ഷാർജ കുട്ടികളുടെ വായനോത്സവം സമാപിച്ചു

 ഷാർജ കുട്ടികളുടെ വായനോത്സവം സമാപിച്ചു
Published on

16 മത് കുട്ടികളുടെ വായനോത്സവത്തിന് സമാപനം. 12 ദിവസമായി ഷാർജ എക്സ്പോ സെന്‍ററില്‍ നടന്ന വായനോത്സവത്തിലേക്ക് 167 രാജ്യങ്ങളില്‍ നിന്നായി 1,25,000 പേരാണ് എത്തിയത്. പുസ്തകങ്ങളിലേക്ക് ഇറങ്ങാം എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ വായനോത്സവം നടന്നത്. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഷാർജ സുല്‍ത്താന്‍ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് വായനോത്സവം നടന്നത്.

വായനോത്സവം വായനയുടെ ഉത്സവം മാത്രമല്ല, കുട്ടികളെ ഭാവിയിലേക്ക് നോക്കാനും വളരാനും അഭിരുചികളെ മനസിലാക്കാനും കഴിയുന്ന വേദികൂടിയാണിത് എസ് ബി എ സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. സംസ്കാരവും വായനയും പ്രോത്സാഹിപ്പിക്കുന്നതില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ഷാർജ. എസ് ബി എ ചെയർപേഴ്സന്‍ ഷെയ്ഖ ബോദൂർ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പിന്തുണയോടെ കൂടുതല്‍ ഊർജ്ജസ്വലമായി വരും കാലത്തും വായനോത്സവം കുട്ടികളിലേക്കും ഒപ്പം മുതിർന്നവരിലേക്കുമെത്തും, അദ്ദേഹം പറഞ്ഞു.

ഷാർജ ബുക്ക് അല്ലസ്ട്രേഷന്‍ പുരസ്കാരജേതാക്കളെ എസ് സി ആർ എഫ് ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി ആദരിച്ചു. വായനോത്സവത്തിനെത്തുന്ന ഓരോ കുട്ടിയും അവനനവന്‍റെ ക്രിയേറ്റിവിറ്റിയേയും ആഗ്രഹത്തേയും സ്വപ്നത്തേയും കുറിച്ച് പിന്തുടാനുളള ഇച്ഛാശക്തിയോടെയാകണം മടങ്ങേണ്ടത്, കൗല അല്‍ മുജൈനി പറഞ്ഞു. 22 രാജ്യങ്ങളില്‍ നിന്നുളള 122 പ്രസാധകരും 70 രാജ്യങ്ങളില്‍ നിന്നുളള 133 വിദഗ്ധരും വായനോത്സവത്തിന്‍റെ ഭാഗമായി. 1024 പരിപാടികളാണ് 12 ദിവസങ്ങളിലായി നടന്നത്. വിവിധ ശില്‍പശാലകളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാന്‍ ഷാർജ ഭരണാധികാരി 2.5 ദശലക്ഷം ദിർഹം അനുവദിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in