ദുബായില്‍ കാറുകള്‍ കഴുകി തുടക്കം, ഇന്ന് 13 ആഢംബരകാറുകളുടെ ഉടമ, ഗുരുവായൂരില്‍ ഥാർ സ്വന്തമാക്കിയ വിഘ്നേഷ് വിജയകുമാർ

ദുബായില്‍ കാറുകള്‍ കഴുകി തുടക്കം, ഇന്ന് 13 ആഢംബരകാറുകളുടെ ഉടമ, ഗുരുവായൂരില്‍ ഥാർ സ്വന്തമാക്കിയ വിഘ്നേഷ് വിജയകുമാർ

സ്വന്തമായൊരു വീടെന്ന തന്‍റെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനായാണ് ദുബായ് എന്ന സ്വപ്നനഗരിയിലേക്ക് 19 ആം വയസില്‍ അടുപ്പമുളളവർ വിക്കിയെന്ന് വിളിക്കുന്ന വിഘ്നേഷ് പറന്നിറങ്ങിയത്. ഗുരുവായൂരില്‍ കഴി‍ഞ്ഞ വാരം നടന്ന ഥാർ ലേലത്തില്‍, സ്വപ്ന വിലയ്ക്ക് വാഹനം സ്വന്തമാക്കിയതോടെയാണ് അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ വാർത്തകളില്‍ ഇടം നേടിയത്.

വീട് എന്ന അമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിനായി കടല്‍ കടന്ന വിക്കി, ആദ്യശമ്പളം 3500 ദിർഹം

"2005 ലാണ് ദുബായിലേക്ക് എത്തുന്നത്. ന്യൂസിലന്‍റ് ഡയറിബോർഡ് എന്ന കമ്പനിയില്‍ 3500 ദിർഹത്തിനാണ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റാന്‍റായി ആദ്യജോലിയില്‍ കയറിയത്. എന്നാല്‍ ബിസിനസ് എന്ന മോഹം അന്നുമുതലേ മനസിലുണ്ടായിരുന്നു. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വീട് എന്നത്. അതായിരുന്നു ലക്ഷ്യം. വിഘ്നേഷ് പറഞ്ഞുതുടങ്ങി.

"നേരത്തെ ഗള്‍ഫില്‍ ജോലി തേടിയെത്തുന്നവർ വിസ മാറ്റത്തിനായി കസബിലേക്ക് പോകുമായിരുന്നു. അങ്ങനെ വിസമാറാനായി കസബിലെത്തിയത് ജീവിതത്തില്‍ വഴിത്തിരിവായി. അന്ന് സാങ്കേതിക തകരാറുമൂലം വിസ മാറാന്‍ സമയമെടുത്തു. പിന്നീട് കസബില്‍ കുടുങ്ങിക്കിടന്ന 300 ഓളം ഫിലിപ്പീന്‍ സ്വദേശികളെ യുഎഇയിലേക്ക് മടങ്ങാന്‍ സഹായിച്ചു. വിസമാറാനായും മറ്റും യാത്ര ചെയ്യുന്നവർക്കുളള സൗകര്യങ്ങള്‍ ഏർപ്പാടാക്കികൊടുക്കുന്ന സംരംഭം തുടങ്ങിയത് അങ്ങനെയാണ്. പിന്നീട് ഇറാനിയന്‍ കമ്പനിയുമായി സഹകരിച്ച് ബിസിനസ് വിപുലീകരിച്ചു. ജോലിക്കൊപ്പം ഒരു അധികവരുമാനമെന്ന രീതിയില്‍ അതും മുന്നോട്ടുപോയി."

ബിസിനസില്‍ ആദ്യ നിക്ഷേപം 100 ദിർഹം

"കുട്ടിക്കാലം മുതലെ രാവിലെ ഉണരുന്നതായിരുന്നു ശീലം, ഇവിടെ വന്നപ്പോഴും അത് തുടർന്നു. രാവിലെയുളള സമയത്ത് കാറുകഴുകാന്‍ പോയി. 14 കാറുകളായിരുന്നു അന്ന് കഴുകിയിരുന്നത്. 100 ദിർഹം നല്കി വാങ്ങിയ ബക്കറ്റും തുണികളുമായിരുന്നു തന്‍റെ ആദ്യ ഇന്‍വെസ്റ്റ്മെന്‍റ്," അനുഭവങ്ങളുടെ തീയോർമ്മകളില്‍ വിഘ്നേഷ് ചിരിച്ചു. അന്ന് കഴുകി 14 കാറുകളുടെ സ്ഥാനത്ത് ഇന്ന് വിഘ്നേഷിന് ഇന്ന് ദുബായില്‍ സ്വന്തം പേരിലുളളത് 13 ആഢംബരവാഹനങ്ങള്‍. ഒരു കാറുകൂടി വാങ്ങണമെന്നുളളതും ആഗ്രഹം. പുതുതായി വാങ്ങിയ ഥാർ അടക്കം നാട്ടില്‍ 7 വാഹനങ്ങളും വാഹനപ്രേമിയായ വിക്കി സ്വന്തമാക്കിയിട്ടുണ്ട്. യുഎഇയില്‍ റെന്‍റ് എ കാറില്‍ നൂറോളം വാഹനങ്ങള്‍ വേറെയുമുണ്ട്.

ജോലിക്കൊപ്പം പഠനവും വിഘ്നേഷ് തുടർന്നു. എംബിഎ പൂർത്തിയാക്കി.ഇതിനിടെ നിർമ്മാണ മേഖലയിലേക്കും കടന്നിരുന്നു. കോവിഡും ലോക്ഡൗണും വന്നതോടെ വിസ മാറുന്ന ബിസിനസിലും കോട്ടം തട്ടി. നിർമ്മാണമേഖലയിലെ ബിസിനസും തളർന്നു. താന്‍ ഒപ്പിട്ട ചെക്ക് ബുക്ക് കൂടെ നിന്ന ഒരാള്‍ ദുരുപയോഗപ്പെടുത്തിയതിനാല്‍ കേസുകള്‍ വന്നു. കഷ്ടപ്പാടിന്‍റെ 3 വ‍ർഷമായിരുന്നു അത്.

"ചെക്ക് കേസുകള്‍ വന്നപ്പോള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തന്നോട് അലിവ് തോന്നിയ പോലീസുകാരന്‍ വിവരങ്ങള്‍ അന്വേഷിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയപ്പോള്‍ കേസ് കൊടുത്തവരെ വിളിച്ച് ഒത്തുതീർപ്പുശ്രമങ്ങള്‍ നടത്തി. ഒരു പരിധിവരെ അത് വിജയം കണ്ടു.വല്ലാത്ത പ്രതിസന്ധികാലമായിരുന്നു അത്.എന്നാല്‍ ഒരു അത്ഭുതം പോലെ ചൈനാക്കാരിയായ ഒരു സുഹൃത്ത് 20,000 ദിർഹം തന്നു. അതുപയോഗിച്ച് ഒരു കമ്പനി തുടങ്ങി. പിന്നീട് കഠിനാധ്വാനമായിരുന്നു.പിന്നീട് 11 കമ്പനികളായി വളർന്നു." ഗ്ലോബല്‍ സ്മാർട്ട് ഗ്രൂപ്പിലെ ശ്രീ ഗ്ലോബല്‍ എന്ന കമ്പനിയുടെ പ്രസിഡന്‍റും സിഒഒയുമാണ് വിഘ്നേഷ്. ദുബായ് ബുർജുമാന്‍ ബിസിനസ് ടവറിലാണ് ഓഫീസ്.

ഗുരുവായൂരപ്പന്‍റെ ഥാർ വാങ്ങിക്കാന്‍ നാട്ടിലേക്ക് പോകും

"ഗുരുവായൂരില്‍ ദക്ഷിണയായി ലഭിച്ച ഥാർ സ്വന്തമാക്കണമെന്നുളളത് വലിയ ആഗ്രഹമായിരുന്നു. ആദ്യ ലേലം നടന്നപ്പോള്‍ കോവിഡ് മൂലമുണ്ടായ യാത്രാ അസൗകര്യങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ല. അന്ന് ദേവസ്വം ബോർഡിന് ഇമെയില്‍ അയച്ചിരുന്നു. ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ വളരെ പുറകിലായിരുന്നതിനാല്‍ അന്ന് ആ മെയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. തുടർന്നാണ് രണ്ടാമത് ലേലം നടന്നപ്പോള്‍ പങ്കെടുത്തതതും മോഹവിലയ്ക്ക് ഥാർ വാങ്ങിയതും. ലേലത്തിനുശേഷമുളള നടപടികള്‍ ഇനിയും പൂർത്തിയായിട്ടില്ല. പൂർത്തിയാകുന്ന പക്ഷം ഗുരുവായൂരപ്പന്‍റെ ഥാർ ഓടിക്കാനായി നാട്ടിലേക്ക് പറക്കും," വിഘ്നേഷ് പറഞ്ഞു. വാഹനങ്ങള്‍ കഴിഞ്ഞാല്‍ കുതിരകളോടും ഇഷ്ടമാണ് ഈ തനിനാട്ടിന്‍പുറത്തുകാരനായ ബിസിനസുകാരന്. ഇന്ത്യയില്‍ 60 കുതിരകളുണ്ട് വിക്കിയ്ക്ക്. കേരളത്തില്‍ 39 കുതിരകളും രണ്ട് ആനകളുമുണ്ട്.അജ്മാനില്‍ ഈയിടെ ഒരു ഫാം ഹൗസും സ്വന്തമാക്കി വിക്കി. പശു,കുതിര ,ആട്,മയിലുകളുമുളള സുന്ദരകേന്ദ്രമാണ് വിക്കിയുടെ ഫാം ഹൗസ്.

വെല്‍ത്ത് ഐ, സ്വപ്നം

വിജ്ഞാന ,തൊഴിൽ വൈദഗ്ധ്യം നൽകാൻ ഇന്ത്യയിലെമ്പാടും പരിശീലന കേന്ദ്രങ്ങൾ തുറക്കും. അതാണ് അടുത്ത സ്വപ്നം. ലാഭേച്ഛയില്ലാതെയാണ് കേന്ദ്രങ്ങൾ തുറക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിദേശത്ത് ഉള്‍പ്പടെ ജോലിക്കായി എത്തുന്നവർക്ക് സഹായഹസ്തമാകുകയെന്നുളളതാണ് ലക്ഷ്യം. ഗൾഫിലെ ഒരു സംരഭകനെന്ന നിലയിൽ സ്വന്തം രാജ്യത്തോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ സ്വദേശിനിയാണ് വിക്കിയുടെ ജീവിത സഖി, അജ്ഞലിയും ആര്യനുമാണ് മക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in