ഷാർജയില്‍ ഏപ്രില്‍ 23 ന് ആരംഭിക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 4 വരെ നീണ്ടു നില്‍ക്കുന്ന വായനോത്സവത്തില്‍ ഷാർജ ചിൽഡ്രൻസ് പുരസ്കാരം, ഷാർജ ഓഡിയോ ബുക്ക് പുരസ്കാരം, കാഴ്ച വൈകല്യമുള്ള കുട്ടികൾക്കുള്ള മികച്ച പുസ്തകത്തിനുളള പുരസ്കാരം എന്നിവയ്ക്കാണ് കൃതികള്‍ ക്ഷണിച്ചിരിക്കുന്നത്.മാർച്ച് 31 നകം അപേക്ഷ സമർപ്പിക്കണം. മൊത്തം 110,000 ദിർഹത്തിന്‍റെ സമ്മാനമാണ് നല്‍കുക. ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലാണ് വായനോത്സവം സംഘടിപ്പിക്കുന്നത്.
ഷാർജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിന്‍റെ വെബ്സൈറ്റിലൂടെയാണ് പുരസ്കാരത്തിനുളള അപേക്ഷ സമർപ്പിക്കേണ്ടത്. നാമനിർദ്ദേശം ചെയ്യപ്പെട്ട പുസ്തകത്തിന്‍റെ 3 പകർപ്പാണ് സമർപ്പിക്കേണ്ടത്. പബ്ലിഷിങ് ഹൗസിന്‍റെ പ്രൊഫൈല്‍ എന്നിവയും അവാർഡ് നോമിനേഷന്‍ ടാബിലൂടെ അപേക്ഷകന്‍റെ പൂർണവിവരങ്ങള്‍,പാസ്പോർട്ട് പകർപ്പുകള്‍ എന്നിവയും സമർപ്പിക്കണം.
അറബിക് ചിൽഡ്രൻസ് ബുക്ക്സ് (4–12 വയസ്സ്), അറബിക് യംഗ് അഡൽറ്റ് ബുക്ക്സ് (13–17 വയസ്സ്), ഇംഗ്ലീഷ് ഭാഷയിലുള്ള ചിൽഡ്രൻസ് ബുക്ക്സ് (7–13 വയസ്സ്) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വിജയികള്‍ക്ക് 60,000 ദിർഹമാണ് സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുളളില്‍ പ്രസിദ്ധീകരിച്ച കൃതികളായിരിക്കണം. നേരത്ത സമ്മാനം ലഭിച്ചിട്ടുളള എഴുത്തുകാർക്ക് രണ്ട് വർഷത്തിന് ശേഷം മാത്രമെ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. അന്ധരും കാഴ്ച വൈകല്യമുള്ളവരുമായ കുട്ടികൾക്ക് അവരുടെ സമപ്രായക്കാരുടെ അതേ സാഹിത്യാനുഭവങ്ങൾ ഉറപ്പാക്കുന്നുവെന്ന സാമൂഹിക പ്രതിബദ്ധതയ്ക്കുളള അംഗീകാരം കൂടിയാണ് 20,000 ദിർഹം സമ്മാനത്തുകയുളള കാഴ്ച വൈകല്യമുള്ള കുട്ടികൾക്കുള്ള മികച്ച പുസ്തകത്തിനുളള പുരസ്കാരം. മികച്ച അറബിക് ഓഡിയോ പുസ്തകം, മികച്ച ഇംഗ്ലീഷ് ഓഡിയോ പുസ്തകം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഷാർജ ഓഡിയോ ബുക്ക് പുരസ്കാരം നല്‍കുന്നത്. ഇരുവിഭാഗങ്ങളിലുമായി 30,000 ദിർഹമാണ് സമ്മാനത്തുക.