ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴിയുളള ദുബായ് ആ‍ർടിഎ വരുമാനം 32 ശതമാനം വർദ്ധിച്ചു

ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴിയുളള ദുബായ് ആ‍ർടിഎ വരുമാനം 32 ശതമാനം വർദ്ധിച്ചു

ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴിയുളള ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വരുമാനം 32 ശതമാനം വർദ്ധിച്ചതായി അധികൃതർ. 309 സേവനങ്ങളിലൂടെയാണ് ഇത് സാധ്യമായതെന്ന് ആ‍ർടിഎ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അല്‍ തായർ പറഞ്ഞു. 2021 ല്‍ ആ‍ർടിഎയുടെ മൊത്തം ഡിജിറ്റല്‍ വരുമാനം 3.5 ബില്ല്യണ്‍ ദിർഹമാണ്. 2020 ല്‍ ഇത് 2.65 ബില്ല്യണ്‍ ദിർഹമായിരുന്നു. 2020 ല്‍ 527 ദശലക്ഷമായിരുന്നു ഡിജിറ്റല്‍ ഇടപാടുകളെങ്കില്‍ 2021 ല്‍ 676 ദശലക്ഷമായി ഉയർന്നു. 28 ശതമാനമാണ് വർദ്ധനവ്. സ്മാർട് ആപ്പ് ഇടപാടുകളില്‍ 2020 നെ അപേക്ഷിച്ച് 2021 ല്‍ 44 ശതമാനമാണ് ഉയർച്ച.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ കാഴ്ചപാടിന് അനുസൃതമായാണ് ആ‍ർടിഎ ഡിജിറ്റല്‍ പരിവർത്തനം നടപ്പിലാക്കുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാക്കി മാറ്റുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ഡിജിറ്റല്‍ സേവനപ്ലാറ്റ് ഫോമുകളില്‍ രജിസ്ട്രർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞു. ആ‍ർടിഎയുടെ സ്മാർട്ട് ആപ്പുകള്‍ ഡൗണ്‍ലോഡുകള്‍ 6.1 ദശലക്ഷത്തിലെത്തി. 285 സേവനങ്ങൾ നൽകുന്ന ചാറ്റ്ബോട്ട് (മഹ്ബൂബ്) ആർടിഎയുടെ കോൾ സെന്‍ററുമായുളള തത്സമയ ചാറ്റിന്‍റെ അനുപാതം 40% കുറയ്ക്കാൻ സഹായിച്ചു.ഈ മേഖലയില്‍ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഓട്ടോമേറ്റഡ് ചാറ്റ് സിസ്റ്റമായാണ് മഹ്ബൂബിനെ വിലയിരുത്തുന്നത്. മൊത്തം 106 പ്രോജക്റ്റുകളിൽ 76 പദ്ധതികൾ ആർടിഎ ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. 14 പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in