത്രി അഹമ്മദ് ഫൗദ് ഹനോ, സാംസ്കാരിക പ്രമുഖർ, എഴുത്തുകാർ തുടങ്ങിയവർ സുല്‍ത്താനെ സ്വീകരിക്കാനായി എത്തിയിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിരുന്നു.

ഷാർജ എക്സ്പോ സെന്‍ററിലെ വിവിധ ഹാളുകളും വായനോത്സവത്തിനായി സജ്ജമാക്കിയ വർക്ക് ഷോപ്പുകള്‍ ഉള്‍പ്പടെയുളളവയും ഷാർജ ഭരണാധികാരി സന്ദർശിച്ചു. റൂബു ഖാന്‍ ഫൗണ്ടേഷന്‍ ഫോർ ക്രിയേറ്റിങ് ലീഡേഴ്സ് ആന്‍റ് ഇന്നവേറ്റേഴ്സിന്‍റെ പവലിയനും യുഎഇ ബോർഡ് ഓൺ ബുക്ക്സ് ഫോർ യംഗ് പീപ്പിൾ പവലിയനും സന്ദർശിച്ചു.ഈജിപ്ഷ്യൻ ബോർഡ് ഓൺ ബുക്ക്സ് ഫോർ യംഗ് പീപ്പിളിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.യുഎഇയും ഈജിപ്തും തമ്മിലുളള സാംസ്കാരിക സഹകരണം വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ സാഹിത്യവികസനത്തിലും അനുബന്ധസംരംങ്ങളും സഹകരിച്ച് മുന്നോട്ടുപോകുന്നതിനെ കുറിച്ചും സുല്‍ത്താന്‍ വിശദീകരിച്ചു. ഇന്‍റർനാഷമല്‍ അവാർഡ് ഫോർ അറബിക് ചിൽഡ്രൻസ് ലിറ്ററേച്ചറിന്‍റെ വെബ്സൈറ്റും അദ്ദേഹം സന്ദർശിച്ചു.

ghanim alsuwaidi

ഷാർജ സാംസ്കാരിക വകുപ്പിന്‍റെയും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷന്‍റെയും പവലിയനുകളും മന്‍സ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും ഹൗസ് ഓഫ് വിസ്ഡവും ചേർന്ന് ഒരുക്കിയ വായിക്കൂ, നിങ്ങള്‍ ഷാർജയിലാണ് എന്ന പ്ലാറ്റ് ഫോമും അദ്ദേഹം സന്ദർശിച്ചു. അറബ് അന്താരാഷ്ട്ര തലത്തിലെ 22 രാജ്യങ്ങളില്‍ നിന്നുളള 122 പ്രസാധകർ വായനോത്സവത്തിന്‍റെ ഭാഗമാകുന്നു. 70 രാജ്യങ്ങളില്‍ നിന്നുളള 133 അതിഥികളും വായനോത്സവത്തിലെത്തും. കുട്ടികള്‍ക്കായി വിവിധ വർക്ക് ഷോപ്പുകള്‍ ഉള്‍പ്പടെ 1024 പരിപാടികളും നടക്കും.

Related Stories

No stories found.
logo
The Cue
www.thecue.in