കുട്ടികളുടെ വായനോത്സവം ഷാർജ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ വായനോത്സവം ഷാർജ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
noufal

12 ദിവസം നീണ്ടുനില്‍ക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാ‍ർജ എക്സ്പോ സെന്‍ററില്‍ സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്ന ആപ്തവാക്യത്തിലാണ് 13 മത് വായനോത്സവം നടക്കുന്നത്.

സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഷാ‍ർജ കൊട്ടാരത്തിലെ മേധാവി ഷെയ്ഖ് സാലെം ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ സാലെം അല്‍ ഖാസിമി, സാമൂഹിക വികസനവിഭാഗം ഡയറക്ടർ ഷെയ്ഖ് സുല‍്‍ത്താന്‍ ബിന്‍ അബ്ദുളള ബിന്‍ സാലെം അല്‍ ഖാസിമി, ഉയർന്ന ഉദ്യോഗസ്ഥർ, എഴുത്തുകാർ, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവരും സുല്‍ത്താനെ അനുഗമിച്ചു.

കുട്ടികളുടെ കലാപരിപാടികള്‍ വീക്ഷിച്ച ശേഷം ഭരണാധികാരി വായനോത്സവത്തിലെ ഓരോ പവലിയനും സന്ദർശിച്ചു. സ്വദേശികളായ മുഹമ്മദ് സമി സെയ്ഖ് അല്‍ ഹജും ഫാത്തിമ അഹമ്മദ് ഒബൈദും ഭരണാധികാരിയോട് ഓരോ പവലിയനെ കുറിച്ചും വിശദീകരിച്ചു.

എമിറേറ്റ്സ് ഫൗണ്ടേഷന്‍, ഷാർജ എഡ്യുക്കേഷന്‍ കൗണ്‍സില്‍, ഷാ‍ർജ എഡ്യുക്കേഷന്‍ അതോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം പവലിയനുകളും ഡോ സുല്‍ത്താന്‍ സന്ദർശിച്ചു. കുട്ടികളുടെ സർഗ്ഗാത്മകവും ശാസ്ത്രീയവുമായ കഴിവുകള്‍ പരിപോഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി പ്രവർത്തനങ്ങളെയും പരിപാടികളെയും കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

യുഎഇയില്‍ നിന്നുളള 76 പ്രസാധകർ ഉള്‍പ്പടെ 15 രാജ്യങ്ങളില്‍ നിന്നുളള 139 പ്രസാധകരാണ് വായനോത്സവത്തില്‍ പങ്കെടുത്തുന്നത്. ഇന്ത്യ, കുവൈത്ത്, ഖത്തർ, കാനഡ,സൗദി അറേബ്യ,ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുളളവരും ഭാഗമാകുന്നുണ്ട്.

വായനോത്സവത്തിലേക്കുളള പ്രവേശനം സൗജന്യമാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 8 മണിവരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുളളത്. വെള്ളിയാഴ്ചകളില്‍ നാലുമണിമുതല്‍ രാത്രി 9 മണിവരെയും ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെയും വായനോത്സവത്തില്‍ സന്ദർശനം നടത്താം. https://www.scrf.ae/en/home എന്ന വെബ്സൈറ്റിലൂടെ രജിസ്ട്ര‍ർ ചെയ്യാം. എക്സ്പോ സെന്‍ററില്‍ നേരിട്ടെത്തിയും രജിസ്ട്രേഷന്‍ നടത്താം.