
ഹ്രസ്വസന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
ജർമ്മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് മോദി യുഎഇയിലെത്തിയത്. യുഎഇ രാഷ്ട്രപതിയായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ നേരിട്ട് അനുശോചനം രേഖപ്പെടുത്താനായാണ് അദ്ദേഹം മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സന്ദർശനത്തിനായി യുഎഇയിലെത്തിയത്.
മോദിയെ ആലിംഗനം ചെയ്തുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചത്. ഊഷ്മള സ്വീകരണത്തിന് നരേന്ദ്രമോദി നന്ദി അറിയിച്ചു. ട്വിറ്ററില്‍ അറബി ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
രാത്രിയോടെ അദ്ദേഹം യുഎഇയില്‍ നിന്ന് മടങ്ങും. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതിന് ശേഷമുളള മോദിയുടെ ആദ്യസന്ദർശനമാണിത്.
ഷെയ്ഖ് മുഹമ്മദും പ്രധാനമന്ത്രി മോദിയും സാക്ഷിയായ വെർച്വൽ ഉച്ചകോടിയിലാണ് കരാർ ഒപ്പിട്ടത്.
അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 115 ബില്യൺ ഡോളറായി ഉയർത്താനും യുഎഇയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളികളിൽ ഒന്നായി ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് കരാർ.