
ദുബായ് ഗ്ലോബല്‍ വില്ലേജിലെ വിഐപി പായ്ക്കിലെ സ്വർണനാണയം സ്വന്തമാക്കിയത് മുഹമ്മദ് ഹുസൈന്‍ ജാസിരി. ഇതോടെ 27,000 ദിർഹത്തിന്‍റെ (ഏകദേശം 6 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനമാണ് ഹുസൈന്‍ ജാസിരിക്ക് ലഭിക്കുക.
റെക്കോർഡ് സമയത്തിനുളളില്‍ വിറ്റഴിഞ്ഞ ഗ്ലോബല്‍ വില്ലേജ് വിഐപി പായ്ക്കുകളില്‍ ഓരോന്നിലും നിരവധി ആനുകൂല്യങ്ങളും ഓഫറുകളും അധികൃതർ നല്‍കിയിരുന്നു. എന്നാല്‍ സ്വർണനാണയത്തോടുകൂടിയ വിഐപി പായ്ക്ക് ലഭിക്കുന്ന ഭാഗ്യശാലിക്ക് 27,000 ദിർഹം സമ്മാനമായി നല്‍കുമെന്നും ഗ്ലോബല്‍ വില്ലേജ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഹുസൈന്‍ ജാസിരിക്ക് ലഭിച്ചത്.
30 വർഷത്തിലേറെയായി ഷാർജയിൽ താമസിക്കുന്ന ജാസിരി എല്ലാ വർഷവും ഗ്ലോബല്‍ വില്ലേജിലെത്താറുണ്ട്. സീസണ്‍ 27 നില്‍ ഇത്തരമൊരുഭാഗ്യം തേടിയെത്തിയതില്‍ സന്തോഷവാനാണ് അദ്ദേഹം. കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാർക്കുമൊപ്പം ഇത്തവണയും ഗ്ലോബല്‍ വില്ലേജിലെ കൗതുകങ്ങള്‍ ആവോളം ആസ്വദിക്കാനാണ് ഹുസൈന്‍റെ തീരുമാനം.