ബന്ധങ്ങളുടെ ദൃഢത ഓ‍ർമ്മപ്പെടുത്തി സുകേഷ് ആ‍ർ പിളളയുടെ 'ഇറ്റ്സ് യെസ്‌റ്റർഡേ വൺസ് എഗൈൻ '

ബന്ധങ്ങളുടെ ദൃഢത ഓ‍ർമ്മപ്പെടുത്തി സുകേഷ് ആ‍ർ പിളളയുടെ  'ഇറ്റ്സ് യെസ്‌റ്റർഡേ വൺസ് എഗൈൻ '

"ഞാന്‍ കഥകള്‍ വായിച്ചു, തരക്കേടില്ല,ഇഷ്ടപ്പെടുകയും ചെയ്തു,എന്‍റെ അടുത്തുവന്നിരുന്ന് ഞാന്‍ എന്താണ് എഴുതുന്നതെന്ന് അറിയാന്‍ ഒളിഞ്ഞുനോക്കിയതുകൊണ്ടാണ് ഇത്രയും പുകഴ്ത്തിയെഴുതിയത്. അത്രയ്ക്കൊന്നുമില്ല" സുകേഷ് ആർ പിളളയുടെ പിളളയുടെ തളളുകളെന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ അമ്മ സുദർശന അദ്ദേഹത്തെ കുറിച്ച് കുറിച്ച വാക്കുകളില്‍ നിന്നുതന്നെയറിയാം എഞ്ചിനീയറിംഗ് ബിരുദവും ഓപ്പറേഷന്‍സ് മാനേജ് മെന്‍റില്‍ ബിരുദാനന്തര ബിരുദവുമുളള സുകേഷ് ആർ പിളള എഴുത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞതിന് പിന്നിലെ കുടുംബ-സുഹൃദ് ബന്ധങ്ങളുടെ ആഴത്തിലുളള ഇഴയടുപ്പം. ഒലീവ് ബൂക്സ് പുറത്തിറക്കിയ പിളളയുടെ തളളുകള്‍ എന്ന ആദ്യ പുസ്തകവും ഷാ‍ർജ പുസ്തകോത്സവത്തില്‍ പ്രകാശിതമായ ഇറ്റ്സ് യെസ്‌റ്റർഡേ വൺസ് എഗൈൻ എന്ന പുസ്തകവും ചിരിയിലൂടെ വായനക്കാരനെ ചിന്തിപ്പിക്കുന്ന പുസ്തകങ്ങളാണ്. ഒരാളെ ചിരിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ എഴുതുന്നതെന്ന് സുകേഷ് ആർ പിളള പറയുന്നു. എഴുതി വരുമ്പോള്‍ ഹാസ്യം സ്വമേധയാ വരുന്നതാണ്. അനുഭവങ്ങളെങ്ങനെയാണോ അതുപോലെതന്നെയാണ് പുസ്തകത്തിലേക്ക് പകർത്തുന്നത്. ആത്മ ബന്ധങ്ങളുടെ ഇഴയടുപ്പം അനുഭവങ്ങളിലും അക്ഷരങ്ങളിലും പ്രതിഫലിക്കുന്നുണ്ടാകാമെന്നും സുകേഷ് പറയുന്നു.

ഒരിക്കല്‍ ഉറപ്പില്ലാത്ത റിസർവ്വേഷന്‍ ടിക്കറ്റില്‍ തീവണ്ടിയാത്ര ചെയ്യവെ പാതി വഴിയില്‍ സീറ്റിന്‍റെ ഉടമയെത്തുകയും അവരുമായി സൗഹൃദത്തിലാവുകയും ചെയ്യുന്നു. എന്നാല്‍ യാത്രയ്ക്കൊടുവില്‍ ഒരു ചെറുകുറിപ്പ് നല്‍കി ഇറങ്ങിപ്പോകുമ്പോള്‍ മാത്രമാണ് അവർ ടിടിആർ ആണെന്ന് മനസിലാക്കുന്നത്. പരിശോധനയ്ക്ക് വരാനിരിക്കുന്ന ടിടിആറിനോട് തന്‍റെ സുഹൃത്താണിതെന്ന് പരിചയപ്പെടുന്നതായിരുന്നു അവരേല്‍പിച്ച ചെറുകുറിപ്പ്. ഇത്തരം ഓർമ്മാനുഭവങ്ങളുടെ ആകെത്തുകയാണ് ഇറ്റ്സ് യെസ്‌റ്റർഡേ വൺസ് എഗൈൻ. ഷാ‍ർജ പുസ്തകോത്സവത്തില്‍ ആദ്യമായാണ്.മലയാളികള്‍ തന്നെയാണ് പുസ്തകമേളയുടെ കരുത്തെന്നാണ് ഇവിടെ വന്നുകണ്ടപ്പോള്‍ മനസിലാക്കുന്നത്. നല്ലൊരു അനുഭവമാണ് പുസ്തകമേള. റൈറ്റേഴ്സ് ഫോറത്തില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനങ്ങളുടെ എണ്ണം കൂടുന്നതില്‍ സന്തോഷമുണ്ടെങ്കിലും സ്ക്രീനിംഗ് ആവശ്യമാണെന്നാണ് അഭിപ്രായം.അതെത്രത്തോളം പ്രായോഗികമാണെന്നുളളതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ഷാർജ പുസ്തകോത്സവത്തില്‍ പുസ്തകം സാമൂഹ്യപ്രവർത്തകന്‍ പി കെ അൻവർ നഹ പ്രകാശനം ചെയ്തു. സൗദിയിലെ പ്രവാസി മലയാളി എഴുത്തുകാരി ആയ നിഖില എം സമീർ പുസ്തകം ഏറ്റുവാങ്ങി.

വായനയുടെ ലോകത്തേക്ക് ജനങ്ങളെ ആകർഷിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് തിരുവനന്തപുരത്ത് 'ബുക്സ് ആൻഡ് ബീയോണ്ട് എന്ന പൊതു ലൈബ്രറി സ്ഥാപിച്ചത്. വരിസംഖ്യ കൂടാതെ സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാമെന്നുളളതാണ് ലൈബ്രറിയുടെ പ്രത്യേകത. മാസത്തിലൊരിക്കല്‍ വിശിഷ്ട വ്യക്തികളുമായി സംവദിക്കാനുളള അവസരവും ലൈബ്രറി ഒരുക്കുന്നു. താനും രണ്ട് സുഹൃത്തുക്കളുമാണ് ലൈബ്രറിയുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016 ൽ, തിരുവനന്തപുരം ലാവണമായി "ലവ് ആൾ സ്പോർട്സ് " എന്ന സെന്‍റർ ഓഫ് സ്പോർട്സ് എക്സ്സലൻസ് സ്ഥാപിച്ചു. കുട്ടികൾക്ക് ഇവിടെ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബാൾ, ടേബിൾ ടെന്നീസ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in