'സ്കൈ അഡ്വഞ്ചേഴ്സ്' സാഹസിക വിനോദത്തിന് പുതിയ അവസരമൊരുക്കി ഷാർജ

'സ്കൈ അഡ്വഞ്ചേഴ്സ്' സാഹസിക വിനോദത്തിന് പുതിയ അവസരമൊരുക്കി ഷാർജ

യുഎഇയിലെ സാഹസിക വിനോദസഞ്ചാരത്തിന് പുതിയ ആവേശം പകർന്ന് ഷാർജ സ്കൈ അഡ്വഞ്ചേഴ്സ് പാരാ​ഗ്ലൈഡിംഗ് സെന്‍റർ ഷാർജ നിക്ഷേപവികസനവകുപ്പിന് (ഷുറൂഖ്) നേതൃത്വത്തിലാണ് യുഎഇയിൽ തന്നെ ആദ്യത്തെ ഔദ്യോ​ഗിക ലൈസൻസുള്ള പാരാ​ഗ്ലൈഡിംഗ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഷാർജ രാജ്യാന്തര പാരാ​ഗ്ലൈഡിംഗ് ചാമ്പ്യൻഷിപ്പിന് ശേഷം തിങ്കളാഴ്ച മുതൽ അതിഥികൾക്കായി കേന്ദ്രം വാതിൽ തുറക്കും.

ഷാർജയുടെ മധ്യമേഖലയിൽ അൽ ഫയ റിട്രീറ്റിന് സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാൻ പാകത്തിലുള്ള മനോഹരമായ മരുഭൂ കാഴ്ചകൾ ആകാശത്ത് പറന്നുനടന്ന് കാണാൻ അവസരമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, മേഖലയിൽ നിരവധി കച്ചവട-നിക്ഷേപ സാധ്യതകളുമൊരുക്കുമെന്നാണ് വിലയിരുത്തല്‍.

ഷാർജയിലെ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല, ഷുറൂഖ് ആക്റ്റിംഗ് സിഈഓ അഹമ്മദ് ഉബൈദ് അൽ ഖസീർ, മുഹമ്മദ് യൂസഫ് അബ്ദുൾ റഹ്മാൻ, എമിറേറ്റ്സ് ഏറോസ്പോർട്സ് ഫെഡറേഷൻ പ്രസിഡന്‍റ് നാസർ ഹമൂദ അൽ നെയാദി, ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് യൂസഫ് ഹസ്സൻ അൽ ഹമ്മാദി, ഷാർജ ടൂറിസം ആൻഡ് കൊമേഴ്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റി (എസ്‌സിടിഡിഎ) ചെയർമാൻ ഖാലിദ് അൽ മിദ്ഫ, ഷാർജ സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഈസ ഹിലാൽ അൽ ഹസാമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങൾ പകരുന്ന മൂന്ന് പാക്കേജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവിൽ ‘സ്കൈ അഡ്വഞ്ചേഴ്സി‘ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാൻ സാധിക്കുന്ന ടാൻഡം പാരാഗ്ലൈഡിംഗ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്ലൈഡിംഗ് ലൈസൻസ് നേടാമെന്നും പഠിക്കുന്നതിനുള്ള സമഗ്രമായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്‌സ്, നിലവിൽ ലൈസൻസുള്ള പാരാഗ്ലൈഡർമാർക്കുള്ള ഗൈഡഡ് ഫ്ലൈറ്റുകൾ എന്നിവയാണ് മൂന്ന് പാക്കേജുകൾ.

പാരാ​ഗ്ലൈഡിംഗില്‍ ഒരു പരിചയവുമില്ലാത്തവർക്കും കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്നതാണ് ടാൻഡം പാരാ​ഗ്ലൈഡിംഗ്. വിദ​ഗ്ദ പരിശീലനം നേടിയ ട്രെയിനറോടൊപ്പമായിരിക്കും ഈ പറക്കൽ. കേന്ദ്രത്തിൽ നിന്ന് ബ​ഗ്ഗിയിൽ മരുഭൂമിയിലൂടെ അൽ ഫായ പർവതനിരകളോട് ചേർന്നു കിടക്കുന്ന ടേക്ക് ഓഫ് പോയിന്‍റിലേക്കുള്ള യാത്ര ചെയ്യുന്നത് തൊട്ട് അവിസ്മരണീയമായ ധാരാളം നിമിഷങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. പതിനഞ്ച് മിനുറ്റോളം നീണ്ടുനിൽക്കുന്ന പറക്കലാണ് ഈ പാക്കേജിലുണ്ടാവുക.

സ്വന്തമായി പാരാ​ഗ്ലൈഡിംഗ് പഠിക്കാനാ​ഗ്രഹിക്കുന്നവർക്ക് നാല് ദിവസത്തെ കോഴ്സും സ്കൈ അഡ്വഞ്ചേഴ്സിൽ ഒരുക്കിയിട്ടുണ്ട്. ദിവസേന മൂന്ന് മണിക്കൂർ വീതം നീണ്ടു നിൽക്കുന്ന വിദ​ഗ്ധ പരിശീലനത്തിനൊടുവിൽ അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് പറക്കാനുള്ള അവസരമുണ്ടാവും. വിജയകരമായി ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് രാജ്യാന്തര തലത്തിൽ അം​ഗീകരാമുള്ള പാരാ​ഗ്ലൈഡിംഗ് ലൈസൻസിന് അപേക്ഷിക്കാം. നിലവിൽ പാരാ​ഗ്ലൈഡിംഗ് ലൈസൻസുള്ളവർക്ക് അയ്യായിരം അടി വരെ ഉയരത്തിൽ പറക്കാനും ഫ്ലൈയിങ് ടൈം വർധിപ്പിക്കാനുമുള്ള പാക്കേജും ഇവിടെയുണ്ട്. സ്ഥിരമായി പാരാ​ഗ്ലൈഡിംഗ് ചെയ്യാൻ താത്പര്യമുള്ളവർക്ക് ഒരു മാസം, മൂന്ന് മാസം, ഒരു വർഷം എന്നിങ്ങനെ മൂന്നു വിഭാ​ഗത്തിലായി മെമ്പർഷിപ്പ് സൗകര്യവുമുണ്ടാവും.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി https://sky-adventures.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in