
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരം പരിശ്രമിക്കുന്ന പ്രസാധകരെയും വ്യക്തികളെയും ആദരിച്ച് ഷാർജ ബുക്ക് അതോറിറ്റി. 3 വിഭാഗങ്ങളിലായാണ് ഷാർജ ചില്‍ഡ്രന്‍സ് ബുക്ക് അവാർഡ് നല്‍കുന്നത്. ഓരോ വിഭാഗങ്ങളിലും ജേതാക്കള്‍ക്ക് 20,000 ദിർഹമാണ് സമ്മാനത്തുക.
7 വയസുമുതല്‍ 13 വയസുവരെയുളള കുട്ടികള്‍ക്കായുളള ഇംഗ്ലീഷ് ഭാഷ വിഭാഗത്തില്‍ കലീമത്ത് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഷെയ്ഖ ബോദൂർ അല്‍ ഖാസിമിയുടെ ഹൗസ് ഓഫ് വിസ്ഡം തിളങ്ങി. കുട്ടികളുടെ പുസ്തകം, അറബി ഭാഷവിഭാഗത്തില്‍ ഈജിപ്തില്‍ നിന്നുളള മുഹമ്മദ് കസ്ബറിന്‍റെ ബുക്ക് ശ്ശ്... ഇറ്റ്സ് എ സീക്രറ്റ് അർഹമായി. യംഗ് അഡല്‍റ്റ് വിഭാഗത്തില്‍ ബഹ്റിനിലെ അസ്മ അല്‍ സക്കാഫിന്‍റെ ഓണ്‍ ദ ഇക്വേറ്ററും ഓഡിയോ ബുക്ക് വിഭാഗത്തില്‍ ജോർദ്ദാനിലെ നാഹെദ് അല്‍ ഷവ്വാ ഡിയർ കൗസും അർഹമായി.
2025 ലെ ഷാർജ ചില്‍ഡ്രന്‍സ് ബുക്ക് ഇല്ലസ്ട്രേഷന്‍ എക്സിബിഷന്‍ അവാർഡ് ജേതാക്കളെയും ആദരിച്ചു. മെക്സിക്കോയില്‍ നിന്നുളള ലൂയിസ് മിഖേവുല്‍ സാന്‍ വിന്‍സെറ്റെ ഒലിവേഴ്സ് അർഹനായി. ഇറ്റലിയില്‍ നിന്നുളള ക്രിസ്റ്റീന പീറോപനും ദക്ഷിണ കൊറിയയില്‍ നിന്നുളള ഷിന്‍ ആമിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സമഗ്ര സംഭാവനയ്ക്ക് ഈജിപ്തില്‍ നിന്നുളള ഹാനി സാലെയും ഫിന്‍ലന്‍റില്‍ നിന്നുളള ലോഖ മെർസും ഇറാനില്‍ നിന്നുളള അസി അസ്ഗറും അർഹരായി.