വായനോത്സവത്തില്‍ ആനിമേഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് ഷാ‍ർജ ഭരണാധികാരി

വായനോത്സവത്തില്‍ ആനിമേഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് ഷാ‍ർജ ഭരണാധികാരി
Published on

കുട്ടികളുടെ വായനോത്സവത്തിന്‍റെ ഭാഗമായി ഷാർജ എക്സ്പോ സെന്‍ററില്‍ ആനിമേഷന്‍ കോണ്‍ഫറന്‍സിന് തുടക്കമായി. ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ആനിമേഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും സംബന്ധിച്ചു.

മെയ് 1 മുതല്‍ മെയ് 4 വരെയാണ് ആനിമേഷന്‍ കോണ്‍ഫന്‍സില്‍ പൊതുപ്രവേശനം അനുവദിക്കുന്നത്. ആനിമേഷന്‍ ലോകത്തെ മാറ്റങ്ങളറിയാനും പ്രതിഭകളുമായി സംവദിക്കാനും ആനിമേഷന്‍ കോണ്‍ഫറന്‍സ് വേദിയാകും. 26 പ്രത്യേക ശില്‍പശാലകള്‍, 72 ലധികം പ്രതിഭകള്‍ നയിക്കുന്ന ചലച്ചിത്ര പ്രദർശനങ്ങളും 21 സംവാദ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ഉദ്ഘാടനത്തിന് ശേഷം, പ്രദർശന നഗരിയും ഡോ സുല്‍ത്താന്‍ സന്ദർശിച്ചു. ആനിമേഷന്‍ മേഖലയില്‍ ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുന്നതിനുളള വേദികൂടിയാണ് ആനിമേഷന്‍ കോണ്‍ഫറന്‍സ്.

അറബ് ആനിമേഷന്‍റെ ഊർജ്ജസ്വലമായ ചരിത്രം വെളിപ്പെടുത്തുന്ന എസ്‌ബി‌എ നിർമ്മിച്ച ഒരു ഹ്രസ്വചിത്രമായിരുന്നു ഉദ്ഘാടന ചടങ്ങിന്‍റെ പ്രത്യേകത. ടെന്‍റുകളിലും സൂക്കുകളിലും തുടങ്ങി ആധുനിക ക്ലാസിക്കുകള്‍ വരെ പറഞ്ഞുപോയ ഹ്രസ്വചിത്രം. നമ്മുടെ കഥ പറയേണ്ട സമയമാണിതെന്ന് എസ് എ സി എക്സിക്യൂട്ടീവ് ഡയറക്ടർ ഖൗല അല്‍ മുജൈനി പറഞ്ഞു. ഡു സിഇഒ ഫഹദ് അല്‍ ഹസ്സാവി എസ് എ സിയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചു.

ജപ്പാന്‍ ആനിമേഷന്‍ മേഖലയിലെ പ്രതിഭകളായ മസായൂക്കി മിയാജി, തമിയ തെരാഷിമ പെൻസിലിഷ് ആനിമേഷൻ സ്റ്റുഡിയോസിന്‍റെ സ്ഥാപകനായ ടോം ബാൻക്രോഫ്റ്റ്, മുലാനും അലാദിനും പേരുകേട്ട ഡിസ്നി ആനിമേറ്റർ ടോണി ബാൻക്രോഫ്റ്റ്, സാന്ദ്രോ ക്ലൂസോ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ആനിമേഷന്‍ കോണ്‍ഫറന്‍സിന്‍റെ മൂന്നാമത്തെ പതിപ്പാണ് ഇത്തവണത്തേത്.

Related Stories

No stories found.
logo
The Cue
www.thecue.in