അല്‍മനാമ സ്ട്രീറ്റിന്‍റെ നവീകരണം പൂർത്തിയാക്കി ആർടിഎ

അല്‍മനാമ സ്ട്രീറ്റിന്‍റെ നവീകരണം പൂർത്തിയാക്കി ആർടിഎ

ദുബായ് അലൈന്‍ റോഡ് പദ്ധതിയുടെ ഭാഗമായ അല്‍മനാമ സ്ട്രീറ്റിന്‍റെ നവീകരണ പദ്ധതികള്‍ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. സുസ്ഥിര വികസനലക്ഷ്യത്തോടെ നഗരത്തിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനുളള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയും പൂർത്തിയാക്കുന്നത്.

അൽ-മെയ്‌ദാൻ, അൽ-മനാമ സ്ട്രീറ്റുകളെ ബന്ധിപ്പിച്ച് ദുബായ്-അൽ ഐൻ റോഡിന് കുറുകെ ഓരോ ദിശയിലും നാലുവരിപ്പാതയുള്ള ഒരു ഫ്‌ളൈ ഓവറിലൂടെ പുതിയ ഗതാഗത ഇടനാഴിയാണ് പദ്ധതി വിഭാവനം ചെയ്തത്. ദുബായ് അലൈന്‍ റോഡുമായി ബന്ധിപ്പിക്കുന്നതിനുളള സ്ലിപ്പ് റോഡുകളും നിർമ്മാണത്തില്‍ ഉള്‍പ്പെട്ടു.ഏദൻ സ്ട്രീറ്റ്, സന സ്ട്രീറ്റ്, നാദ് അൽ ഹമർ സ്ട്രീറ്റ് എന്നിവയുമായുള്ള മൂന്ന് ജംഗ്ഷനുകളെ സിഗ്നലൈസഡ് ഉപരിതല ജംഗ്ഷനുകളാക്കി മാറ്റിക്കൊണ്ട് അല്‍ മനാമ സ്ട്രീറ്റിന്‍റെ ശേഷി വർദ്ധിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമായി നടന്നു. നാദ് അൽ ഹമർ സ്ട്രീറ്റുമായുള്ള ജംഗ്ഷൻ വരെ ഓരോ ദിശയിലും ട്രാഫിക് പാതകളുടെ എണ്ണം നാലായി വർധിപ്പിക്കുന്നതും ഏദൻ സ്ട്രീറ്റിലെ ഒട്ടേറെ ട്രാഫിക് പാതകൾ മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ റോഡിന്‍റെ ശേഷി രണ്ട് ദിശകളിലേക്കും മണിക്കൂറിൽ 16,000 വാഹനങ്ങളാക്കി ഉയർത്തി. ഇത് കാലതാമസം കുറുച്ച് ഗതാഗത ശേഷി ഉയർത്തി.

നാദ് അൽ-ഹമർ സ്ട്രീറ്റിൽ നിന്ന് അൽ-മനാമ സ്ട്രീറ്റിന്‍റെ കവലയിലെ റൗണ്ട് എബൗട്ടിനെ സിഗ്നലൈസ്ഡ് ജംഗ്‌ഷനായി നവീകരിച്ചു. എല്ലാ ദിശകളിലേക്കും ഇടത് തിരിവുകൾക്കായി രണ്ട് പാതകളും വലത് തിരിവുകൾക്കായി പാതയുണ്ടാക്കുകയും ചെയ്തു. ഇതോടെ ഗതാഗതം കൂടുതല്‍ സുഗമമായെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in