ദുബായ് ഭരണാധികാരിക്ക് ഇന്ന്, 73 ആം പിറന്നാള്‍

ദുബായ് ഭരണാധികാരിക്ക് ഇന്ന്, 73 ആം പിറന്നാള്‍

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്, ഇന്ന് പിറന്നാള്‍.ദുബായിയെ വികസനത്തിന്‍റെ പാതയില്‍, ഒന്നാമതായി നിലനിർത്തുന്നത്, അദ്ദേഹത്തിന്‍റെ കരുതലും ദീർഘവീക്ഷണവും പദ്ധതികള്‍ നടപ്പിലാക്കുന്നതിലുളള കൃത്യമായ ആസൂത്രണവും തന്നെയാണ്. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക്, പിറന്നാളാശംകള്‍ നേരുകയാണ്, യുഎഇയിലെ സ്വദേശികളും വിദേശികളും.

1949 ജൂലൈ 15ന് ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ് ഷെയ്ഖ് മുഹമ്മദ് ജനിച്ചത്. ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്‍റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. അബുദാബി മുന്‍ ഭരണാധികാരി ഷെയഖ് ഹംദാന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍റെ മകള്‍ ഷെയ്ഖ ലതീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്യാനാണ് ഷെയ്ഖ് മുഹമ്മദിന്‍റെ മാതാവ്. അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന മുത്തച്ഛന്‍ ഷെയ്ഖ് സഈദില്‍ നിന്നാണ് ഭരണ നിര്‍വഹണത്തിന്‍റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത്.1995ജനുവരി മൂന്നിന് അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മക്തൂം, ഷെയ്ഖ് മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു. 2006ല്‍ ഷെയ്ഖ് മക്തൂമിന്‍റെ മരണത്തോടെ ദുബായ് ഭരണാധികാരിയായി. പിന്നീട് ഇങ്ങോട്ട് ദുബായ് പിന്നിട്ട ഓരോ ദിനവും, ചരിത്രത്തിന്‍റെ ഭാഗമാണ്. വള‍ർച്ചയുടെ പാതയില്‍, ദുബായ് നാഴികകല്ലുകള്‍ പിന്നിടുമ്പോള്‍, അതിനോട് ചേർത്ത് പറയാന്‍ ഒരേ ഒരു പേരുമാത്രമെയുളളൂ, അതാണ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദീർഘവീക്ഷണമുളള ഭരണാധികാരി, അക്ഷരങ്ങളെ സ്നേഹിക്കുന്ന കവി,കുതിരയോട്ടത്തില്‍ പ്രഗത്ഭന്‍ , അതിനേക്കാളേറെ മനുഷ്യസ്നേഹി.. പ്രിയ ഷെയ്ഖ് മുഹമ്മദ് ജന്മദിനാശംസകള്‍..

Related Stories

No stories found.
logo
The Cue
www.thecue.in